മണിക്കടവുകാരൻ Download Androrid App

ഇതുമൊരു ജീവിതം

Date : 08/06/2022

ആങ്ങളയുടെ മകന്റെ ഫോൺ വന്നതോടെ സിസ്റ്റർ മരിയയ്ക്ക് ആധിയായി. അസുഖം കൂടുതലാണ്. തന്നെ കാണണമന്ന് എപ്പോഴും പറയുന്നുണ്ടെന്ന്. ക്യാൻസറായിട്ട് മൂന്നുവർഷമായി. കഴിഞ്ഞ വർഷം പോയികണ്ടതാണ്. സമയം കിട്ടുമ്പോഴൊക്കെ വിളിച്ച് കാര്യങ്ങൾ ചോദിക്കാറുണ്ട്. മദർ സുപ്പീരിയർ ആയതിൽ പിന്നെ ഉത്തരവാദിത്വം ഒരുപാടായി. മഠത്തിലുള്ളവരിൽ ഏറെയും പുതിയതായി സ്ഥലംമാറി വന്നവരാണ്. പലർക്കും ഭാഷാപ്രശ്നവും ഉണ്ട്. അതുകൊണ്ട് ഒരു വർഷത്തോളമായി എങ്ങോട്ടും പോകാൻ കഴിഞ്ഞില്ല. എന്തായാലും ഇനി വൈകിക്കൂടാ. പിന്നെ കാണാൻ കഴിഞ്ഞില്ലെങ്കിലോ.

അധികാരികളെ കാര്യം ബോധിപ്പിച്ച് മരിയ സിസ്റ്റർ അടുത്ത ദിവസം തന്നെ നാട്ടിലേയ്ക്ക് തിരിച്ചു. മൂന്നുദിവസത്തെ ട്രെയിൻ യാത്രയുണ്ട്. ഭാഗ്യത്തിന് സ്ലീപ്പർ ക്ലാസ്സ് കിട്ടി. യാത്രക്കാരിൽ കൂടുതലും അന്യഭാഷക്കാരാണ്. വെള്ളയുടുപ്പിട്ട് ശാന്തമായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന തന്നെ പലരും കൗതുകപൂർവ്വം നോക്കുന്നത് സിസ്റ്റർ അറിയുന്നുണ്ടായിരുന്നു. ഓരോ ട്രെയിൻ യാത്രയിലും ഈ അനുഭവം പതിവാണ്. എത്രയോ യാത്രകൾ നാൽപ്പത് വർഷത്തിനിടയിൽ! ആദ്യയാത്ര ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. പുറത്തുള്ള മരങ്ങളും കെട്ടിടങ്ങളും പിറകിലേയ്ക്ക് ഓടിയകലുന്നതിനോടൊപ്പം ഓർമ്മകളും പിറകിലേയ്ക്ക് കുതിച്ചു.

ആദ്യത്തെ ട്രയിൻ യാത്ര. പാവാടയും ബ്ലൗസുമിട്ട പതിനാറുകാരി ഒട്ടും ഉന്മേഷമില്ലാതെ നിസ്സംഗതയോടെ സിസ്റ്റർ ഡൊറോത്തിയോടൊപ്പം കണ്ണൂരിൽ നിന്നും കൽക്കട്ടയിലേയ്ക്ക്. ഒട്ടും ആസ്വദിക്കാൻ കഴിയാത്ത യാത്ര. പട്ടണവും ട്രെയിനും ആദ്യം കാണുകയായിരുന്നെങ്കിലും ഒന്നിലും കൗതുകം തോന്നിയില്ല. പേടിയും സങ്കടവും കൊണ്ട് മനസ്സ് ആകെ കലുഷിതമായിരുന്നു. ഒട്ടും ആഗ്രഹിക്കാത്ത ജീവിതത്തിലേയ്ക്ക് തള്ളിവിടുകയായിരുന്നല്ലോ. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ എന്തോ കന്യാസ്ത്രീകളെ പേടിയായിരുന്നു. അഞ്ചാം ക്ലാസ്സിൽ കണക്ക് പഠിപ്പിച്ച സോഫിയ സിസ്റ്റർ ചെറിയ തെറ്റിനു പോലും വലിയ ശിക്ഷ തന്നിരുന്നതിലായിരിക്കാം ചെറുപ്പത്തിലേ കന്യാസ്ത്രികളെ ഭയപ്പെട്ടിരുന്നത്. വീട്ടിലെ ഇളയതായിരുന്നതിനാൽ കുസൃതിക്കും കുറവില്ലായിരുന്നല്ലോ. പിന്നെ അല്പം സുന്ദരിയെന്ന ചെറിയൊരഹങ്കാരവും ഉണ്ടായിരുന്നു. അതിനപ്പന്റെ പിന്തുണയുമുണ്ടായിരുന്നല്ലോ. "കൊച്ചിനെ നല്ല സുന്ദരനെ കൊണ്ടുമാത്രമേ കെട്ടിക്കൂ", എന്ന് അപ്പൻ പറയുന്നത് കേൾക്കുമ്പോൾ നാണത്തോടൊപ്പം ഒരു സുഖവുമുണ്ടായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ഏറ്റവും സുന്ദരനായ റോബർട്ടിനെ ആരും കാണാതെ നോക്കിയിരുന്നതോർത്തപ്പോൾ സിസ്റ്റർ മരിയയുടെ മുഖത്ത് അറിയാതൊരു പുഞ്ചിരി വിരുന്നുവന്നു. എത്രപെട്ടെന്നാണ് ഒരിക്കലും ആഗ്രഹിക്കാത്ത ജീവിതത്തിലേയ്ക്ക് ഇറങ്ങേണ്ടി വന്നത്... ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പന്റെ പെട്ടെന്നുള്ള വേർപാട് എല്ലാം തകിടംമറിച്ചു. തന്നിലും ആറു വയസ്സ് കൂടുതലുള്ള ചേച്ചിക്ക് വിവാഹാലോചനകൾ വന്നിരുന്ന സമയം. സ്ഥലത്തിൽ ചെറിയൊരു ഭാഗം വിറ്റ് വിവാഹം നടത്താനായിരുന്നു അപ്പന്റെ ആലോചന. അപ്പന്റെ മരണത്തോടെ കുടുംബത്തിന്റെ നിയന്ത്രണം ചേച്ചിയിലുംമൂത്ത ചേട്ടന്റെ കൈകളിലായി. നല്ല അധ്വാനിയായിരുന്നെങ്കിലും പിശുക്കിന്റെ രാജാവ്. സ്ഥലംവിറ്റ് വിവാഹം നടത്താൻ ചേട്ടൻ എതിരായി. ചേച്ചിക്ക് പ്രായമായിട്ടില്ലെന്നും സുന്ദരിയായ ചേച്ചിയെ സമയമാകുമ്പോൾ സ്ത്രീധനം വാങ്ങാതെ ഒരു നല്ല പയ്യൻ കെട്ടിക്കൊണ്ടുപോകുമെന്നും പറഞ്ഞ ചേട്ടൻ വൈകാതെ നല്ല സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചത് സാധുവായ അമ്മയെ വല്ലാതെ തളർത്തി. ഒരുപാട് ആലോചകൾ വന്നുകൊണ്ടിരുന്നു. എല്ലാവർക്കും ചേച്ചിയെ ഇഷ്ടമായിരുന്നു. സ്ത്രീധനം കൂടുതൽ ചോദിക്കുന്നെന്ന് പറഞ്ഞ് ചേട്ടൻ എല്ലാം തട്ടിമാറ്റുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസമാണ് അത് നടന്നത്. ഓർക്കുമ്പോൾ തന്നെ ഹൃദയംനുറുങ്ങുന്നു. തന്റെ പൊന്നുചേച്ചി വീടിന്റെ പിറകിലെ തേൻമാവിൻകൊമ്പിൽ തൂങ്ങിമരിച്ചു. ആർക്കുമൊരു ഭാരമാകാനില്ലെന്ന് ഒരു വരിമാത്രം എഴുതിവച്ചിരുന്നു.

ചേച്ചിയുടെ മരണത്തോടെ അമ്മ തീർത്തും തളർന്നുപോയി. മകളുടെ വിവാഹം നടത്താൻ കഴിയാത്തതിനാൽ അവളുടെ മരണത്തിന്റെ ഉത്തരവാദിയുടെ കുറ്റബോധവും മകൾ നഷ്ടപ്പെട്ടതിന്റെ ദു:ഖവും അമ്മയെ തീർത്തും മൂകയാക്കി. ചേട്ടനിൽ വലിയ മാറ്റമൊന്നും കണ്ടില്ല. ചേട്ടനു ചേർന്നതായിരുന്നു ചേട്ടത്തിയും. സ്വന്തം ഭർത്താവും മക്കളും മാത്രം മതി. കൂടുതൽ പീഢിപ്പിക്കാതെ ഒരു വർഷത്തിനുള്ളിൽ തന്നെ അമ്മയെ മരണം കൊണ്ടുപോയി, തന്നെ തീർത്തും ഒറ്റപ്പെടുത്തി. ചേട്ടൻ സ്ഥലങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ടായിരുന്നു. പി ഡി സി ക്ക് പോകാൻ ആഗ്രഹിച്ചെങ്കിലും അനുകൂലമായി ചേട്ടൻ പ്രതികരിച്ചില്ല. എന്തുചെയ്യുമെന്നറിയാതെ രാത്രികളിൽ നിശബ്ദയായി കരഞ്ഞു. ആശ്വസിപ്പിക്കാൻ സ്വപ്നത്തിൽ എത്തുന്ന അപ്പനെ പലപ്പോഴും കണ്ടു. അതോർത്തു വീണ്ടും കരഞ്ഞു. കൂട്ടത്തിൽ പത്താം ക്ലാസ്സ് കഴിഞ്ഞവരൊക്കെ പി ഡി സി ക്ക് രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഇടവക പള്ളിയിൽ ദൈവവിളി ക്യാംപ് നടന്നത്. ഒരു ദിവസമെങ്കിലും പശുവിന് പുല്ലുചെത്തുന്നതിൽ നിന്ന് മോചനംകിട്ടാൻ വേണ്ടി മാത്രമായിരുന്നു ക്യാംപിന് പോയത്. അവിടെ വച്ചാണ് കൽക്കത്തയിലെ മഠത്തിൽ നിന്നു വന്ന ഡൊറോത്തി സിസ്റ്ററെ പരിചയപ്പെട്ടത്. നല്ല സ്നേഹമുള്ള സിസ്റ്റർ. ഓരോരുത്തരേയും വിളിച്ച് വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചപ്പോൾ തന്റെ അവസ്ഥ കണ്ണീരോടെ തുറന്നുപറഞ്ഞു. കുട്ടിക്ക് ദൈവവിളിയുണ്ട്, മഠത്തിലേയ്ക്ക് വാ എന്ന് സിസ്റ്റർ പറഞ്ഞെങ്കിലും താത്പര്യം കുറവായിരുന്നു. പിന്നീട് വരണമെന്ന് തോന്നിയാൽ അറിയിക്കണമെന്ന് പറഞ്ഞ് സിസ്റ്റർ ക്യാംപ്കഴിഞ്ഞ് പോകും മുൻപ് അഡ്രസ്സ് തന്നു. അടുത്ത ദിവങ്ങളിൽ പലപ്പോഴും രാത്രിയിൽ ചേച്ചിയെ സ്വപ്നം കണ്ടു. മാവിൻകൊമ്പിൽ തൂങ്ങി ചലനമറ്റുനിൽക്കുന്നു. ഭയവും സങ്കടവും വല്ലാത്ത വീർപ്പുമുട്ടലും. ഒടുവിൽ തീരുമാനിച്ചു. വീടുവിട്ടുപോകണം. ഒരുപാട് ദൂരത്തേയ്ക്ക്. സ്വകാര്യസ്വപ്നങ്ങൾ ഇല്ലാത്ത ലോകത്തേക്ക് ... ചേട്ടനോടു പറഞ്ഞപ്പോൾ ഒരുപാടു സന്തോഷമായിരുന്നു, ചേട്ടത്തിക്കും. കുടുംബത്തിൽ ഒരു കന്യാസ്ത്രിയുള്ളത് നല്ലതാണെന്ന് കേട്ടപ്പോഴേ പറഞ്ഞു. ആഗ്രഹിക്കാതെ വന്നതാണെങ്കിലും വന്നിടം തന്നെ കാത്തിരുന്നതുപോലെ. ഒരുപാടു സ്നേഹമുള്ളവരായിരുന്നു മഠത്തിലെ എല്ലാവരും. അവിടുത്തെ ശാന്തമായ അന്തരീക്ഷത്തോടു പെട്ടെന്ന് ഇഴുകിച്ചേർന്നു. പ്രാർത്ഥനയും പഠനവും സാമ്യഹ്യസേവനവുമൊക്കെയായി സദാസമയവും വ്യാപൃതയായി. മൂന്ന് വർഷം കഴിഞ്ഞായിരുന്നു നാട്ടിൽ ഒരാഴ്ചത്തെ അവധിക്ക് പോയത്. ചേട്ടൻ അതീവ സന്തോഷവാനായി ഭാര്യയോടും രണ്ടാൺമക്കളോടുമൊപ്പം കഴിയുന്നു. വീട്ടിൽ നല്ല സ്വീകരണമായിരുന്നു. ചേട്ടത്തിയമ്മ ബന്ധുവീട്ടിലൊക്കെ കൊണ്ടുപോയി പരിചയപ്പെടുത്തുന്നതിൽ പ്രത്യേക ഉത്സാഹം കാണിച്ചു. മടങ്ങും മുൻപ് സിമിത്തേരിയിൽ പോയി അപ്പനോടും അമ്മയോടും തെമ്മാടിക്കുഴിയിൽ ഉറങ്ങുന്ന ചേച്ചിയോടും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചു. വീട്ടിൽ നിന്ന് കൊണ്ടുപോയ പൂക്കൾ മൂന്നുപേർക്കും കൊടുത്ത് മടങ്ങാൻ നേരം ചേട്ടൻ കുറച്ചു കാശ് തരാൻ ശ്രമിച്ചു." ഇതു വച്ചോളു. വണ്ടിക്കൂലിക്കും വഴിച്ചിലവിനും ആവശ്യമുണ്ടാകുമല്ലോ.""വേണ്ട. അതിനൊക്കെ മഠത്തിൽ നിന്ന് കിട്ടുന്നുണ്ട്."നിർബന്ധിച്ചെങ്കിലും വാങ്ങിയില്ല.കോൺഗ്രിഗേഷന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മഠങ്ങളിലേയ്ക്ക് തുടർച്ചയായ സ്ഥലം മാറ്റം. അനാഥാലയങ്ങളും വൃദ്ധസദനങ്ങളുമടക്കം ആതുരസേവനത്തിൽ മുഴുകി. വല്ലപ്പോഴും ചേട്ടന്റെ കത്തുകൾ വരും. മക്കളെ രണ്ടുപേരെയും പത്തുകഴിഞ്ഞ് പഠിക്കാൻ വിട്ടില്ലെന്നും പറമ്പിലെ പണികൾ എടുക്കാൻ പഠിപ്പിച്ചെന്നും കുറച്ചു സ്ഥലം കൂടി വാങ്ങിയെന്നൊക്കെ. മക്കളെ അവർക്ക് ആഗ്രഹമുള്ളിടത്തോളം പഠിപ്പിക്കണമെന്ന് മറുപടി കത്തുകളിൽ എഴുതുമായിരുന്നു. ഒരു സർക്കാർ ജോലിക്കാരന് കിട്ടുന്നതിനേക്കാളും മണ്ണിൽ പണിയെടുത്താൽ കിട്ടുമെന്നായിരുന്നു ചേട്ടന്റെ പക്ഷം. അഞ്ചും ആറും വർഷം കൂടുമ്പോൾ മാത്രമായി പിന്നീട് നാട്ടിൽ പോക്ക്. ആകെ രണ്ടോ മൂന്നോ ദിവസം മാത്രം വീട്ടിൽ നിൽക്കും. ഉടനെ മടങ്ങും. മൂത്തവന് മുപ്പതു കഴിഞ്ഞപ്പോൾ വന്ന കത്തിലാണ് മക്കളെ പഠിപ്പിക്കാത്തതിന്റെ ദുഃഖം ചേട്ടൻ ആദ്യമായി അറിയിച്ചത്. പെൺകുട്ടികളെ കിട്ടാനില്ലത്രെ. വീണ്ടും വീണ്ടുമുള്ള കത്തുകളിലും അതുതന്നെയായിരുന്നു. കഴിഞ്ഞ വർഷം പോയപ്പോഴും ചേട്ടന്റെയും ചേച്ചിയുടെയും പ്രധാന ദുഃഖം അതായിരുന്നു. മൂത്തയാൾക്ക് മുപ്പത്തെട്ടും ഇളയവന് മുപ്പത്താറും വയസ്സായി. കല്യാണം നടക്കുന്നില്ല."സ്ത്രീധനമായി ഒരു പൈസ പോലും വേണ്ടെന്ന് വച്ചിട്ടും പെൺകുട്ടികളെ കിട്ടാനില്ല. കൂലിപ്പണിക്കാരന്റെ മകൾക്ക് പോലും ബിരുദവും ബിരുദാനന്തര ബിരുദവുമാണ്. ഇവിടെ എന്താണൊരു കുറവ്. നല്ല വീട്. കൃഷിഭൂമി. വാഹനം . എല്ലാം ഉണ്ടായിട്ടെന്താ. ഈ വീട്ടിൽ ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമില്ല. നീ പ്രാർത്ഥിക്കാറില്ലേ ഞങ്ങൾക്ക് വേണ്ടി?" ചേട്ടന് രോഗത്തേക്കാൾ വേദന മക്കളുടെ കാര്യമോർത്തായിരുന്നു."ഉണ്ട്. എന്നും. ശ്രമിച്ചുകൊണ്ടിരിക്കണം. പണം ഒട്ടും നോക്കരുത്. കുടുംബമഹിമയും വേണ്ട. അതൊന്നും ദൈവം കൊടുക്കുന്നതല്ല." "ഇല്ല മോളെ. അതൊക്കെ പണ്ടേ ഉപേക്ഷിച്ചതാ. എന്നിട്ടും....."ചേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വീട്ടിലെപ്പോഴും ഒരു ശ്മശാനമൂകത. ആർക്കുമൊരു മിണ്ടാട്ടമില്ല. രാവിലെ മുതൽ വൈകിട്ടുവരെ മക്കൾ രണ്ടുപേരും കൃഷിയിടങ്ങളിലാണ്. ഇടയിൽ ഭക്ഷണം കഴിക്കാൻ വരുന്നതും പോകുന്നതും പോലും അറിയില്ല. മൂന്നു ദിവസമെങ്കിലും നിക്കണമെന്ന് കരുതി പോയതാണ്. കഴിഞ്ഞില്ല. രണ്ടാം ദിവസം മടങ്ങി. ട്രെയിൻ കണ്ണൂരെത്തിയെന്ന് ആരോ പറയുന്നത് കേട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത്. മൂത്തവൻ ജീപ്പുമായി എത്തിയിരുന്നു. പപ്പയ്ക്ക് ഒരുപാടു കൂടുതലാണെന്ന് വണ്ടി ഓടിക്കുന്നിടയിൽ പറഞ്ഞു. ചിലപ്പോൾ വേദനകൊണ്ട് ഉച്ചത്തിൽ കരയുമത്രെ. കേട്ടപ്പോൾ വല്ലാത്ത വിഷമം. വീട്ടിലെത്തിയതും ഓടി റൂമിലേയ്ക്ക് ചെന്നു. വേദനകൊണ്ട് ഞരങ്ങുകയും മൂളുകയും ചെയ്യുന്നു ചേട്ടൻ. "ചേട്ടാ.""മരിയ വന്നോ.""ഉവ്വ് ചേട്ടാ."കണ്ണുതുറന്ന് നോക്കി."നീ വന്നല്ലോ. കാണാതെ പോകുമോയെന്ന് പേടിച്ചു. വല്ലാത്ത വേദനയാണ് മോളെ."അടുത്ത് ചെന്ന് കൈകളിൽ പിടിച്ചു. പതുക്കെ തലോടി. ചേട്ടൻ ചേച്ചിയേം മക്കളേം നോക്കി പതുക്കെ പറഞ്ഞു,"നിങ്ങളൊന്ന് പുറത്ത് നിൽക്ക്. എനിക്ക് മോളോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്."അവർ പുറത്തിറങ്ങിയപ്പോൾ വാതിൽ അടയ്ക്കാൻ ആംഗ്യം കാണിച്ചു. വാതിലടച്ചു അരികിലെത്തിയപ്പോൾ ചേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു."നീയടുത്തിരിക്ക്. നിനക്കെന്നോട് വെറുപ്പില്ലെ."" ചേട്ടനെന്താ ഈ പറയുന്നത്. ഞാനെന്തിനാ ചേട്ടനെ വെറുക്കുന്നത്. എനിക്ക് സ്വന്തമായി ചേട്ടൻ മാത്രമല്ലേ ഉള്ളു.""ഞാനല്ലേ അതിനുത്തരവാദി. ലൂസിയെ ചോദിച്ച സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ചിരുന്നെങ്കിൽ ...... നീയെന്നോട് ക്ഷമിക്ക് മോളെ."ചേട്ടൻ തേങ്ങിക്കരയുന്നു. ചേട്ടനോടൊപ്പം കരഞ്ഞുപോയി."നിന്റെ പേരിൽ ഒരേക്കർ സ്ഥലമെഴുതിവെച്ചിട്ടുണ്ട്.""എനിക്കെന്തിനാണു ചേട്ടാ സ്ഥലം? അതുകൊണ്ട് ഞാനെന്തു ചെയ്യാനാ?""അപ്പന്റെ മുതലാണ്. നിന്റെ അവകാശം. നിനക്കിഷ്ടമുള്ളത് ചെയ്യ്. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ അല്പമെങ്കിലും മന:സമാധാനത്തോടെ പോകാൻ കഴിയില്ല മോളെ."ഒന്നും പറഞ്ഞില്ല. രാത്രിയിൽ ചേട്ടന് വേദന വല്ലാതെ കൂടി. അച്ചനെ വിളിച്ച് അന്ത്യകൂദാശ കൊടുത്തു. രാവിലെ തന്റെ മടിയിൽ തലവച്ച് അന്ത്യശ്വാസം വലിച്ചു. എല്ലാം കഴിഞ്ഞ് എട്ടാംനാൾ മടങ്ങാനിറങ്ങുമ്പോൾ മക്കൾ ചോദിച്ചു,"അപ്പച്ചി ഇനി എന്നാണ് വരുന്നത്? ഇനി വരാതിരിക്കുമോ?""അപ്പച്ചി വരും. അപ്പച്ചിക്ക് മക്കളെ കാണണ്ടെ. തീർച്ചയായും അപ്പച്ചി വരും." നാലുപൂക്കൾ കരുതിയിരുന്നു. സെമിത്തേരിയിൽ കയറി. പൂക്കൾ വച്ച് നാലുപേരോടും യാത്രപറഞ്ഞു, വീണ്ടും വരുമെന്ന വാഗ്ദാനത്തോടെ.ജോസ് അഗസ്റ്റിൻ



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com