പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയി ചന്തു നിയമിതനായിട്ട് അധികം നാൾ ആയിട്ടില്ല . ഒരാഴ്ച മുൻപ് നടന്ന ബാങ്ക് കവർച്ച കേസിലെ പ്രതികളെ പിടികൂടാനാകാതെ ജനങ്ങളോടും, മേലധികാരികളോടും എന്ത് ന്യായീകരണം പറയും എന്ന ആശങ്കക്കിടയിൽ ആണ് ആ സന്തോഷ വാർത്ത അറിഞ്ഞത് . ബാങ്ക് കവർച്ച കേസിലെ മുഖ്യ സൂത്രധാരൻ കള്ളൻ ഗോപൻ കീഴടങ്ങി എന്ന് . കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഗോപനെ പോലീസ് വാഹനത്തിൽ സ്റ്റേഷനിൽ എത്തിച്ചു . നാട്ടിലെ കുപ്രസിദ്ധനാണ് കള്ളൻ ഗോപൻ എങ്കിലും അയാളെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രമേ ചന്തുവിനുള്ളൂ . പോലീസുകാർക്ക് നടുവിൽ കൈവിലങ്ങുമായി വന്നു നിൽക്കുന്ന ഗോപനെ ചന്തു സൂക്ഷിച്ചു നോക്കി . ഗോപൻ ..!!! അല്ല ഗോപേട്ടൻ ...!!! ചന്തു മറക്കാനാകാത്ത ആ പേര് വീണ്ടും ഉരുവിട്ടു . തല താഴ്ത്തി നിൽക്കുന്ന ഗോപന്റെ മുന്നിൽ ചെന്ന് മുഖം തനിക്കു നേരെ നിവർത്തി ചന്തു ചോദിച്ചു .ഗോപൻ ... എന്റെ മുഖത്തേക്ക് നോക്കൂ ... എന്നെ ഓർമ്മയുണ്ടോ ..?കള്ളൻ ഗോപൻ ചന്തുവിനെ നോക്കാൻ കൂട്ടാക്കാതെ പറഞ്ഞൊഴിഞ്ഞു ."എനിക്കാരെയും ഓർമയില്ല സാറേ ..." ചന്തുവിനെ ഓർമ്മകൾ വർഷങ്ങൾക്കു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി . ജന്മനാട്ടിലെ പേരുകേട്ട തറവാട്ടിലെ വരാന്തയിൽ കൂടി നിൽക്കുന്ന ആളുകൾക്ക് മുൻപിൽ ഉപ്പുകല്ലിൽ മുട്ടുകുത്തി നിന്ന് വിതുമ്പുന്ന പത്തുവയസ്സുകാരൻ . വരാന്തയിൽ കൂടി നിൽക്കുന്ന ആളുകൾക്കിടയിൽ വെളുത്തു തടിച്ചൊരു സ്ത്രീ കയ്യിൽ പുളിമരത്തിന്റെ ശിഖിരം വെട്ടിയെടുത്തുണ്ടാക്കിയ വലിയ പത്തൽ വടി നീട്ടിക്കൊണ്ടു പത്തു വയസ്സുകാരനോട് അലറുന്നുണ്ട് . ചന്തൂ .. നീ സത്യം പറഞ്ഞോ ..? അല്ലെങ്കിൽ നിന്നെ കൊണ്ടു തല്ലിപറയിക്കാൻ എനിക്കറിയാം .. നീ ആ വളയെടുത്തിട്ട് എന്താ ചെയ്തത് . ..? ആർക്കെങ്കിലും വിറ്റോ ..? അല്ലെങ്കിൽ പിന്നെ വിൽക്കാൻ നീ അതെവിടെ എങ്കിലും ഒളിപ്പിച്ചു വച്ചോ ..? അല്ലെങ്കിൽ അത് നീ നിന്റെ തള്ളയെ ഏൽപ്പിച്ചോ ..? നീ അറിയാതെ അതെവിടെയും പോകില്ല ചന്തൂ ..!!! നീയും, നിന്റെ തള്ളയും മാത്രമേ എടുക്കൂ .. അതിങ്ങു തിരിച്ചു തന്നാൽ ഈ ഉപ്പുകല്ലിൽ നിന്ന് മുട്ട് പൊട്ടിക്കാതെ നിനക്ക് എണീറ്റ് പോകാം .." കുറച്ചു മാറി രണ്ടു കൊച്ചു പെണ്മക്കളെ ചേർത്ത് പിടിച്ചു.. വേദനയും, അപമാനവും സഹിക്കാനാകാതെ .. വിതുമ്പുന്ന പത്തുവയസ്സുകാരൻ മകൻ ചന്തുവിനെ നോക്കി ഹൃദയം പൊട്ടും വേദനയിൽ കരയുന്ന ഒരമ്മ ഇരിപ്പുണ്ടായിരുന്നു ..രമണി ..!! എല്ലാം കണ്ടും,കേട്ടും ഒരു വാക്കുപോലും പറയാൻ അനുവാദമില്ലാതെ നിസ്സഹായയായി.എത്ര അലറി ചോദിച്ചിട്ടും ഉപ്പുകല്ലിൽ മുട്ടുകുത്തി നിന്ന് വിതുമ്പുന്നതല്ലാതെ ഒന്നും പറയാത്ത ചന്തുവിനെ കണ്ടപ്പോൾ ആ സ്ത്രീയുടെ കോപം ഇരട്ടിച്ചു . അവർ കയ്യിൽ ഇരുന്ന പുളിക്കമ്പു കൊണ്ട് ചന്തുവിനെ തലങ്ങും , വിലങ്ങും തല്ലി . തല്ലുകൊണ്ട് വേദനയിൽ പുളഞ്ഞ ചന്തു മുട്ടിന്മേൽ നിന്ന് നിലത്തു വീണു . തറയിൽ നിരത്തിയ ഉപ്പുകല്ലിൽ കിടന്നുരുണ്ടുകൊണ്ടു അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു . "ഞാൻ എടുത്തിട്ടില്ല കൊച്ചമ്മേ ..!!! ഞാൻ എടുത്തിട്ടില്ല .. ഞാൻ ഒരിക്കലും എടുത്തില്ല ..എന്നെ തല്ലല്ലേ .. ഞാൻ ചത്തുപോകും .." മകനെ ഇത്രയും ക്രൂരമായിട്ടു മർദിക്കുന്നതു കണ്ട രമണി പെണ്മക്കളെ മാറ്റി നിർത്തി ഓടി വന്നു നിലത്തു കിടന്നുരുളുന്ന മകനെ വട്ടം പിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു . " എന്റെ മകൻ കള്ളനല്ല .. എന്റെ മക്കൾ അതെടുത്തിട്ടില്ല .. അവരതു ചെയ്യില്ല കൊച്ചമ്മേ .. ഇനി എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുതേ ..!!! ഞങ്ങൾ പോയ്‌ക്കൊള്ളാം .. ഇനി ഇങ്ങോട്ടു വരത്തില്ല .. ഞങ്ങളെ പോകാൻ അനുവദിച്ചാൽ മതി .."" നിങ്ങളെ വിടാനോ ..? നല്ല കാര്യമായിപ്പോയി .. ഏറെ മോഹിച്ചു വാങ്ങിയ വളയാ .. ഇട്ടു കൊതിപോലും തീരും മുൻപല്ലേ കട്ടത് . പോലീസിൽ അറിയിക്കും . അവർ വന്നു തള്ളയേയും, മക്കളെയും വേണ്ട രീതിയിൽ ചോദ്യം ചെയ്യുമ്പോൾ മണി മണി പോലെ പറഞ്ഞോളും അതുകൊണ്ടെന്താ ചെയ്തതെന്ന് . മകനെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് കാണും നീ .. "അലറികൂവി രമണിയോടായി പറഞ്ഞിട്ട് ചവുട്ടി തുള്ളി ആ സ്ത്രീ വീടിനകത്തേക്ക് കയറിപ്പോയി . കണ്ടു നിന്ന ഏതാനം സ്ത്രീകളുടെയും കണ്ണിനെ ഈറനണിയിച്ചു രമണിയുടെയും, മക്കളുടെയും കരച്ചിൽ . തറയിൽ ഇരുന്ന ചന്തുവിനെ ചേർത്തു പിടിച്ചു രമണി . കൂടെ ഇളയ പെണ്മക്കളും വന്നു . പൊട്ടിക്കരഞ്ഞു കൊണ്ട് ചന്തു അമ്മയോട് പറഞ്ഞു . " ഞാൻ എടുത്തിട്ടില്ലമ്മേ ..!! അമ്മയുടെ മോൻ കള്ളനല്ല .. ഞാൻ കക്കില്ലമ്മേ...!!!ദേഹാസകലം അടിയുടെ പാടുകൾ വന്നു കാൽമുട്ടിൽ നിന്ന് ചോരപൊടിയുന്ന മകനെ ചേർത്തുപിടിച് അമ്മ പറഞ്ഞു .." എന്റെ മോനെ ഇനി ആരും കള്ളനാക്കില്ല .. നമ്മുക്ക് ഇവിടുന്നു പോകാം മക്കളെ .. നമ്മുക്കിവിടുത്തെ പണിയും, തീറ്റിയും ഇനി വേണ്ട .. നമ്മുടെ ചെറിയ കൂരയിൽ എങ്ങനെയും നമ്മുക്ക് കഴിയാം ..."മക്കളെ ചേർത്തു പിടിച്ചു രമണി ആ തറവാടിന്റെ പടിയിറങ്ങി . എന്നെന്നേക്കുമായി ..ഭർത്താവ് പ്രഭാകരന് ഈ തറവാട്ടിൽ ആയിരുന്നു പണി . പണിയെന്നു വച്ചാൽ ഒരുതരം അടിമപ്പണിപ്പോലെ . തറവാട്ടിലെ പറമ്പിലെ വലിയ മരത്തിലെ ചോല ചാടിക്കാൻ കയറിയ പ്രഭാകരൻ ആ മരത്തിൽ നിന്ന് തന്നെ വീണു മരിക്കുകയായിരുന്നു . പ്രഭാകരന്റെ മരണ ശേഷം മൂന്നു മക്കളെയും കൊണ്ട് ജീവിക്കാൻ വഴിയില്ലാതായ രമണിയും ആ തറവാട്ടിൽ തന്നെ എത്തി അടിമപ്പണി എടുത്തു . തന്റെ മൂന്നു കുഞ്ഞുങ്ങളും നേരം ഏറി വൈകിയിട്ടും അമ്മയെ കാണാതെ വരുമ്പോൾ ആ തറവാട്ടിലേക്ക് വരും. അവിടെ തീയിലും, പുകയിലും , കാറ്റത്തും , മഴയത്തും പണിയെടുക്കുന്ന അമ്മയെ സഹായിക്കും. പണി കഴിഞ്ഞു സന്ധ്യ ആകുമ്പോൾ രമണി മക്കളെയും കൂട്ടി തന്റെ കൂരയിലേക്കു പോകും . തറവാട്ടിൽ ബാക്കി വരുന്ന ഭക്ഷണം രമണി മക്കൾക്ക് കൊടുക്കും . തറവാട്ടിലെ മുതലാളിയുടെ ഇളയ മകൻ ആണ് ഗോപൻ . ചന്തുവിനെക്കാൾ രണ്ടു മൂന്നു വയസ്സിനു മൂത്തത് . ഗോപന്റെ മോഷണ സ്വഭാവം ചന്തു നേരത്തെ തിരിച്ചറിഞ്ഞതാണ് . കൊച്ചമ്മയുടെ സ്വർണ്ണവള മോഷ്ട്ടിച്ചതും അവരുടെ ഇളയമകൻ ഗോപൻ തന്നെയാണെന്ന് ചന്തു കണ്ടതും ആണ് . ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഗോപൻ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അത്രെയും അപമാനവും, മർദ്ദനവും ഏറ്റിട്ടും ആരോടും പറയാതിരുന്നത് . പറഞ്ഞാലും ആരും വിശ്വസിക്കില്ല . തന്റെ മകൻ കക്കില്ലെന്നേ അവർ പറയൂ എന്ന് ചന്തുവിനറിയാമായിരുന്നു . എങ്കിലും വീട്ടിലേക്ക് മടങ്ങും വഴി ചന്തു ഇക്കാര്യം രമണിയോട് പറഞ്ഞു . " ഗോപേട്ടനാണമ്മേ വള എടുത്തത്.. ഞാൻ കണ്ടതാ .. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും എന്ന് പറഞ്ഞതുകൊണ്ട് പേടിച്ചിട്ടാ ഞാൻ ആരോടും പറയാതിരുന്നത് . " ഞെട്ടലോടെയാണ് രമണി അത് കേട്ടത് .. കള്ളനല്ലായിട്ടും മറ്റുള്ളവരുടെ മുന്നിൽ കള്ളനായി തല താഴ്ത്തി നിൽക്കേണ്ടി വന്ന തന്റെ മക്കളുടെ ഗതികേടോർത്ത് അവർ സ്വയം ശപിച്ചു . ഇനി ഒരിക്കലും ആ തറവാട്ടിലേക്കില്ലെന്നു അവർ ശപഥം ചെയ്തു . പിറ്റേന്ന് വീട്ടുമുറ്റത്ത് പോലീസിനെ കണ്ടപ്പോൾ രമണി ഒട്ടും പരിഭ്രമിച്ചില്ല . കള്ളനല്ലാത്ത തന്റെ മക്കളെ ആർക്കും വിട്ടുകൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു . താൻ അറിഞ്ഞ സത്യങ്ങൾ രമണി പോലീസിനോട് പറഞ്ഞു . ഗോപനെ പേടിച്ചാണ് ചന്തു സത്യം പറയാത്തതെന്നും കേട്ടറിഞ്ഞ പോലീസ് രമണിയോടും മക്കളോടും കരുണ കാട്ടി ആശ്വസിപ്പിച്ചു മടങ്ങി . രമണി പിന്നീട് ഒരുപാട് കഷ്ട്ടപ്പെട്ടു , മക്കളെ മൂവരെയും വളർത്താൻ .. പഠിപ്പിക്കാൻ .. ആരുടേയും മുന്നിൽ മക്കൾ തല താഴ്ത്താതിരിക്കാൻ ..മക്കളും അമ്മയ്‌ക്കൊപ്പം നിന്നു . അമ്മയുടെ കഴ്ട്ടപ്പാടുകൾ അറിഞ്ഞു കൂടെ കൂടി സഹായിച്ചു . തങ്ങളോട് കരുണ കാണിച്ച പോലീസിനോടുള്ള ബഹുമാനം മൂത്ത ചന്തുവിനും പോലീസാകാൻ ആയിരുന്നു ആഗ്രഹം . വളർന്നപ്പോൾ അവനും അങ്ങനെ പോലീസായി .. കാലം കള്ളനാക്കിയ ഗോപൻ ചന്തുവിന് മുന്നിൽ എത്തി . " ഗോപേട്ടാ ... ചന്തു കള്ളൻ ഗോപന്റെ മുന്നിൽ നിന്ന് വിളിച്ചു .ഇതുവരെ അയാളെ അങ്ങനെ ആരും വിളിച്ചിട്ടില്ല . ഗോപൻ തലയുയർത്തി നോക്കി . മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനായ പോലീസുകാരനെ എവിടെയോ കണ്ട ഓര്മ .. എങ്കിലും എവിടെ വെച്ചാണെന്ന് വ്യക്തമാകുന്നില്ല .. "ഞാൻ ചന്തുവാണ് ഗോപേട്ടാ .. നിങ്ങളുടെ തറവാട്ടിലെ പഴയ അടിമപ്പണിക്കാരൻ പ്രഭാകരന്റെ മകൻ ചന്തു . നിങ്ങൾ കള്ളനെന്നു പറഞ്ഞു തല്ലിച്ചതച്ച ചന്തു ...!!!അദ്‌ഭുതം വിട്ടു മാറാതെ ഗോപൻ ചന്തുവിനെ നോക്കി .. പിന്നെ കൈകൾ കൂപ്പി പൊട്ടിക്കരഞ്ഞു . "അന്ന് എനിക്ക് വേണ്ടി അടികൊണ്ട ചന്തുവാണോ ഇത് .. " വീണ്ടും പൊട്ടിക്കരഞ്ഞു ഗോപൻ .. "ഞാൻ ഇങ്ങനെ ആയിപ്പോയി സാറേ ..!! കള്ളൻ ഗോപൻ എന്നൊരു പേര് കൂടി കിട്ടി . കള്ളനെ ആര് വീട്ടിൽ കയറ്റാന .. ഇപ്പോൾ വീടും, കൂടും ഒന്നും ഇല്ല . കുറെ കാലം ജയിലിൽ കിടന്നു . തിരിച്ചു വന്നു മാന്യമായി പണിയെടുത്തു ജീവിക്കണം എന്നാഗ്രഹിച്ചു .." കൂടെ ഉള്ളവർ തന്ന പണിയാ .. അവർ ബാങ്കിൽ കയറി കട്ടിട്ടു എന്റെ പേരും പറഞ്ഞു കടന്നു കളഞ്ഞു . ചതിച്ചതാ എന്നെ .. എന്നെ അറസ്റ്റു ചെയ്തോളൂ സാർ . ഞാൻ ജയിലിലേക്ക് തിരിച്ചു പൊയ്ക്കള്ളാം .. കള്ളനെന്ന പേര് വീണവന് ജയിലാ ഭേദം . "" ഞാൻ കള്ളനല്ല .. ഞാൻ കക്കില്ല കൊച്ചമ്മേ... എന്ന് കരഞ്ഞു പറയുന്ന പത്തുവയസ്സുകാരന്റെ സ്വന്തം മുഖം വീണ്ടും ചന്തുവിന്റെ മനസ്സിൽ തെളിഞ്ഞു . ചന്തു ഗോപന്റെ കൈകൾ ചേർത്ത് പിടിച്ചു കണ്ണിൽ നിന്നും വീഴുന്ന ചുടുകണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു ."കള്ളനല്ലാത്ത ആരും ജയിലിൽ പോകില്ല . കള്ളനല്ലാത്ത ആരും പഴികേൾക്കില്ല ഗോപേട്ടാ ...!!! ഗോപേട്ടനെ ചതിച്ചവരെ കണ്ടെത്തും വരെ ഇവിടെ കഴിഞ്ഞോളൂ ... കേസ് ഞാൻ ചാർജ് ചെയ്യില്ല ."( ഷെഫ് എമിൽ ഫിലിപ്പ് )
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login