കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. 2018 ല്‍ നിപ ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് തന്നെയാണ് വൈറസ് ബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

◆നിപ വൈറസ് ചരിത്രംരണ്ട് പതിറ്റാണ്ട് മുൻപ് മലേഷ്യയിലായിരുന്നു ഈ രോഗം കണ്ടെത്തുന്നത്. മലേഷ്യ കടുത്ത വരൾച്ചയെ നേരിട്ട 1997 ൽ മൃഗങ്ങളും പക്ഷികളും വെളളം തേടി നാടുകളിലേക്ക് ചെക്കേറി. ഇതിന് പിന്നാലെ മലേഷ്യയിലെ പന്നി ഫാമുകളിൽ അജ്ഞാതമായ രോഗം പിടികൂടി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങിയതിന് പിന്നാലെ മനുഷ്യരെയും ഇത് വിഴുങ്ങി.നൂറിലേറെ പേർ രോഗം ബാധിച്ച് മരിച്ചു. മറ്റ് നൂറോളം പേർ രോഗബാധിതരായി. ആദ്യം ജപ്പാൻജ്വരം ആണെന്ന നിഗമനത്തിലായിരുന്നു ചികിത്സ. എന്നാൽ ജപ്പാൻജ്വരത്തിനുളള പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും രോഗികളായതോടെയാണ് രോഗം മറ്റെന്തോ ആണെന്ന സംശയം പിറന്നത്. രോഗം ബാധിച്ച ഒരാളുടെ തലച്ചോറിലെ നീരിൽ നിന്ന് വൈറസിനെ വേർതിരിച്ചപ്പോഴാണ് പുതിയ രോഗത്തിന്റെ സാന്നിദ്ധ്യം ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞത്.മലേഷ്യയിലെ കാംപുങ് ബാറു സുംഗായ് നിപാ എന്ന സ്ഥലത്ത് നിന്നാണ് വൈറസിനെ കണ്ടെത്തിയത്. ഇതാണ് നിപ വൈറസ് എന്ന് പേര് വരാൻ കാരണവും. ഇതൊരു ആർഎൻഎ വൈറസാണ്.നിപ്പ വൈറസിനെ പ്രതിരോധിക്കാൻ അന്ന് മറ്റ് പ്രതിവിധികളൊന്നും ഇല്ലായിരുന്നു. പിന്നാലെ പന്നിഫാമുകളിലെ എല്ലാ പന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കി. ഇതോട് കൂടി മലേഷ്യയിലെ പന്നി വ്യാപാര മേഖല ഏതാണ്ട് പൂർണ്ണമായും തകർന്നു.
◆നിപ വൈറസിന്റെ രണ്ടാം വരവ്നിപ വൈറസിന്റെ ആക്രമണം പിന്നീട് ഏറ്റവും കൂടുതൽ തവണ ഉണ്ടായത് ബംഗ്ലാദേശിലാണ്. തുടർച്ചയായി എട്ട് വർഷങ്ങളിൽ ഇവിടെ നിപ വൈറസിന്റെ ആക്രമണം ഉണ്ടായി. 2001 ന് ശേഷം മാത്രം ഇവിടെ 150 ലേറെ പേരാണ് ഇതുവരെ മരിച്ചത്. മിക്കപ്പോഴും രോഗം റിപ്പോർട്ട് ചെയ്ത കേസുകളിൽ മരണസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് പോയതായാണ് ചരിത്രം.◆രോഗലക്ഷണങ്ങൾ ഇങ്ങനെനിപ വൈറസ് ശരീരത്തിൽ കടന്നാൽ പെട്ടെന്നൊന്നും അസുഖം പിടിക്കില്ല. അഞ്ച് ദിവസം മുതൽ രണ്ടാഴ്ച വരെ സമയമെടുത്തേ രോഗലക്ഷണങ്ങൾ കാണിക്കൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല. അതിനാൽ തന്നെ പ്രതിരോധമാണ് പ്രധാനം.
◆നിപ വൈറസിനെ പ്രതിരോധിക്കേണ്ടത് ഇങ്ങനെഇതുവരെ കണ്ടെത്തിയതിൽ വവ്വാലുകളാണ് നിപ്പ വൈറസിന്റെ പ്രധാന വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. പക്ഷികളിൽ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന അസുഖമാണ് നിപ വൈറസ്.അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.
●വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക
.●വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക. ●രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
●പനി ബാധിതരുമായി സമ്പർക്കം ഉണ്ടായ ശേഷം കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
●രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
●എൻ 95 മാസ്ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്.
●ആരെങ്കിലും പനി ബാധിച്ച് കിടപ്പിലാണെന്നറിഞ്ഞാൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.
●രോഗബാധിതരുടെയും, രോഗം ബാധിച്ച് മരിച്ചവരുടെയും മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹ പ്രകടനങ്ങൾ ഒഴിവാക്കുക.
●ശവസംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹത്തെ കുളിപ്പിക്കുകയോ മറ്റോ ചെയ്‌താൽ ഇത് ചെയ്യുന്നവർ ദേഹരക്ഷ ഉപയോഗിക്കുക.
●നിപ്പ രോഗം ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
●നിപ്പ രോഗം ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകളിലെയും സന്ദർശനം പരമാവധി ഒഴിവാക്കുക.
●നിപ്പ വൈറസ് ബാധയേറ്റ് മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ സോപ്പോ അലക്കുപൊടിയോ ഉപയോഗിച്ചു കഴുകണം. കിടക്ക, തലയിണ എന്നിവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.