സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആകാതെ അവൾ സ്വയം ശരീരത്തിൽ നുള്ളി നോക്കി . ശരീരം വേദനിക്കുന്നുണ്ട് , സത്യമാണീ കാണുന്നതെല്ലാം . ഹാലോ ...ഇവിടെ... ഇവിടെ ..! മഹേഷ് കൃഷ്ണ എന്ന പ്രിയ നടൻ ചാന്ദ്നിയെ ഉണർത്തി . സ്‌ക്രീനിൽ മാത്രം കണ്ടിട്ടുള്ള തന്റെ സ്വപ്ന പുരുഷൻ മഹേഷ് കൃഷ്ണ എന്ന മഹാ നടൻ തന്നെയാണോ തന്റെ മുന്നിൽ നിന്ന് പുഞ്ചിരിക്കുന്നത് ..? എന്തിനാണ് കാണണമെന്ന് പറഞ്ഞത് ..? തന്നെ കണ്ടുസ്ഥലകാല ബോധം നഷ്ട്ടപ്പെട്ടു നിൽക്കുന്ന ചാന്ദ്നിയോട് മഹേഷ് കൃഷ്ണ ചോദിച്ചു . അത്... അത് പിന്നെ സാർ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന നടൻ സാർ ആണ് . ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കാണും എന്ന് കരുതിയതല്ല . ഞാൻ ഒന്ന്.. രണ്ടു സിനിമകളിൽ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട് . സാറിന്റെ അടുത്ത സിനിമകളിൽ എനിക്കൊരു വേഷം വാങ്ങിത്തരാമോ ...? ചാന്ദ്നി ഒറ്റ ശ്വാസത്തിൽ ആവശ്യം അവതരിപ്പിച്ചു . " ഞാൻ കാസ്റ്റിംഗ് ഒന്നും ശ്രദ്ധിക്കാറില്ല.. അതെല്ലാം ഡയറക്ടറുടെ മാത്രം തീരുമാനം ആണ് . ഏതായാലും ഞാൻ ഡയറക്ടറോട് ഒന്ന് പറഞ്ഞു നോക്കാം .. ബാക്കിയെല്ലാം അദ്ദേഹം ആണ് തീരുമാനിക്കേണ്ടത് . താങ്ക് യൂ സാർ ,,.. ഞാൻ സാറിനൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ ..? ചാന്ദ്നി വിനയപൂർവ്വം ചോദിച്ചു . ഓഹ് .. അതിനെന്താ ...? മഹേഷ് കൃഷ്ണ ചാന്ദ്നിക്കൊപ്പം ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുമ്പോൾ അവൾ വലംകൈ കൊണ്ട് അയാളെ വട്ടം ചുറ്റിപ്പിടിച്ചു . അയാളുടെ അനുവാദം ഇല്ലാതെ തന്നെ .. സാർ ഇപ്പോഴും ഇതെനിക്ക് സ്വപ്നമാണോ , സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല .. ഞാൻ ഒന്ന് സാറിനെ ഹഗ്ഗ് ചെയ്തോട്ടെ ..? വീണ്ടും വളരെ വിനീതയായി ചാന്ദ്നി ചോദിച്ചു . ഓഹ് അതിനെന്താ ..? അയാൾ കൈകൾ അവൾക്കായി വിരിച്ച് പിടിച്ചു കൊണ്ട് പറഞ്ഞു . അവൾ ആ കൈകൾക്കുള്ളിൽ വീണ് അയാളുടെ ശരീരത്തിൽ വട്ടം ചുറ്റി . ക്യാമറ കണ്ണുകളുടെ ക്ലിക് ശബ്ദങ്ങളും, ഫ്ലാഷുകളും എവിടെ നിന്നെല്ലാമോ മിന്നി കേട്ടു . തിരികെ നടക്കുമ്പോഴും കണ്ടു കൊതി തീരാത്തവളെപ്പോലെ ചാന്ദ്നി മഹേഷ് കൃഷ്ണയെ തിരിഞ്ഞു നോക്കി . അന്ന് രാത്രി ..! അടുത്ത സിനിമയുടെ ഡിസ്‌കഷനും, കഥ പറച്ചിലും കഴിഞ് സംവിധായകനും, നിർമ്മാതാവും മഹേഷ് കൃഷ്ണയുടെ ഹോട്ടൽ റൂമിൽ നിന്ന് പിരിഞ്ഞ സമയം . പകൽ ചൂട് ഏറെ ഏറ്റതിന്റെ ക്ഷീണത്താൽ നേരത്തെ ഉറങ്ങണമെന്നു കരുതുമ്പോൾ വീണ്ടും ഡോർബെൽ ശബ്‌ദിക്കുന്നത് കേട്ട് അയാൾ വാതിൽ തുറന്നു . മുന്നിൽ പകൽ കണ്ട അതെ പെൺകുട്ടി .. സാർ .. ഞാൻ ചാന്ദ്നി.. സാർ ഓർക്കുന്നുണ്ടോ ..? പകൽ സാറിനൊപ്പം ഫോട്ടോ എടുത്ത എന്നെ ..? ചാന്ദ്നി ഓര്മപ്പെടുത്തിക്കൊണ്ടു ചോദിച്ചു . ഓഹ് ഓർക്കുന്നുണ്ട് .. സിനിമയിൽ അവസരം ചോദിച്ച ആൾ അല്ലെ ..? ഞാൻ ഡയറക്ടറോട് പറഞ്ഞിരുന്നു . അയാൾ ഓർത്തെടുത്ത് പറഞ്ഞു . സാർ വിരോധമില്ലെങ്കിൽ ഞാൻ അകത്തോട്ടു വന്നോട്ടെ ...? ചാന്ദ്നി വിനയത്തിൽ ചോദിച്ചു . ഞാൻ ഉറങ്ങേണ്ട സമയം ആയിരുന്നു . എന്താ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ ..? മഹേഷ് കൃഷ്ണ ചോദിച്ചു . ഉണ്ട് സാർ ... എനിക്കൊരു കാര്യം സാറിനോട് മാത്രമായി സംസാരിക്കാൻ ഉണ്ട് .. ശരി അകത്തോട്ടു പോന്നോളൂ .. ചാന്ദ്നി അതീവ സന്തോഷത്തിൽ അയാളുടെ റൂമിൽ കയറി ഡോർ അടച്ചു . റൂമിനകത്തെ സിറ്റിംഗ് ഏരിയയിലെ ചെയറുകളിൽ ഒന്ന് കാട്ടി കൊടുത്ത് കൊണ്ട് ചാന്ദ്നിയോട് ഇരിക്കാൻ അയാൾ ആവശ്യപ്പെട്ടു . ശേഷം കെറ്റിലിൽ വെള്ളമൊഴിച്ചു രണ്ടു കോഫി ഉണ്ടാക്കി അതിലൊരെണ്ണം അവൾക്കു നേരെ നീട്ടി കൊണ്ട് അയാൾ ചോദിച്ചു . പറയൂ .. ഈ ഒന്നുമല്ലാത്ത സമയത്ത് കുട്ടിക്ക് എന്താണ് എന്നോട് പറയാൻ ഉള്ളത് .. ? അത് സാർ .. പുറത്തു പറയുവാൻ കൊള്ളുന്നതാണോ എന്നെനിക്കറിയില്ല . ഞാൻ ഒരുപാട് ഒഡിഷനുകൾക്കു പോയിട്ടുണ്ട് സാർ .. എല്ലാത്തിനും സെലക്ഷനും കിട്ടിയിട്ടുണ്ട് . പക്ഷെ ഒടുക്കം ആകുമ്പോൾ മിക്കവരും ചില അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാകണം , മറ്റു ചിലർ നല്ല വേഷം കിട്ടാൻ പണം കൊടുക്കണം എന്നൊക്കെ ആവശ്യപ്പെടുകയാണ് സാർ .. ശരിക്കിനും ഇത്തരം അഡ്ജസ്റ്മെന്റുകൾ ആണോ സാർ ഒരു നായികയ്ക്ക് വേണ്ട മാനദണ്ഡം ...? ചാന്ദ്നി വിഷമത്തോടെ പറയുന്നത് അയാൾ കേട്ടിരുന്നു . സാർ എനിക്കെന്താ സാർ നായിക ആകാനുള്ള യോഗ്യത ഇല്ലേ സാർ ..? സാറിന്റെ അടുത്ത പടത്തിൽ എന്നെ നായികയായി പരിഗണിക്കാമോ ...? പെട്ടെന്നുള്ള അവളുടെ ചോദ്യം മഹേഷ് കൃഷ്ണയെ അൽപ്പമൊന്ന് ചൊടിപ്പിച്ചു . "ഞാൻ പറഞ്ഞില്ലേ കുട്ടീ .. ഞാൻ എന്റെ ഒരു സിനിമയുടെയും കാസ്റ്റിംഗിൽ ഇടപെടാറില്ല .. അതെല്ലാം അതാത് സിനിമകളുടെ സംവിധായകർ ആണ് നോക്കുന്നത് .. ഒരു സംവിധായകന്റെ സങ്കൽപ്പത്തിലെ കഥാപാത്രങ്ങൾ ആണ് ഞാൻ അടക്കമുള്ള ഓരോ നടീ നടന്മാരും, ചാന്ദ്നിയുടെ അവസരത്തിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട് .. അവർ അവരുടെ സങ്കൽപ്പത്തിലെ നായിക കഥാപാത്രത്തിന് കുട്ടിയുമായി സാമ്യം ഉണ്ടെങ്കിൽ മാത്രമേ ആ റോൾ കിട്ടൂ .. അതിൽ കൂടുതൽ ഒന്നും എനിക്ക് ചെയ്യുവാൻ കഴിയില്ല ." അയാൾ തുറന്നു പറഞ്ഞു . സാരമില്ല സാർ .. സാറിനോട് ഇത്രെയെങ്കിലും സംസാരിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം .. വീണ്ടും ചാന്ദ്നി എന്തൊക്കെയോ കാര്യങ്ങൾ പറയുവാൻ തുടങ്ങിയപ്പോൾ അയാൾ അവളെ എതിർത്തു . നോക്കൂ കുട്ടീ .. ഇപ്പോൾ തന്നെ സമയം ഏറെ വൈകി . നാളെ വെളുപ്പിന് ഷൂട്ട് തുടങ്ങുന്നതാണ് .. സോറി സാർ ... ഈ സമയത്ത് വന്നു സാറിനെ ശല്യപ്പെടുത്തിയതിന് . അവൾ ഗുഡ് നൈറ്റ് പറഞ്ഞു പിരിഞ്ഞു . പിറ്റേന്നും മഹേഷ് കൃഷ്ണ ചാന്ദ്നിയെ കണ്ടു . അയാൾ സംവിധായകനോട് അവളെക്കുറിച്ചു പറഞ്ഞിട്ടും സംവിധായകന് ചാന്ദ്നിയെ ഒട്ടും ബോധിച്ചില്ല . അയാളുടെ സങ്കൽപ്പത്തിലെ നായികയ്ക്ക് ചാന്ദ്നിയുടെ രൂപമോ , ഭാവമോ ആയിരുന്നില്ല .. ചെറിയ വേഷം കൊടുക്കാമെന്ന് വച്ചാൽ പോലും ചാന്ദ്നിയുടെ നിർവികാര ഭാവങ്ങൾ സംവിധായകന് ബോധിച്ചില്ല . അടുത്ത ദിവസങ്ങളിൽ എല്ലാം ചാന്ദ്നി ലൊക്കേഷനിൽ ചുറ്റിക്കറങ്ങുന്നത് മഹേഷ് കൃഷ്ണ ശ്രദ്ധിക്കാതിരുന്നില്ല . അയാൾ നായികക്കൊപ്പമുള്ള പ്രണയ രംഗങ്ങൾ അഭിനയിക്കുന്നത് ചാന്ദ്നി അസൂയയോടെ നോക്കുന്നത് അയാൾ കണ്ടു . ദിവസങ്ങൾ കഴിഞ്ഞു . മലയാള സിനിമ പ്രവർത്തകരുടെ പീഡന കഥകൾ ഓരോന്നായി പുറത്ത് വരുന്ന സമയം . ഞെട്ടലോടെ ആണ് മഹേഷ് കൃഷ്ണ ആ വാർത്ത അറിഞ്ഞത് . ലൊക്കേഷനിൽ സഹ സംവിധായകരിൽ ഒരാൾ അയാളുടെ മൊബൈലിൽ മഹേഷ് കൃഷ്ണയെ ആ വാർത്ത കാണിച്ചു . നടൻ മഹേഷ് കൃഷ്ണ തന്നെ പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ് ചാന്ദ്നി.!!! ചാന്ദ്നി മീഡിയക്കാരോട് പറഞ്ഞ ദിവസവും , സ്ഥലവും , സാഹചര്യവും മഹേഷ് കൃഷ്ണ ഓർത്തെടുത്തു . അവൾ ഹോട്ടൽ റൂമിൽ അസമയത്ത് തന്നെ കാണാൻ വന്ന ദിവസം തന്നെ . ഹോട്ടലിലെ രജിസ്റ്ററിലെ വിസിറ്റേഴ്‌സ് ലിസ്റ്റിലും , സി . സി .ടി . വി ക്യാമറകളിലും തെളിവെല്ലാം അവൾക്ക് അനുകൂലമായി . പിറ്റേന്നത്തെ പത്രങ്ങളുടെ മുൻപേജുകളിൽ ചാന്ദ്നിയെ വട്ടം കെട്ടിപ്പിടിച്ചു നിൽക്കുന്ന മഹേഷ് കൃഷ്ണന്റെ വലിയ ചിത്രങ്ങൾ ഇടം പിടിച്ചു . വിവാഹം കഴിക്കുന്ന സ്ത്രീയെ അല്ലാതെ മറ്റൊരു സ്ത്രീയോടും തന്റെ ശരീരം പങ്കിടില്ലെന്ന ഉറവച്ച തീരുമാനത്തിൽ നാളിതു വരെ നിലകൊണ്ട മഹേഷ് കൃഷ്ണ എന്ന നടന്റെ പേരിൽ സ്ത്രീപീഡനത്തിന് പോലീസ് കേസെടുത്തു . ചാന്ദ്നി ഇന്ന് തിരക്കും , വരുമാനവും ഉള്ളൊരു യൂ ട്യൂബർ ആണ് ... ( ശുഭം )
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login