മണിക്കടവുകാരൻ Download Androrid App

പുരുഷ കോളനി (കഥ)

Date : 15/10/2021

ഇനി അരമണിക്കൂർക്കൂടി. വൈകുന്നേരത്തോടെയെത്തും. കാറിൽ വന്നിരുന്നെങ്കിൽ നേരത്തെയെത്താമായിരുന്നു. പക്ഷെ ഇത്രയും ദൂരം ഡ്രൈവ് ചെയ്യാൻ വയ്യ. പിന്നെ ബസ് യാത്ര തനിക്ക് എന്നും ഒരു ഹരമാണല്ലോ. സൈഡ് സീറ്റിൽ ഇരുന്ന് പുറത്തേയ്ക്ക് നോക്കി കാഴ്ചകൾ കണ്ടുള്ള യാത്ര ഒരു സുഖം തന്നെയാണ്. പ്രത്യേകിച്ച് ഇതുപോലുള്ള സ്ഥലങ്ങളിൽ. എത്ര കണ്ടാലും മതിവരാത്ത കുന്നുകളും താഴ്വാരങ്ങളും തോടുകളും പുഴയും കാടും മരങ്ങളും. ഒരിക്കൽ മാത്രമേ വന്നിട്ടുള്ളു. ഏതാണ്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നപ്പോൾ. നഗരവാസിയായ തന്റെ ആദ്യത്തെ മലയോരയാത്രയായിരുന്നു. ക്ലാസ്സ്മേറ്റും കൂട്ടുകാരനുമായ ബിജു പലപ്പോഴും നഗരത്തിലെ വീട്ടിൽ വരികയും തങ്ങുകയും ചെയ്തിട്ടുണ്ട്. അവന്റെ നാടും വീടും കാണാൻ ചെല്ലാൻ ഒരുപാട് നിർബന്ധിക്കുമായിരുന്നു. പക്ഷെ അച്ഛൻ സമ്മതിക്കില്ലായിരുന്നു. തോടും പുഴകളും കാടും വന്യമൃഗങ്ങളുമുള്ള കുഗ്രാമത്തിൽ പോയാൽ എന്തെങ്കിലും അപകടം ഉണ്ടാകുമോയെന്ന പേടി. കോളേജ് വിദ്യാർത്ഥിയായ താനെപ്പോഴും നഴ്സറി ബാലനായിരുന്നു അച്ഛന്. ഒടുവിൽ ഒരുപാട് നിർബന്ധം പിടിച്ചപ്പോഴാണ് സമ്മതിച്ചത്. മൂന്ന് ദിവസത്തേയ്ക്ക് ബിജുവിനോടൊപ്പം അവന്റെ നാട്ടിൽ പോകാൻ. എന്തൊരു രസമായിരുന്നു അവനോടൊപ്പമുള്ള ബസ് യാത്ര. പല ബസ്സുകൾ മാറിക്കയറി ഒടുവിൽ ഒരു ചെറിയ ടൗണിൽ നിന്നും അവന്റെ മലയോര ഗ്രാമത്തിലേയ്ക്ക് കയറിയ ബസ്സിൽ സൂചികുത്താനിടയില്ലായിരുന്നു. വണ്ടികൾ വളരെ കുറച്ചു മാത്രം ഓടുന്ന മണ്ണ് റോഡിലൂടെയുള്ള യാത്ര ഇപ്പോഴും മായാതെ മനസ്സിലുണ്ട്. വലിയ കുന്നുകൾ കയറിയിറങ്ങി, ഗട്ടറുകളിൽച്ചാടി ആകെ ആടിയുലഞ്ഞുള്ള യാത്ര എന്തൊരാവേശമായിരുന്നു! പക്ഷെ ഇപ്പോൾ നല്ല റോഡാണ്. ബസ് അതിവേഗം പോകുന്നു, വലിയ കുലുക്കവും ഇളക്കുവുമില്ലാതെ. യാത്രക്കാരും കുറവാണ്. അന്നത്തെപ്പോലെ യാതൊരു ബഹളവുമില്ല. ആരും ആരോടും മിണ്ടുന്നില്ല. എല്ലാവരും മൊബൈലിലാണ്, അപരിചിതരെപ്പോലെ. പുറത്തെ കാഴ്ചകൾക്കും ഭംഗി കുറഞ്ഞതുപോലെ. കുന്നുകളൊക്കെ ചെറുതായോ? മരങ്ങളും ചെടികളും വളരാൻ മടിച്ച് മരവിച്ച് നിൽക്കുംപോല. അന്ന് ധാരാളം വെള്ളമൊഴുകിയിരുന്ന തോടുകളും പുഴയും ഇന്ന്‌ വറ്റിവരണ്ടിരിക്കുന്നു .... എത്താറായി. അവൻ ബസ്റ്റോപ്പിൽ ഉണ്ടാകും. കണ്ടാൽ തിരിച്ചറിയുമോ? ഇരുപത്തിഎട്ട് വർഷങ്ങൾക്കു മുൻപാണ് അവസാനമായി നേരിട്ട് കണ്ടത്. ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ. പിന്നീട് ബോംബെയിൽ എത്തിയ താൻ അവിടെത്തന്നെ സ്ഥിരമായല്ലോ. നോർത്തീസ്റ്റിലെവിടെയോ സ്കൂളിൽ അധ്യാപകനായി പോയ ബിജുവിനെക്കുറിച്ച് പിന്നീട് ഒന്നും അറിഞ്ഞില്ല. മൂന്ന് മാസം മുൻപാണ് ഒരുപാടുനാളത്തെ അന്വേഷണത്തിനൊടുവിൽ fb യിൽ കിട്ടിയത്. ആള് നോർത്തീസ്റ്റിൽ തന്നെ സെറ്റിൽഡാണെന്ന് അറിഞ്ഞു. ഫോൺ നമ്പർ വാങ്ങി സംസാരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളു. സംസാരത്തിൽ അവൻ ഒരുപാട് മാറിയതായി തോന്നി. ഈ ആഴ്ച നാട്ടിലെത്തുന്നുണ്ടെന്ന് പറഞ്ഞു. എന്തായാലും അവനെ നേരിട്ട് കാണുക തന്നെയെന്ന് തീരുമാനിച്ച് പുറപ്പെടുകയായിരുന്നല്ലോ .... ബസ് ഗ്രാമത്തിലെത്തി. എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഇറങ്ങാം. പുറത്ത് ഇറങ്ങുന്ന യാത്രക്കാരെ ശ്രദ്ധിച്ച് വീക്ഷിച്ചുകൊണ്ട് നിൽക്കുന്നത് അവൻ തന്നെയാണല്ലോ. ആളാകെ മാറിയിരിക്കുന്നു. പ്രസരിപ്പും പ്രകാശവും നഷ്ടപ്പെട്ടപോലെ. ക്ഷീണിതനായി തോന്നുന്നു. Fb യിലെ ഫോട്ടോ കണ്ടില്ലായിരുന്നെങ്കിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടിയേനെ. അവസാനമിറങ്ങാൻ ബസ്സിനുള്ളിൽ നിൽക്കുന്ന തന്നെയവൻ കണ്ടല്ലോ. കൈവീശി. "ബസ്സിലിരുന്ന് മടുത്തോടാ?" മറുപടിക്ക് പകരം അവനെ കെട്ടിപ്പിടിച്ചു. "എത്ര കാലമായെടാ കണ്ടിട്ട്. നിനക്കെന്തു പറ്റി ..... ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ ..." " ഏയ് ഒന്നുമില്ലെടാ ... മിനിയാന്നാണ് എത്തിയത്. യാത്രാക്ഷീണം മാറിയിട്ടുണ്ടാവില്ല. വീട്ടിൽച്ചെന്ന് എല്ലാം പറയാം. നീ വണ്ടിയിലോട്ട് കയറ്." " വണ്ടിയിൽ അല്ല. എനിക്ക് നടന്നുപോകണം നിന്റെ വീടുവരെ. പണ്ട് നമ്മൾ നടന്നുപോയതുപോലെ." "നടക്കാനോ .... നാലു കിലോമീറ്ററുണ്ട് ഇവിടുന്ന്. നല്ല കയറ്റമാണ്. അന്നത്തെപോലല്ല നമ്മളിപ്പോൾ." "നീ ഒന്നും പറയണ്ട. എനിക്ക് നടക്കണം. നമുക്കൊന്നുകൂടി ചെറുപ്പമാകാടാ. നീ വണ്ടി ഇവിടെവിടെങ്കിലും പാർക്ക് ചെയ്യ്." "ശരി നിന്റെയിഷ്ടം. നീ ഇപ്പോഴും പണ്ടത്തെപ്പോലെ തന്നെ. ഏതായാലും നാലു കിലോമീറ്റർ കുന്നു കയറാനുള്ളതല്ലേ നമുക്കൊരു ചായകുടിച്ച് നടക്കാം." പണ്ടുവന്നപ്പോഴും ഇതുപോലൊരു കടയിൽ നിന്നും ചായയും പലഹാരങ്ങളും കഴിച്ചാണ് നടന്നത്. അന്ന് കയറിയത് ഓലമേഞ്ഞ കടയാണെങ്കിൽ ഇന്ന് കോൺക്രീറ്റ് ആണെന്ന വ്യത്യാസം മാത്രം. അന്നുണ്ടായിരുന്നതിനേക്കാൾ മൂന്നോ നാലോ കടകൾ മാത്രം കൂടുതലുണ്ട്. എല്ലാം നല്ല കെട്ടിടങ്ങൾ. അന്ന് കറണ്ടില്ലായിരുന്നു. ഇന്ന് എല്ലാ കടകളിലും ലൈറ്റും ഫാനുമൊക്കെയുണ്ട്. വികസനം ഇവന്റെ ഗ്രാത്തിലുമെത്തിയിരിക്കുന്നു. വിശപ്പുണ്ടായിരുന്നതിനാൽ ചായയോടൊപ്പം പഴംപൊരിയും കഴിച്ചു. കഴിക്കുമ്പോഴും ബിജു കൂടുതൽ നിശബ്ദത പാലിക്കുന്നത് പ്രത്യകം ശ്രദ്‌ധിച്ചു. "ഇരുട്ടായിത്തുടങ്ങി. സാരമില്ല. ടോർച്ചുണ്ട്." പണ്ടത്തെ മണ്ണും കല്ലും കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഇന്ന് ടാറിട്ട നല്ല റോഡായിരിക്കുന്നു. വൈദ്യുതി ലൈനും ടെലഫോൺ ലൈനും റോഡിന് രണ്ടുവശങ്ങളിലുമായി കാണാം. പക്ഷെ നല്ല റോഡായിട്ടും വാഹനങ്ങൾ കുറവാണെന്ന് തോന്നി. "നിനക്ക് എത്രദിവസം അവധിയുണ്ട്?" " ഒരാഴ്ച. പൂജാ ഹോളിഡെയ്സാണ്." " പണ്ട് വരവ് കുറവായിരുന്നു. ഇപ്പോൾ എല്ലാ അവധിക്കും വരും. അപ്പച്ചൻ പോയതിൽ പിന്നെ അമ്മയ്ക്ക് നിർബന്ധമാണ്." " ആരാണ് അമ്മയുടെ കൂടെ?" "അനിയൻ. നീ കണ്ടിട്ടുണ്ട്. നീ വരുമ്പോൾ അവൻ സ്കൂളിൽ പഠിക്കുകയായിരുന്നു." " ഓർമ്മയുണ്ട്. നിങ്ങൾക്ക് രണ്ടാൾക്കുമിടയിൽ മൂന്ന് പെൺകുട്ടികൾ ആയിരുന്നല്ലോ." അതെ. മൂത്ത പെങ്ങളെ കെട്ടിച്ചയച്ചു. കുറച്ച് ദൂരെയാണ്. താഴെയുള്ള രണ്ടുപേരും മഠത്തിൽച്ചേർന്നു." "അനിയൻ എന്ത് ചെയ്യുന്നു?" "കൃഷിപ്പണിയുണ്ട്. ഇപ്പോൾ പെയിന്റിന്റെ പണി, ടൈൽസ് വർക്ക് അങ്ങനെ എന്തും ചെയ്യും." "അവനെന്താ ജോലിക്കൊന്നും ശ്രമിച്ചില്ലേ?" " പഠിക്കാൻ അല്പം മോശമായിരുന്നു. പിന്നെ ചെറുപ്പത്തിലേ കൃഷിയോട് വലിയ താത്പര്യമായിരുന്നു. അതുകൊണ്ട് തന്നെ പി ഡി സി തോറ്റപ്പോൾ കൃഷിചെയ്ത് വീട്ടിൽ ഒരു സഹായമായി നിൽക്കാൻ അപ്പച്ചൻ പറഞ്ഞു. അവനത് സന്തോഷമായിരുന്നു." എടാ ഞാൻ മടുത്തു. അല്പനേരം ഇരുന്നാലോ?" "ഞാൻ പറഞ്ഞതല്ലേ വണ്ടിക്ക് പോകാമെന്ന്. ഇപ്പോഴെങ്ങനെ?" "അതു സാരമില്ല. നമുക്ക് ഇരുന്നും നടന്നും പതുക്കെയങ്ങ് നടന്നെത്താം. അത്രയും സമയം ഒരുപാട് സംസാരിക്കാമല്ലോ. നിന്റെ കുടുംബത്തെക്കുറിച്ച് അന്ന് വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ." "ഭാര്യ എന്നോടൊപ്പം തന്നെ ജോലിചെയ്യുന്നു. ഈ നാട്ടുകാരി തന്നെയാണ്." "കുട്ടികൾ?' "ഇല്ല. ഒരുപാട് ട്രീറ്റ്മെന്റൊക്കെ ചെയ്തതാണ്. ഫലമുണ്ടായില്ല." എന്തോ ചോദിക്കാൻ വന്നത് പെട്ടെന്ന് മറന്നു. കുറച്ചുനേരം മിണ്ടാതിരുന്നു. "നടക്കാം." നിശബ്ദതയ്ക്ക് അവൻ തന്നെ വിരാമമിട്ടു. "നിന്റെ കുടുംബം?" " ഭാര്യ ഒരു MNC യിൽ വർക്ക് ചെയ്യുന്നു. രണ്ടു മക്കൾ. മകൾ മൂത്തയാൾ. എം ബി ബി എസിന് പഠിക്കുന്നു. മകൻ പ്ലസ് ടു വിലാണ്. അച്ഛനും അമ്മയും നഗരത്തിൽ തന്നെയാണ്." ഇരുട്ടാണെങ്കിലും വഴിയരുകിൽ വീടുകൾ കുറവാണെന്ന് തോന്നി. പണ്ട് വന്നപ്പോൾ ഒരുപാടു വീടുകൾ കണ്ടത് ഓർത്തു. പണ്ടത്തെ പലകാര്യങ്ങളും പറഞ്ഞ് വീടെത്തിയതറിഞ്ഞില്ല. പണ്ട് കണ്ട ഓടിട്ട വീടിന്റെ സ്ഥാനത്ത് സാമാന്യം വലിയൊരു വാർക്ക വീട്. സംസാരം കേട്ടതുകൊണ്ടാകാം അമ്മച്ചി ഇറങ്ങിവന്നത്. " എന്താ വൈകിയത്? വണ്ടിക്ക് പോന്നൂടായിരുന്നോ?" "ഇവന് നടക്കണമെന്ന് നിർബന്ധം". "അമ്മയ്ക്ക് എന്നെ ഓർമ്മയുണ്ടോ?" "ഉണ്ടല്ലോ. പണ്ട് വന്നതല്ലേ .... മൂന്നുദിവസം ഇവിടെ ഉണ്ടായിരുന്നതല്ലേ .... പേര് മാത്രം മറന്നു." "മഹേഷ്" "അതെ. സിറ്റിയിൽ നിന്ന് വന്നതല്ലായിരുന്നോ?" "അതെ." "അച്ഛനുമമ്മയുമൊക്കെ സുഖമായിരിക്കുന്നോ?" "അവർക്ക് സുഖം തന്നെ. സിറ്റിയിൽ തന്നെ. തനിയെയാണ്. എന്നോടൊപ്പം മുംബൈയിൽ വന്ന് താമസിക്കില്ല. പെങ്ങൾ അടുത്തു തന്നെയാണ് താമസം." അകത്തെ മുറിയിൽ നിന്നും ഇറങ്ങി വന്ന സ്ത്രീ ബിജുവിന്റെ ഭാര്യയാണെന്ന് മനസ്സിലായി. Fb യിൽ ഫോട്ടോ കണ്ടിരുന്നു. "അറിയുമോ?" "എന്നോട് പറഞ്ഞിട്ടുണ്ട്. കുടുംബത്തെയും കൂട്ടാമായിരുന്നില്ലെ?" "ഇത് പെട്ടെന്നുള്ള തീരുമാനമായിരുന്നു. ഇനിയൊരസവരത്തിലാകാം. നിങ്ങളുടെ നോർത്തീസ്റ്റിലേയ്ക്ക് തന്നെ വരാം." " വളരെ നല്ലത്. നിങ്ങൾക്ക് ഒരു സൈറ്റ് സീയിംഗ് ട്രിപ്പുമാകും." ഒരുപാടു നേരം സംസാരിച്ച ശേഷവും വീട്ടിൽ നിൽക്കുന്ന അനിയനെയോ അവന്റെ കുടുംബത്തെയോ കാണാത്തതിൽ ഒരു പന്തികേടുതേന്നി. ഒടുവിൽ ഭക്ഷണത്തിനിരിക്കാൻ നേരം ചോദിച്ചു. "നിന്റെ അനിയൻ എവിടെ?" " വരും എപ്പോഴെങ്കിലും. ചിലപ്പോൾ നമ്മൾ ഉറങ്ങിയിട്ടാകും." "അതെന്താ അങ്ങനെ? അവന്റെ കുടുംബം?" "ഞങ്ങളൊക്കെത്തന്നെ അവന്റെ കുടുംബം. എടാ അവൻ വിവാഹം കഴിച്ചിട്ടില്ല." "അതെന്താ ...... എന്തെങ്കിലും അസുഖം?" "ഒക്കെ പറയാം. നിനക്ക് വിശക്കുന്നില്ലേ ... നമുക്ക് കഴിക്കാം. അവൻ എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ല." സദ്യതന്നെയായിരുന്നെങ്കിലും പണ്ട് എല്ലാവരും കൂടിയിരുന്ന് ഒരുപാടു വർത്തമാനം പറഞ്ഞ് കഴിച്ച ആഹാരത്തിന്റെ തൃപ്തികിട്ടിയില്ല. ഭക്ഷണം കഴിഞ്ഞ് അവനോടൊപ്പം സിറ്റൗട്ടിൽ ഇരുന്നു. "അഖിലിനെന്തുപറ്റി?" "മദ്യത്തിനടിമയാണ്." "അതുകൊണ്ടാണോ വിവാഹം നടക്കാത്തത്?" " അല്ല. വിവാഹം നടക്കാത്തതുകൊണ്ട് മദ്യത്തിനടിമയായതാണ്. ഒരുപാട് ആലോചിച്ചതാണ്. പെണ്ണുകാണാൻ പോകാത്ത സ്ഥലങ്ങൾ ഈ നാട്ടിലില്ല." "അതെന്തുപറ്റി? അവൻ ചെറുപ്പത്തിൽ നല്ല സുന്ദരൻ ആയിരുന്നല്ലോ.." "ഇപ്പോഴും അങ്ങനെ തന്നെ. നല്ല ആരോഗ്യവും സുമുഖനുമൊക്കെയാണ്. ഇപ്പോൾ അതൊന്നും പോരാ. ജോലി വേണം. കർഷകനോ കൂലിപ്പണിക്കാരനോ ആകാൻ പാടില്ല. ശമ്പളം എത്ര കുറഞ്ഞാലും കുഴപ്പമില്ല, വൈറ്റ് കോളർ ജോലിയില്ലെങ്കിൽ പെൺകുട്ടികളെ കിട്ടില്ല. ഇപ്പോൾ പ്രായവും അധികമായി. ഇനി നടക്കുമെന്ന പ്രതീക്ഷയുമില്ല." "ഇവിടെയുള്ള പെൺകുട്ടികളും തയ്യാറല്ലേ?" "ഇവിടെയും അയൽപ്രദേശങ്ങളിലും ഉള്ള പെൺകുട്ടികളാരും തയ്യാറല്ല. പെൺകുട്ടികളിൽ ആരും ചുരുങ്ങിയത് ഡിഗ്രിവരെയെങ്കിലും പഠിക്കാത്തവരായില്ല. മിക്കവരും നഴ്സിംഗോ ബി എ ഡോ അല്ലെങ്കിൽ ഏതെങ്കിലും കോഴ്സുകൾ ചെയ്ത് ഏതെങ്കിലുമൊക്കെ ജോലിയിൽ പ്രവേശിക്കുന്നു. ആൺകുട്ടികളാണല്ലോ പകുതിവഴിക്ക് പഠനം നിറുത്തി കൃഷിയിലേയ്ക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും തൊഴിലിൽ ഏർപ്പെടുന്നത്. മിക്കവരും നല്ല വരുമാനം ഉണ്ടാക്കുന്നവരുമാണ്. അഖിൽ തന്നെ ഈ പറമ്പിലെ കൃഷിപ്പണികൾക്ക് പുറമെ പെയിന്റിംഗിനും ടൈൽസ് വർക്കിനും മറ്റും പോയി ധാരാളം സമ്പാദിക്കുമായിരുന്നു. ഈ വീടുതന്നെ അവൻ സ്വന്തമായി അധ്വാനിച്ച കാശിനു പണിതതാണ്. പക്ഷെ ഇത്തരം ജോലി ചെയ്യുന്ന ഒരുപാട് ചെറുപ്പക്കാർ വിവാഹം കഴിക്കാനാകാതെ നിരാശരായി കഴിയുന്നു. പ്രതീക്ഷ നശിച്ച് എല്ലാവരും തന്നെ മദ്യപാനത്തിനും മറ്റ് ദു:ശീലങ്ങൾക്കും അടിമകളാകുന്നു. പഠിക്കാത്തതിലുള്ള സങ്കടവും വിവാഹം നടക്കാത്തതിനുളള നിരാശയും അഖിലിനെ ആകെ തകർത്തുകളഞ്ഞു. അവന്റെ കാര്യമോർത്ത് ദു:ഖിച്ചാണ് അപ്പച്ചൻ കണ്ണടച്ചത്. ഇപ്പോൾ ഞങ്ങൾക്കെല്ലാം നിത്യദു:ഖമായി." "ഈ സ്ഥലം വിറ്റ് വേറെവിടേയ്ക്കെങ്കിലും മാറി താമസിച്ചാൽ ഒരു പക്ഷെ ...." "ഇനിയിപ്പോൾ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. അവന് പ്രായം നാൽപത് കഴിഞ്ഞില്ലേ? ഒരു പത്ത് വർഷം മുൻപ് ചെയ്യേണ്ടതായിരുന്നു. ഇങ്ങനെയാകുമെന്ന് കരുതിയില്ലല്ലോ. കുന്നാണെങ്കിലും അഞ്ചേക്കർ സ്ഥലമുണ്ട്. എല്ലാവിധ കൃഷിയുമുണ്ട്. പക്ഷ ഇവിടെ സ്ഥലത്തിന് ഡിമാന്റ് വളരെ കുറവാണ്." " സാമാന്യം നന്നായി ജീവിക്കാൻ വരുമാനമുള്ള ഇത്തരം പ്രകൃതിസുന്ദരമായ സ്ഥലങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടാത്ത പെൺകുട്ടികളോ ....." "സ്ഥലവും ആദായവും ഉണ്ടെന്നെയുള്ളു. സൗകര്യങ്ങൾ കുറവല്ലേ. റോഡും കറണ്ടും എത്തിയത് ഈ അടുത്ത കാലത്താണ്. അതിനുമുൻപേ പെൺകുട്ടികൾ ഇവിടം വിട്ടു. ഇപ്പോഴും സ്കൂളിലും പള്ളിയിലും പോകണമെങ്കിൽ നാലു കിലോമീറ്റർ കുന്നിറങ്ങണം. പുതിയ തലമുറയ്ക്ക് അതു പറ്റില്ലല്ലോ. ഇങ്ങനെയൊക്കെ ആയതിൽ മാതാപിതാക്കൾക്കും പങ്കുണ്ട്. ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഇല്ലാത്ത പെൺമക്കളെപ്പോലും ഇവിടങ്ങളിൽ കെട്ടിച്ചയക്കാൻ അവരും താത്പര്യം കാണിച്ചില്ല. മകൾ കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലങ്ങളിൽ വലിയ കഷ്ടപ്പാടില്ലാതെ ജീവിക്കണമെന്ന് അവരും ആഗ്രഹിച്ചു. ആൺമക്കൾക്ക് പെൺകുട്ടികൾ മറ്റ് സ്ഥലങ്ങളിൽ നിന്നും വരുമെന്ന പ്രതീക്ഷ തെറ്റി. പെൺകുട്ടികളെ കുറ്റം പറയാൻ കഴിയില്ലല്ലോ. നന്നായി പഠിച്ച് എങ്ങനെയും ഒരു ജോലി സമ്പാദിച്ച ശേഷം തന്നോളം വിദ്യാഭ്യാസമില്ലാത്ത, കല്ലിനോടും മണ്ണിനോടും മല്ലിടുന്ന ചെറുപ്പക്കാരെ സ്വീകരിക്കാനവർക്ക് ആകില്ലല്ലോ. അവർക്ക് അവരുടെ തൊഴിൽ സ്ഥലങ്ങളിൽ ജീവിക്കാൻ പറ്റുന്നവരയല്ലേ വേണ്ടത്. ഇത്രയും വലിയ വീടും മുറ്റവും അടിച്ചുവാരി, പശുവിന് പുല്ലരിഞ്ഞ് കഴിയാൻ അവരെ നിർബന്ധിക്കാനാവില്ലല്ലോ." "ശരിയാണ്. നഗരങ്ങളിലെ ചെറിയ വീടുകളിൽ ഭർത്താവും കുട്ടികളോടുമൊപ്പം ജീവിക്കുകയാണ് സുഖം. പണ്ട് വന്നപ്പോൾ ഇത്തരം മനോഹരമായ സ്ഥലത്ത് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ജീവിക്കുന്ന നീ എത്രയോ ഭാഗ്യവാൻ എന്നാണ് ഞാൻ കരുതിയത്." "അത് നഗരത്തിൽ നിന്ന് ഗ്രാമം കാണാൻ വരുന്നവരുടെ വിചാരമാണ്. ഇവിടെയിപ്പോൾ ജീവിതം കൂടുതൽ ദു:സ്സഹമായി വരികയാണ്. കാട്ടുമൃഗങ്ങളുടെ ശല്യം കൂടിക്കൂടി വരുന്നു. കിട്ടുന്ന വിലയ്ക്ക് ഭൂമി കൊടുത്ത് രക്ഷപെടാൻ ആളുകൾ മത്സരിക്കുകയാണ്. ഒരു കാലത്ത് നൂറ്റമ്പതോളം വീട്ടുകാർ ഉള്ളിടത്ത് ഇപ്പോൾ നാൽപത് വീട്ടുകാർ മാത്രം. എല്ലാ വീടുകളിലും ഒന്നോ ഒന്നിലധികമോ വിവാഹം കഴിക്കാത്ത ചെറുപ്പക്കാർ. മുപ്പത്തഞ്ചു മുതൽ നാൽപ്പത്തഞ്ചുവരെ പ്രായമുള്ളവർ. സ്ത്രീകളായി വയസ്സായ അമ്മമാർ മാത്രം. മനോഹരമായ ഈ സ്ഥലത്തെ മറ്റുള്ളവർ വിളിക്കുന്നത് പുരുഷ കോളനിയെന്നാണ്. യുവതികൾ ഇല്ലാത്ത കോളനി. എല്ലാവരും കൊടും നിരാശയിലാണ്. ചെറുപ്പക്കാരെല്ലാവരും തന്നെ മദ്യപാനത്തിനടിമകളാണ്. ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലല്ലോ. തൊട്ടടുത്തുള്ള അഖിലിന്റെ ഒരു കൂട്ടുകാരൻ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തു. ജീവിതം മടുത്തതാണ് കാരണം. ദയനീയമാണ് വീടുകളുടെ അവസ്ഥ. എവിടെയും കുട്ടികളുടെ കളിയും ചിരിയുമില്ല. മാതാപിതാക്കളുടെ അവസ്ഥയാണ് ദയനീയം. തങ്ങൾക്ക് ശേഷം മകൻ തീർത്തും ഒറ്റപ്പെടുമെല്ലോ എന്ന ദുഃഖത്താൽ നീറിപ്പുകയുകയാണവർ. "ബിജുവിന്റെ അമ്മയും സങ്കടത്തിലാണല്ലേ ..." "അതെ മഹേഷ്. ഇളയ മകന് ഒരു ജീവിതമില്ലാതെ പോയ ദു:ഖത്തോടൊപ്പം ഞങ്ങൾക്ക് കുട്ടികളില്ലാത്ത സങ്കടവും. തലമുറ ഇവിടം കൊണ്ട് തീരുകയല്ലേ ...." കണ്ണുകൾ നിറഞ്ഞൊഴുകിയ ബിജുവിനെ എങ്ങനെ ആശ്വസിപ്പിക്കും...? തീർത്തും നിസ്സഹായനായി ഇരിക്കുമ്പോൾ പുറത്ത് ഒരു കാൽപെരുമാറ്റം കേട്ടു. കണ്ണുകൾ തുടച്ച് ബിജു എഴുന്നേറ്റുപോയി വാതിൽ തുറന്നു. ആടിയാടി ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി. മദ്യത്തിന്റെ രൂക്ഷഗന്ധം. അഖിൽ. നല്ല സുന്ദരനായ പുരുഷൻ. ആരെയും ശ്രദ്ധിക്കാതെ വന്നരീതിയിൽ തന്നെ അകത്തേയ്ക്ക് പോയി. പണ്ട് വന്നപ്പോൾ മഹേഷേട്ടാ എന്നുവിളിച്ച് കൂടെ നടന്ന ഏഴാം ക്ലാസ്സുകാരന്റെ ഓർമ്മവന്നു. കിലുകിലാ സംസാരിച്ച് വീടു മുഴുവൻ ഓടിനടന്നവന് എന്തൊരു പ്രസരിപ്പായിരുന്നു.... "ഇതാണ് അവസ്ഥ. അമ്മയെയും ഇവനെയും ഞങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുപോകാൻ ഒരുപാട് ശ്രമിച്ചതാണ്. വരില്ല. ഇവനെ തനിച്ചാക്കി അമ്മയ്ക്ക് വരാനും കഴിയില്ലല്ലോ." "എനിക്ക് വേണ്ടാ. ഞാൻ കഴിച്ചതാണ്". അഖിലിന്റെ സ്വരമായിരുന്നു. എന്തോ പറയാൻ ആഗ്രഹിച്ചെങ്കിലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. ഇത് ശ്രദ്ധിച്ചാവണം ബിജു പറഞ്ഞു, "കിടക്കാം. നിനക്ക് രാവിലെ പോകേണ്ടതല്ലേ ..." വൈകിയാണ് കിടന്നതെങ്കിലും ഉറക്കം വരാൻ പിന്നെയും വൈകി. രാവിലെ എണീറ്റ് തിരികെ പോകാനൊരുങ്ങി. അഖിലിനെ കണ്ടില്ല. ഉറക്കമാണെന്ന് ബിജു പറഞ്ഞു. അമ്മയോടും ബിജുവിന്റെ ഭാര്യയോടും യാത്രപറഞ്ഞിറങ്ങി. ബിജു ബസ്റ്റോപ്പ് വരെ വരുന്നുണ്ട്. "വണ്ടിവിളിക്കാം രാവിലെ നടപ്പുവേണ്ട." "വേണ്ട. നടന്നാൽ മതി. മനോഹരമായ ഈ സ്ഥലം ഒന്നുകൂടി കാണാമല്ലോ. ഇന്നലെ രാത്രിയായതിനാൽ കാണാൻ കഴിഞ്ഞില്ല." നടക്കവെ ചുറ്റും നോക്കി. വലിയ മലകളാൽ ചുറ്റപ്പെട്ട വലിയൊരു കുന്നാണെങ്കിലും നിറയെ തെങ്ങും കവുങ്ങും കശുമാവും വാഴയും കൂടാതെ റബ്ബർമരങ്ങളും നിറഞ്ഞ മനോഹര സ്ഥലം. ഒരു കുന്നിനോട് ചേർന്ന് വേറൊരു കുന്ന്. അങ്ങനെ ധാരാളം കുന്നുകൾ. കുന്നിൻ ചെരിവിലൂടെ ഒഴുകുന്ന തോട്. പണ്ടത്തെ ഓടും പുല്ലും മേഞ്ഞ വീടുകൾക്ക് പകരം വലുതും ചെറുതുമായ കോൺക്രീറ്റു വീടുകൾ ഓരോ കുന്നിലും ഒന്നിലധികമുണ്ടെങ്കിലും പലതിലും ആൾതാമസമില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം. അല്പം നിരപ്പായ സ്ഥലത്തെത്തിയപ്പോൾ ബിജു ചോദിച്ചു, "നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ?" സൂക്ഷിച്ചുനോക്കി. പുല്ലുപിടിച്ച് കിടക്കുന്ന ഒരു ഗ്രൗണ്ട്. പണ്ട് വന്നപ്പോൾ ഇതൊരു വോളിബോൾ കോർട്ടായിരുന്നു. വൈകുന്നേരം ബിജുവിനോടൊപ്പം ഈ ഗ്രൗണ്ടിൽ കളിച്ചതാണ്. എന്തൊരു ജനമായിരുന്നിവിടെ. ചെറുപ്പക്കാരും കുട്ടികളുമുൾപ്പെടെ. തൊട്ടടുത്തായി ഒരു ചായക്കടയും വായനശാലയുമുണ്ടായിരുന്നു. ഇപ്പോൾ കെട്ടിടം പോലും കാണാനില്ല. എപ്പോഴും എന്തൊരു ഒച്ചയും ബഹളവുമായിരുന്നു. ഇപ്പോൾ വല്ലാത്തൊരു മൂകത. ഒരിക്കൽ എപ്പോഴും ഉത്സവപ്രതീതി തോന്നിയ കുന്നുകൾ നിത്യമൗനത്തിലായതുപോലെ. അകലെ ഉയർന്നുകാണുന്ന പാറക്കെട്ടുകളും അവയ്ക്കുമകലെയുള്ള വൻകാടുകളും തീർത്തും നിസ്സംഗതയോടെ നിൽക്കുന്നതെന്തുകൊണ്ടാണ്? കൂടുതൽ സംസാരമില്ലാതെ നടന്നു. ബസ്സിൽ കയറുമ്പോൾ ബിജു ചോദിച്ചു, "ഇനി എന്നാണ് ഇങ്ങോട്ട്?' വെറുതെ ചിരിച്ചു. ഉത്തരമറിയാത്ത ചിരി. ജോസ് അഗസ്റ്റിൻ.മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp