മണിക്കടവുകാരൻ Download Androrid App

സർക്കാർ ആശുപത്രി- തല്ലിക്കൊഴിക്കപ്പെട്ട മോഹപുഷ്പം

Date : 24/06/2024

 അലോപ്പതി ആശുപത്രികൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഒരു സർക്കാർ ആശുപത്രി അനുവദിക്കാൻ അച്യുതമേനോൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാന സർക്കാർ അക്കാലത്ത് തീരുമാനമെടുത്തു. ആവശ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തി സൗജന്യമായി സർക്കാരിന് കൈമാറണമായിരുന്നു. അന്ന് മണിക്കടവ് ഉൾപ്പെടുന്ന ഇന്നത്തെ ഉളിക്കൽ പഞ്ചായത്തു പരിധിയിൽ വരുന്ന പ്രദേശങ്ങൾ പടിയൂർ- കല്യാട് പഞ്ചായത്തിൻ്റെ ഭാഗമായിരുന്നു. കോൺഗ്രസ് പാർട്ടിക്കാരനായിരുന്ന വർഗീസ് വട്ടോളി ആയിരുന്നു മണിക്കടവിൽ നിന്നുള്ള അന്നത്തെ പഞ്ചായത്ത് മെമ്പർ. മണിക്കടവിന്റെ സവിശേഷ സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആശുപത്രി മണിക്കടവിൽ വേണമെന്ന് അദ്ദേഹം ആവശ്യമുന്നയിച്ചു. ആവശ്യമായത്ര സ്ഥലം കണ്ടെത്തി സൗജന്യമായി കൈമാറാമെന്ന ഉറപ്പും അദ്ദേഹം പഞ്ചായത്ത് ഭരണസമിതിക്ക് നൽകി. മാർക്സ‌ിസ്റ്റ് പാർട്ടിക്ക് അന്ന് ബാലികേറാമലയായിരുന്നു മണിക്കടവ്. എങ്കിലും അവർക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന പഞ്ചായത്ത് ഭരണ സമിതി മണിക്കടവിന്റെ ആവശ്യം അംഗീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മണിക്കടവിൽ ആരംഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായി പാസാക്കുകയും ചെയ്‌തു. പക്ഷേ ഉളിക്കൽ മണ്ഡലം കോൺഗ്രസ് (ഐ) കമ്മറ്റി എതിർനിലപാട് എടുത്തു. തുടർന്ന് മണിക്കടവ് ഒഴികെ ഏതെങ്കിലും സ്ഥലം മണിക്കടവുകാർ നിർദ്ദേശിച്ചാൽ അവിടെ ആശുപത്രി സ്ഥാപിക്കാമെന്ന നിലപാടിലായി സ്ഥലം എം. എൽ.എ. ആയിരുന്ന സി.പി. ഗോവിന്ദന്ദൻ നമ്പ്യാർ. തങ്ങളുടെ നാട്ടിൽ തന്നെ ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അടുത്ത് നിവേദനവുമായി എത്തിയ മണിക്കടവുകാരോട് തന്റെ നിലപാട് അദ്ദേഹം തുറന്നടിച്ചു. മണിക്കടവിന് ഒരു സർക്കാർ ആശുപ്രതിയെന്ന മോഹം അതോടെ പൊലിഞ്ഞു.മണിക്കടവിലെ കോൺഗ്രസ് (ഐക്കാർ കണ്ണൂർ ജില്ലാ കോൺഗ്രസ് (ഐ) കമ്മറ്റി ഓഫീസ് പിക്കറ്റു ചെയ്യുന്നിടംവരെയെത്തി കാര്യങ്ങൾ. അതുകൊണ്ടൊന്നും തങ്ങൾക്കനുകൂലമായി കോൺഗ്രസിൻ്റെ മണ്ഡലം, ജില്ലാ നേതൃത്വങ്ങളുടെയോ എം.എൽ.എയുടെയോ നിലപാടു മാറ്റിയെടുക്കാൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കും നേതൃത്വത്തിനുമായില്ല. തീരുമാനം അവസാനം പുറവയലിന് അനുകൂലമായി. മണിക്കടവിന്റെ അവകാശവാദത്തിനെതിരെ ഉളിക്കൽ മണ്ഡലം കോൺഗ്രസ് (ഐ) കമ്മറ്റിയുടെ പേരിൽ അടിച്ചിറക്കിയ നോട്ടീസിൻ്റെ ആദ്യ വാചകത്തിൽ മണിക്കടവിനു തന്ന വിശേഷണം അന്നത്തെ തലമുറയിൽപ്പെട്ട പലരുടേയും മനസ്സിൽ കെടാത്ത കനലായി ഇന്നും അവശേഷിക്കുന്നു: 'മൈസൂർ ഫോറസ്റ്റിന്റെ നിതാന്ത മൂകതയിൽ മുകമായി കിടക്കുന്ന മണിക്കടവ്....'ഈ സംഭവത്തോടൊപ്പം ചേർത്ത് ഓർത്തിരിക്കേണ്ട മറ്റൊരു കാര്യം. മണിക്കടവ് ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം കാൽനൂറ്റാണ്ട് കാലം മാർക്സിസ്റ്റ് എം.എൽ.എ.മാരുടേത് ആയിരുന്നെങ്കിൽ തുടർന്നിങ്ങോട്ട് കോൺഗ്രസ് എം.എൽ.എ.മാരുടേതാണ്. കോൺഗ്രസ് പാർട്ടി പ്രതിനിധിയായി ഇവിടെ നിന്ന് ആദ്യമായി നിയമ സഭയിൽ എത്തിയ ആളായിരുന്നു പരേതനായ സി.പി.ഗോവിന്ദൻ നമ്പ്യാർ.-----എൻ്റെ ഗ്രാമം മണിക്കടവ്- ദേശകഥയ്ക്കു വേണ്ടി തയ്യാറാക്കിയ കുറിപ്പിൽ നിന്ന്.....ഇത് പഴയ കഥ. ആരെയും കുറ്റം വിധിക്കുന്നതിനല്ല. പ്രാദേശിക ചരിത്രത്തിൽ നിന്നും മാറ്റാനാകാത്ത ഒരു മോഹഭംഗത്തിൻ്റെ കഥയായി കണ്ടാൽ മതി. ഇന്ന് എന്ന പോലെ അന്നും മണിക്കടവിലെ കോൺഗ്രസ് പാർട്ടി ജനപക്ഷത്തു നിന്ന് പോരാടിയിരുന്നു.---


ജോൺ പരക്കാട്ടു 


Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp


Powered by DMG Bytes https:\\dmgbytes.com