മണിക്കടവുകാരൻ Download Androrid App

ഓർമ്മകളുടെ നാൾ വഴികളിൽ മണിക്കടവ്

Date : 15/09/2021

മണിക്കടവ് ഗ്രൗണ്ട് സംരക്ഷണ സമിതി അവതരിപ്പിക്കുന്നമറവിയുടെ വാക്മികങ്ങളിൽ സൗകര്യപൂർവം അഭിരമിക്കുന്നവർക്കൊരു ഓർമ്മപ്പെടുത്തൽ...ഉണർന്നിട്ടും ഉണരാതെ ഉറക്കം നടിക്കുന്നവർക്കൊരു ഉണർത്തു പാട്ട്.ഓർമ്മകളുടെ നാൾ വഴികളിൽ മണിക്കടവ്.



https://youtu.be/-2_xqEsZ5Ck

 നമ്മുടെ നാടിൻറെ പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള ഒന്നാണല്ലോ നമ്മുടെ യു പി സ്കൂളും അതിന്റെ തിലകക്കുറി ആയി നിൽക്കുന്ന ഗ്രൗണ്ടും. ദീർഘദർശികളായ നമ്മുടെ പിതാക്കന്മാരുടെയും, മുൻവികാരിമാരുടെയും പ്രയത്നഫലമായി, പട്ടിണി കിടന്നും, കഠിനാധ്വാനം ചെയ്തും, നമ്മൾ നിർമ്മിച്ച് സംരക്ഷിച്ചുപോന്ന സ്കൂൾ ഗ്രൗണ്ട് നമ്മുടെ കുട്ടികളുടെ കാലാ കായിക വളർച്ചക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.മണിക്കടവ് ഇടവകയുടെ ആദ്യ വികാരിയായിരുന്ന ഫാദർ ജേക്കബ് നെടുമ്പള്ളി അച്ചൻ അടക്കമുള്ള ഇടവക വികാരിമാരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും അർപ്പണ മനോഭാവവുo ഇതോടൊപ്പം തന്നെ എടുത്ത് പറയേണ്ടതുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ കുട്ടികൾ ദേശീയ അന്തർദേശീയ കായിക മേളകളിൽ വരെ ശ്രദ്ധിക്കപ്പെടുന്നതും കിരീടങ്ങൾ നേടുന്നതും വഴി കൂടുതൽ കുട്ടികൾക്ക് സ്പോർട്സ് ക്വാട്ട വഴി ശോഭനമായ ഭാവിക്കാണ് വഴി തെളിയുന്നത് . മാത്രമല്ല കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാനും ഇതുവഴി നമുക്ക് കഴിഞ്ഞു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, ചില തന്നിഷ്ടക്കാരുടെയും, സ്ഥാപിതതാൽപര്യക്കാരുടെയും നേതൃത്വത്തിൽ, പൊതുയോഗ തീരുമാനം വരെ അട്ടിമറിച്ചുകൊണ്ട്, പൊതുവികാരത്തിനെത്തിരായി കച്ചവട താല്പര്യത്തോടെ നമ്മുടെ നാടിൻറെ പൊതു സ്വത്തായ യു പി സ്കൂൾ ഗ്രൗണ്ട് വെട്ടിമുറിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. യു.പി സ്കൂൾ പണിയുമ്പോഴും, ഹൈസ്കൂൾ പണിയുമ്പോഴും, ഈ രണ്ട് സ്കൂളിന്റെയും ഗ്രൗണ്ടുകൾ നിർമ്മിക്കുമ്പോഴും നമ്മുടെ ഇടവകയിലെ ജനങ്ങൾ അഹോരാത്രം കഷ്ടപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം തന്നെ ഒരു നാടിന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നാണ് മനോഹരമായ സകൂൾ ഗ്രൗണ്ടുകൾ. ഇന്ന് മണിക്കടവിന്റെ ഏറ്റവും മഹത്തായ ഒരു നേട്ടമാണ് (മണിക്കടവിൻ്റെ സ്വകാര്യ അഹങ്കാരം എന്ന് വേണമെങ്കിൽ പറയാം) നമുക്ക് സാമാന്യം വിസ്തൃതിയുള്ള ഒരു ഗ്രൗണ്ട് ഉണ്ട് എന്നുള്ളത്.ഉളിക്കൽ പഞ്ചായത്തിൽ ഇത്തരത്തിലുള്ള മറ്റൊരു ഗ്രൗണ്ട് ഇല്ലഎന്നതും വസ്തുതയാണ്. പുതിയ യു.പി.സ്കൂൾ കെട്ടിടം പണിയുമ്പോഴും ഹയർ സെക്കന്ററി കെട്ടിടം പണിയുമ്പോഴും അതിന് മുൻഭാഗത്തുള്ള ഗ്രൗണ്ട് വികസിപ്പിച്ചെടുക്കുക എന്നതും ഒരു ലക്ഷ്യമായിരുന്നു (അത് ഇതുവരെയും നടപ്പിലായിട്ടില്ല എങ്കിലും). നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്കും കുട്ടികൾക്കും വരുംതലമുറകൾക്കും കായിക രംഗത്ത് മികവ് തെളിയിക്കാനും, ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും ഏറ്റവും അത്യാവശ്യമായ ഒരു ഭൗതിക ഘടകമാണ് നമ്മുടെ ഇപ്പോഴുള്ള ഗ്രൗണ്ട്. നമ്മുടെ സമീപ പ്രദേശമായ ചന്ദനക്കാംപാറയിൽ നിന്ന് മാത്രം കായികരംഗത്തിലൂടെ ഏകദേശം 242ഓളം കുട്ടികൾ വിവിധ സർക്കാർ സർവ്വീസുകളിൽ എത്തിപ്പെട്ടു. അതിനടുത്ത സ്ഥലമായ പൈസക്കരിയിലും പേരാവൂരും, കിളിയന്തറയിലും, എടൂരിലും, അങ്ങാടിക്കടവിലുമെല്ലാം മനോഹരവും വിസ്തൃതവുമായ ഗ്രൗണ്ടുകളുണ്ട്. പുതുതലമുറ വഴി തെറ്റിപ്പോകാതിരിക്കാൻ, അവരുടെ വ്യക്തിത്വവികസനവും സാമൂഹിക സഹകരണവും ഉറപ്പാക്കി, അവരെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാൻ, കായികരംഗം അത്യാവശ്യമാണ്. അതിന് നമുക്ക് ഇപ്പോൾ ഏറ്റവും അനിവാര്യമായ കാര്യം നമ്മുടെ ഇപ്പോഴുള്ള ഗ്രൗണ്ട് അതേപോലെ തന്നെ സംരക്ഷിക്കുക എന്നതാണ്. നിർഭാഗ്യവശാൽ കഴിഞ്ഞ കാലങ്ങളിൽ കായികരംഗത്ത് നമുക്ക് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാനായില്ല. എന്നാൽ നല്ല കായികശേഷിയും കഴിവുകളും ഉള്ള നമ്മുടെ കുട്ടികൾ അടുത്ത കാലത്ത് അവരുടെ കഴിവ് ഈ മേഖലയിൽ തെളിയിക്കുന്നുണ്ട്. അത് കൂടാതെ നമുക്കുള്ള ഗ്രൗണ്ട് സൗകര്യങ്ങൾ, സമർപ്പണ മനോഭാവം ഉള്ള നമ്മുടെ കായിക അധ്യാപകരുടെ സഹായത്തോടെ അവർ നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. അത് ഒരു വലിയ കാര്യമാണ്.വരും നാളുകളിൽ കൂട്ടായ പരിശ്രമത്തിലൂടെ ഇതിലേയ്ക്കുള്ള പ്രാതിനിധ്യം കൂട്ടിക്കൊണ്ടു വരാൻ നമുക്ക് കഴിയും. അങ്ങനെ നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമാകട്ടെ. എന്നാൽ ഇതിന്റെയെല്ലാം കടയ്ക്കൽ കത്തിവയ്ക്കുന്ന ഒരു തീരുമാനം അടുത്ത കാലത്തുണ്ടായിട്ടുണ്ട്. അതായത് 44 വർഷം മുൻപ് പണികഴിപ്പിച്ച നമ്മുടെ ഹൈസ്കൂൾ കെട്ടിടം കാലപ്പഴക്കം മൂലം പുതുക്കിപ്പണിയാൻ സമയമായി.ഇത് പണിയുന്നതിനായി കണ്ടെത്തിയിരിക്കുന്നത് നമ്മുടെ യു- പി.സ്കൂൾ ഗ്രൗണ്ടും കൂടി ഉൾപ്പെട്ട സ്ഥലമാണ്. യു.പി.സ്കൂൾ ഗ്രൗണ്ടിന്റെ കിഴക്കുഭാഗത്ത് പുതിയ കെട്ടിടം പണിയുന്നതിനായി ആദ്യമെതന്നെ ശ്രമം നടന്നിരുന്നു. ഇടവകയിലെ പാരിഷ് കൗൺസിൽ പോലും അറിയാതെ, സ്ഥലം തീരുമാനിക്കുകയും, കെട്ടിട നിർമ്മാണത്തിനായി പ്രാഥമിക സർവ്വെ വരെ ചിലരുടെ ഒത്താശയോടെ രഹസ്യമായി നടത്തുകയും ചെയ്തു. അതിനു ശേഷം, വളരെ തിടുക്കത്തിൽ പൊതുയോഗം വിളിച്ച് ഇത് പാസാക്കാൻ ശ്രമിച്ചു. എന്നാൽ വിവിധ രീതിയിൽ വിവരങ്ങൾ അറിഞ്ഞ നമ്മുടെ ഇടവകയിലെ നല്ലവരായ ജനങ്ങൾ പൊതുയോഗത്തിൽ ഈ തീരുമാനത്തെ എതിർത്തു. ഈ കെട്ടിടം ഗ്രൗണ്ടിൽ പണിയുന്നതിനായി മാനേജ്മെന്റ് പറയുന്ന ന്യായങ്ങൾ ഇവയാണ്.

1) ഭാവിയിൽ ഹൈസ്കൂൾ മാറി ഹയർ സെക്കന്ററി എന്ന ഒറ്റപ്പേരിലാകും നമ്മുടെ സെക്കൻ്ററി സ്കൂൾ അറിയപ്പെടുക. അപ്പോൾ ഹയർ സെക്കന്ററിയോട് ചേർന്ന് വേണം ഹൈസ്കൂൾ നിർമ്മിക്കാ

 2) നമുക്ക് യു.പി.സ്കൂളും ഹയർ സെക്കന്ററിയും ഇരിക്കുന്ന സ്ഥലം മാത്രമേ സകൂളുകൾക്കായി നീക്കിവച്ചിട്ടുള്ളു. ഇപ്പോൾ ഹൈസ്കൂൾ ഇരിക്കുന്ന സ്ഥലം പള്ളിയുടേതാണ്.

3) ഭാവിയിൽ പുതിയ പള്ളി പണിയുമ്പോൾ താഴോട്ട് ഇറക്കി പണിയണം അപ്പോൾ ഹൈസ്കൂൾ അതിന് തടസ്സമാകും

 4) പാരിഷ്ഹാൾ പണിയാനും, അച്ചൻമാരുടെ താമസ സ്ഥലം ( പള്ളി മുറി) പണിയാനും സ്ഥലം വേണം.

5) പിന്നീട് ഉണ്ടായേക്കാവുന്ന കേന്ദ്ര ഗവൺമെന്റ് നിയമം മൂലം നമ്മുടെ സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും. അപ്പോൾ അധികം സ്ഥലം നഷ്ടപ്പെടാതെ നോക്കണം. ഭാവിയിൽ പള്ളി പണിയുമ്പോൾ അത് താഴേക്ക് ഇറക്കിപ്പണിയണമെന്നത് എവിടുന്നു വന്ന തീരുമാനമാണ് എന്നറിയില്ല. അതുപോലെ കേന്ദ്രഗവൺമെന്റ് സ്കൂളും സ്ഥലവും കൊണ്ടുപോകും എന്നൊക്കെയുള്ള കാര്യങ്ങൾ എവിടുന്ന് കിട്ടിയ വിവരമാണന്നും അറിയില്ല. അങ്ങിനെ നിയമം കൊണ്ടു വന്നാൽ നമ്മുടെ സഭയുടെ സ്വത്തുക്കളിൽ മേലും നിയന്ത്രണമാകില്ലേ? അപ്പോൾ എന്തിന് സ്കൂളിന്റെ സ്ഥലത്തേയോർത്ത് ഇത്രയേറെ ആശങ്കപ്പെടുന്നു? ഈ നിയമം വന്നാൽ രാജ്യത്തൊന്നാകെയല്ലേ വരുന്നത്. അപ്പോൾ മണിക്കടവിലെ ഹൈസ്കൂളിന്റെറ സ്ഥലം മാത്രം പിടിച്ച് മാറ്റി വച്ചിട്ടെന്തു കാര്യം? ഹയർ സെക്കന്ററിയും ഹൈസ്കൂളും ഒന്നാകണമെന്ന വാദം മുഖവിലക്കെടുത്താൽ തന്നെ, അതിനും പോംവഴിയുണ്ട്. നിലവിൽ ഹയർ സെക്കന്ററിയും യു.പി.സ്കൂളും അടുത്തടുത്താണ്. അതിനാൽ യു.പി.സ്കൂൾ ഹൈസ്കൂളാക്കി വിട്ടുകൊടുത്ത് പുതിയതായി പണിയുന്ന കെട്ടിടം യു. പി. സ്കൂൾ ആക്കിയാൽ മതി. ഏതായാലും യു.പി.സ്കൂൾ വേറെ സ്ഥാപനമായി മാത്രമേ നിലനില്ക്കൂ. ഇതെല്ലാം ഒറ്റ മാനേജ്മെന്റിന്റെ കീഴിലായതുകൊണ്ട് യു.പി.സ്കൂൾ ഹൈസ്കൂളായി വിട്ടുകൊടുക്കുന്നതിനും, പുതിയതായി പണിയുന്ന കെട്ടിടം യു.പി.സ്കൂൾ ആക്കുന്നതിനും നിയമതടസ്സമില്ലതാനും. യു.പി.സ്കൂൾ കെട്ടിടം പണിയുന്ന സമയത്തും, ഹയർ സെക്കൻററി അതിനോട് ചേർന്ന് പണിയുന്ന സമയത്തും ഇങ്ങനെ ഒരു ധാരണയുണ്ടായിരുന്നു എന്നാണ് മനസ്സിലായിട്ടുള്ളത്. ഇനി, പള്ളിയുടെ മുൻഭാഗത്തുള്ള, ഇപ്പോൾ ഹൈസ്കൂൾ മെയിൻ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം പള്ളിക്ക് ഒഴിപ്പിച്ചെടുക്കണം എന്നതാണ് ഇതിന് പിന്നിലുള്ള കാരണം എങ്കിൽ, ഇപ്പോഴത്തെ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് പുതിയ കെട്ടിടം പണിതിട്ട് അത് യു.പി.സ്കൂളാക്കിയാൽ പോരെ? എന്നാൽ പുതിയ സ്കൂൾ കെട്ടിടം യു പി സ്കൂൾ ഗ്രൗണ്ടിൽ പണിയുന്നതിന് പിന്നിൽ വേറെ ലക്ഷ്യങ്ങളാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും ഗ്രൗണ്ടും ഭാവിയിൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നതാണത്. അതുപോലെ തന്നെ വികാരിയച്ചൻ പൊതുയോഗത്തിൽ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് നമ്മൾ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോൾ ലഭിച്ച സ്കൂളിൻ്റെ സ്ഥലം സംബന്ധിച്ച രേഖകളിൽ പറയുന്നത്. എല്ലാ സ്കൂൾ കെട്ടിടങ്ങളും ഒരു പെട്ടി പോലെ ഒരു സ്ഥലത്തായാക്കിയാൽ അവിടെ പഠനപ്രവർത്തനങ്ങൾ മൊത്തം താറുമാറാകും. എന്നെന്നേയ്ക്കുമായി നമ്മുടെ ഗ്രൗണ്ടും പോകും. ഭാവിയിൽ ഹയർ സെക്കന്ററിയ്ക്ക് ഒരോ ബാച്ചും കൂടി അനുവദിക്കുക കൂടി ചെയ്താൽ അതിനുള്ള കെട്ടിടവും പണിയുന്നതിന് ഗ്രൗണ്ടിൽ മിച്ചം വരുന്ന ഭാഗമല്ലാതെ വേറെ സ്ഥലം ഉണ്ടാവില്ല. യു.പി.സ്കൂളിന് ആവശ്യമായ സൗകര്യം ഇപ്പോൾ തന്നെയില്ല. ഓഡിറ്റോറിയത്തിലാണ് നാല് ക്ലാസ്സുകൾ നടക്കുന്നത്. പിന്നീട് എട്ടാം ക്ലാസ്സ് യു.പി.സ്കൂളിന്റെ ഭാഗമായാൽ യു.പി.സ്കൂളിന് വീണ്ടും കെട്ടിടം പണിയണം.അതും ഗ്രൗണ്ടിൽ പണിയേണ്ടി വരും. അപ്പോൾ മനോഹരമായ നമ്മുടെ യു.പി.സ്കൂൾ ഗ്രൗണ്ട് വെറുമൊരു ഓർമ്മ മാത്രമായി മാറും. അതുകൊണ്ട്,നമ്മുടെ പൂർവ്വികരുടെ കാലം മുതൽ നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയ നമ്മുടെ സ്കൂൾ ഗ്രൗണ്ട് സംരക്ഷിക്കാൻ ഇടവകക്കാരായ നാം ഒന്നായി മുന്നോട്ട് വന്നേ പറ്റൂ . അല്ലാത്തപക്ഷം വരുംതലമുറകളോട് നന്മൾ ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും അത് എന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തട്ടെ. എന്ന് യു.പി.സ്കൂൾ ഗ്രൗണ്ട് സംരക്ഷണ സമിതി


ഹൈ സ്കൂൾ കെട്ടിട നിർമാണം(പോൾ)




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com