മണിക്കടവുകാരൻ Download Androrid App

മൊബെെൽ ഫോണിലൂടെയാണോ കുട്ടികൾ ഓൺലെെൻ ക്ലാസ് കാണുന്നത് എങ്കിൽ ഇക്കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം

Date : 30/08/2021

കോവിഡ് കാലത്ത് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് ഓൺലെെൻ ക്ലാസുകൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ വർഷം ജൂൺ ഒന്നുമുതൽ തന്നെ കേരള സർക്കാർ ഓൺലൈൻ അധ്യയനം തുടങ്ങിക്കഴിഞ്ഞു. ഓൺലെെൻ ക്ലാസുകൾ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ഇതോടെ സ്മാർട്ട്ഫോണുകളും ടാബുകളും കംപ്യൂട്ടറുകളും ടി.വിയുമെല്ലാം ഒഴിവാക്കാനാവാത്തവയായി മാറി.ഡിജിറ്റൽ ഉപകരണങ്ങളെല്ലാം ഓൺലെെൻ ക്ലാസുകൾക്ക് അനിവാര്യമായെങ്കിലും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോ​ഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് എസ്.സി. ഇ. ആർ.ടി. നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്..36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേർക്ക് കണ്ണിന് ആരോ​ഗ്യപ്രശ്നങ്ങൾ, മാനസികപിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിൽ പറയുന്നുണ്ട്.ഡിജിറ്റൽ പഠനത്തിനിടെ കുട്ടികൾക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോ​ഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കൾക്ക് പരിശീലനം നൽകുമെന്നും വിദ്യാർഥികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ആവശ്യമായ കൗൺസിലർമാരെ നിയോ​ഗിക്കുമെന്നും നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.

 *🔰ഓൺലെെൻ ക്ലാസുകളും കണ്ണിന്റെ ആരോ​ഗ്യവും🔰*

 ഓൺലെെൻ ക്ലാസുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമ്പോൾ കുട്ടികളുടെ കണ്ണിന് സമ്മർദം ഏറുകയാണ്. അതിനാൽ തന്നെ കണ്ണുകളുടെ സംരക്ഷണത്തിന് എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.ഓൺലെെൻ ക്ലാസിന് കൂടുതലും കുട്ടികൾ ഉപയോ​ഗിക്കുന്നത് മൊബെെൽ ഫോണുകളാണ്. ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയെ അപേക്ഷിച്ച് സ്ക്രീൻ വലുപ്പം കുറവാണെന്നതിനാൽ മൊബെെൽ ഫോൺ ഓൺലെെൻ ക്ലാസുകൾക്ക് ഉപയോ​ഗിക്കുന്നത് കുട്ടികളുടെ കണ്ണുകൾക്കും കഴുത്തിന്റെ പേശികൾക്കും സ്ട്രെയിൻ വളരെ കൂടാൻ ഇടയാക്കുന്നുണ്ട്. അതിനാൽ തന്നെ ഓൺലെെൻ ക്ലാസുകൾക്ക് മൊബെെൽഫോണുകളുടെ ഉപയോ​ഗം വിദ​ഗ്ധർ ശുപാർശ ചെയ്യുന്നില്ല.എന്നാൽ, ലഭ്യതയും ഉയർന്ന വിലയും പരി​ഗണിക്കുമ്പോൾ കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും എല്ലാവർക്കും വാങ്ങാനുമാകില്ല. അതിനാൽ ഭൂരിഭാ​ഗം കുട്ടികളും മൊബെെൽഫോണുകൾ വഴിയാണ് ഓൺലെെൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. അപ്പോൾ മൊബെെൽഫോണുകളെ പഠനത്തിൽ നിന്ന് ഒഴിവാക്കാതെ അവ എങ്ങനെ സുരക്ഷിതമായി ഉപയോ​ഗിക്കാം എന്നാണ് അറിയേണ്ടത്.*

🔰ഓൺലെെൻ ക്ലാസിലൂടെ പഠിക്കുന്ന കുട്ടികളുടെ കണ്ണിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.🔰*

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദേശങ്ങളിൽ പറയുന്നത്. അതിനാൽ സ്മാർട്ട്ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ സ്ക്രീനുകൾ ആ പ്രായത്തിലുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.*

🔰ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ്.👉🏽**▪️കണ്ണിന് സ്ട്രെയിൻ*ഡിജിറ്റൽ സ്ക്രീനുകളിൽ, പ്രത്യേകിച്ച് സ്മാർട്ട്ഫോണിൽ സൂക്ഷ്മമായി നോക്കിയിരിക്കുന്നതിന്റെ ദൈർഘ്യം കൂടുമ്പോഴാണ് കണ്ണിന് ആയാസം (സ്ട്രെയിൻ) അനുഭവപ്പെടുന്നത്. ഇത് അസ്തെനോപ്പിയ എന്ന് അറിയപ്പെടുന്നു. കാഴ്ച മങ്ങൽ, വസ്തുക്കളെ രണ്ടായി കാണൽ, ക്ഷീണം, അകലത്തിലുള്ള കാഴ്ചകൾ വ്യക്തമാവാതിരിക്കൽ, തലവേദന, കണ്ണിന് വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.*

▪️തലവേദനയും കണ്ണ് വേദനയും*തലവേദനയും കണ്ണുവേദനയും അനുഭവപ്പെടുമ്പോൾ മനസ്സിലാക്കണം അത് സ്മാർട്ട്ഫോൺ ഉപയോഗം അമിതമാവുന്നു എന്നതിന്റെ പ്രധാനപ്പെട്ട ചില സൂചനകളാണ് എന്ന്. ഡിജിറ്റൽ ഐ സ്ട്രെയിൻ എന്ന രോഗാവസ്ഥയ്ക്ക് ഇത് ഇടയാക്കും. ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഒരു കൂട്ടം കാഴ്ചാപ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ എന്നു പറയുന്നത്. ഓൺലെെൻ ക്ലാസുകൾ ഇപ്പോൾ നടക്കുന്നത് തുടർച്ചയായാണ്. കണ്ണിന് ഒരു വിശ്രമം പലപ്പോഴും ലഭിക്കുന്നില്ല

പകൽ മുഴുവൻ ഓൺലൈൻ ക്ലാസുകളിൽ ഇരുന്ന് അതുകഴിഞ്ഞാൽ വിനോദത്തിനായി വീണ്ടും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് ഈ പ്രശ്നം തീവ്രത കൂട്ടും. വെളിച്ചം അധികം ഇല്ലാത്ത സമയങ്ങളിലെ സ്മാർട്ട്ഫോൺ ഉപയോഗം, സ്ക്രീനും കണ്ണുകളും തമ്മിൽ ആരോഗ്യകരമായ അകലം പാലിക്കാത്തത്, കാഴ്ചാപ്രശ്നങ്ങൾ യഥാസമയം പരിഹരിക്കാത്തത് തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാം.*കണ്ണിന് അസ്വസ്ഥത, വിങ്ങൽ, കണ്ണിൽ ചുവപ്പ്, കണ്ണിൽ വെള്ളം നിറയൽ, തലവേദന, മങ്ങിയ കാഴ്ച, കണ്ണിന് വരൾച്ച, അസ്വസ്ഥത എന്നിവയൊക്കെയാണ് ഈ പ്രശ്നത്തിന്റെ ലക്ഷണങ്ങൾ.*

♨️പരിഹരിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം♨️

*20-20-20 നിയമംതുടർച്ചയായി ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടർച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. അതിനാൽ 20 മിനിറ്റ് തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കിയിരിക്കണം. 20-20-20 നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും. ഇത് പലപ്പോഴും പാലിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പലപ്പോഴും ഇക്കാര്യം സമയത്തിന് ഓർക്കണമെന്നും ഇല്ല. ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഒരു അലാം സെറ്റ് ചെയ്ത് വെക്കുകയാണ് ഈ പ്രശ്നം മറികടക്കാൻ നമുക്ക് ചെയ്യാവുന്നത്. അലാം അടിച്ചാൽ 20 സെക്കൻഡ് സമയം മറ്റെവിടേക്കെങ്കിലും 20 സെക്കൻഡ് നോക്കിയിരിക്കാം. ഇത് പരിശീലിച്ചാൽ കണ്ണിന്റെ ആയാസം വളരെയധികം കുറയും.*

▪️കണ്ണ് ചിമ്മൽ*ഡിജിറ്റൽ മോണിറ്ററുകളിൽ ദീർഘനേരം നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയാറുണ്ട്. ഇടയ്ക്ക് കണ്ണുചിമ്മുകയാണ് ഇതിനുള്ള പരിഹാരം. സാധാരണമായി ഒരു മിനിറ്റിൽ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മണം. ഇത് കണ്ണിൽ ജലാംശം നിലനിർത്തി കണ്ണിനെ ഫ്രെഷാക്കും. അതിനാൽ ഇടയ്ക്കിടെ ഓർത്ത് കണ്ണ് ചിമ്മുക.*

▪️തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുക:-* രക്തചംക്രമണം മെച്ചപ്പെടുത്തി നീർക്കെട്ടും വീർപ്പും കുറച്ച് കണ്ണിന് സുഖം നൽകാനും ഉൻമേഷം വീണ്ടെടുക്കാനും ഇത് സഹായിക്കും.*

▪️കണ്ണിന് വരൾച്ച-*ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിലെ ജലാംശം നഷ്ടപ്പെടും. അപ്പോഴാണ് കണ്ണിന് വരൾച്ച (Dry Eye) ഉണ്ടാകുന്നത്. എ.സി, ഫാൻ എന്നിവയുടെ സാന്നിധ്യം കണ്ണിലെ ഈർപ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടും. കണ്ണിൽ പുകച്ചിൽ, ചൊറിച്ചിൽ, ചുവപ്പ്, കണ്ണിൽ കരുകരുപ്പ്, ക്ഷീണം, വരണ്ട പോലെ തോന്നൽ, മങ്ങിയ കാഴ്ച എന്നിവയാണ് ലക്ഷണങ്ങൾ.*

▪️പരിഹരിക്കാൻ ചെയ്യേണ്ടത്:-*സ്മാർട്ട്ഫോൺ കണ്ണിനോട് അടുപ്പിച്ച് പിടിച്ച് നോക്കുന്നതും കിടന്ന് വീഡിയോ കാണുന്നതും ഒഴിവാക്കണം.20 മിനിറ്റ് കൂടുമ്പോഴെങ്കിലും ഇടവേളയെടുക്കണം. ഇടയ്ക്കിടെ കണ്ണ് ചിമ്മാൻ മറക്കരുത്.ഡോക്ടറുടെ സഹായത്തോടെ കണ്ണിനെ ആർദ്രമാക്കാനുള്ള ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.അണുബാധയോ മറ്റോ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.കണ്ണിലെ പേശികളുടെ ചുരുക്കംഅടുത്തുള്ള ഒരു ദൃശ്യം വ്യക്തമായി കാണാൻ കണ്ണുകൾ അവയുടെ പവർ സ്വയം ക്രമീകരിക്കുന്ന സംവിധാനത്തെയാണ് അക്കമഡേഷൻ എന്നു പറയുന്നത്. ഒരു കാമറയിലെ ലെൻസിന്റെ പ്രവർത്തനം പോലെയാണിത്. അമിതമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ ചിലപ്പോൾ ഈ അക്കമഡേഷൻ റിലീസ് ചെയ്യാതെ കണ്ണിലെ സീലിയറി പേശികൾ ചുരുങ്ങിയ അവസ്ഥയിൽ (സ്പാസം) തന്നെ നിലനിൽക്കും. നിരന്തര ഉപയോഗം മൂലം കണ്ണിലെ പേശികൾ സ്ഥിരമായി ഇത്തരത്തിൽ ക്രമീകരിക്കുന്നതാണ് ഇതിന് കാരണം. ഈ അവസ്ഥയാണ് അക്കമഡേറ്റീവ് സ്പാസം.*

▪️പരിഹരിക്കാൻ ചെയ്യേണ്ടത് :-*കൃത്യമായ അളവിലുള്ള കണ്ണട/കോൺടാക്റ്റ് ലെൻസ്, കാഴ്ചയെ സഹായിക്കുന്ന വ്യായാമങ്ങൾ എന്നിവയാണ് പരിഹാരം. ഇതിന് ഡോക്ടറുടെ സഹായം തേടാം.*

▪️കണ്ണട വെക്കുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ടത്*കാഴ്ചാവൈകല്യങ്ങളെത്തുടർന്ന് സ്ഥിരമായി കണ്ണട വെക്കുന്ന കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോഴും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോഴും കണ്ണട വെക്കണം. ഇല്ലെങ്കിൽ കാഴ്ചാപ്രശ്നങ്ങളുണ്ടാകും.വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കണം.ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി കുട്ടികളുടെ കണ്ണ് പരിശോധിപ്പിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കണം. ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള കാര്യങ്ങൾ ചെയ്യണം.രാത്രിയിലെ സ്മാർട്ട്ഫോൺ ഉപയോഗം വേണ്ടകൂടുതൽ കുട്ടികളും ഓൺലെെൻ ക്ലാസിനായി സ്മാർട്ട്ഫോണുകൾ ആണ് ഉപയോ​ഗിക്കുന്നത്. അതിനാൽ പകൽ മുഴുവനുമുള്ള ഓൺലൈൻ ക്ലാസിന് ശേഷം സിനിമ കാണാനും ഗെയിം കളിക്കാനും വീണ്ടും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് കൂടുതൽ ദോഷം ചെയ്യും. സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയിൽ നിന്നും പുറപ്പെടുവിക്കുന്ന ബ്ലൂലൈറ്റ് (High Energy Visible) രാത്രിയിൽ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും.അൾട്രാവയലറ്റ് രശ്മികളെപ്പോലെ സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്നവയാണ് എച്ച്.ഇ.വി. ലൈറ്റ്((High Energy Visible). തരംഗദൈർഘ്യം കുറഞ്ഞതും ഉയർന്ന ഫ്രീക്വൻസിയും ഉയർന്ന ഊർജനിലയുമുള്ള ഇത് 400-450 nm വയലറ്റ്/ബ്ലൂ സ്പെക്ട്രം ബാൻഡിലുള്ളതാണ്. പകൽവെളിച്ചമാണെന്ന് മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. അതോടെ ഉറക്കത്തിന് സഹായിക്കുന്ന മെലാട്ടോണിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നതിനെ മസ്തിഷ്കത്തിലെ പീനിയൽ ഗ്രന്ഥി തടയുന്നു. സ്ഥിരമായി ഇത് തുടരുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ താളം തെറ്റിക്കുകയും ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കുകയും ചെയ്യും. ഇത് പതിവായാൽ കണ്ണിൽ ചുവപ്പും വിങ്ങലും, മാനസിക അസ്വസ്ഥതകൾ ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. വെളിച്ചം കുറവുള്ള നേരങ്ങളിൽ വീട്ടിൽ ആവശ്യത്തിന് വെളിച്ചമുള്ള സ്ഥലത്ത് ഇരുന്ന് മാത്രമേ ക്ലാസ്സിൽ പങ്കെടുക്കാവൂ.*

▪️കണ്ണിന്റെ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ ചെയ്യാം*തുടർച്ചയായി ഒരേ ഇരുപ്പ് ഇരിക്കാതെ ചെറിയ ഇടവേളകൾ ഇടയ്ക്കിടെ എടുക്കുക.ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ കണ്ണുകൾ ഇടയ്ക്ക് ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കണം. ഇതുവഴി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് നേരത്തെ തിരിച്ചറിയാം.ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഒപ്പം മാതാപിതാക്കളോ അല്ലെങ്കിൽ മറ്റ് വേണ്ടപ്പെട്ടവർ ആരെങ്കിലുമൊക്കെ ഇരിക്കുന്നത് നല്ലതാണ്. കുട്ടിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കാൻ ഇതുവഴി സാധിക്കും. കുട്ടികൾക്ക് അക്കാര്യങ്ങൾ സ്വയം തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല.കണ്ണട ഉപയോഗിക്കുന്ന കുട്ടികൾ നിർബന്ധമായും ഓൺലൈൻ ക്ലാസിന്റെ സമയത്ത് കണ്ണട വെക്കണം. - പവർഗ്ലാസ് ഉപയോഗിക്കുന്ന കുട്ടികൾ ഇടയ്ക്ക് ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കുന്നത് നല്ലതാണ്. തുടർപരിശോധനകൾ ഒരിക്കലും മുടക്കരുത്.വളരെ ചെറിയ സ്ക്രീനുള്ള സ്മാർട്ട്ഫോണിൽ ദീർഘനേരം നോക്കുന്നത് കണ്ണിന് സ്ട്രെയിൻ കൂട്ടും. അതിനാൽ വലിയ സ്ക്രീനുള്ള ഫോണുകൾ ഹൊറിസോണ്ടൽ മോഡിലിട്ട് ഓൺലൈൻ ക്ലാസിൽ അറ്റൻഡ് ചെയ്യുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ടി.വിയോ ലാപ്ടോപ്പോ ഡെസ്ക് ടോപ്പ് കംപ്യൂട്ടറോ ഉപയോഗിക്കുക. ഇവ ഉപയോ​ഗിക്കുമ്പോൾ കണ്ണിൽ നിന്നും നിശ്ചിത അകലം പാലിക്കുക.സ്മാർട്ട്ഫോൺ ഉപയാഗിക്കുമ്പോൾ വലിയ ഫോണ്ട് ഉപയോഗിക്കുക.കുട്ടികളുടെ കണ്ണും സ്മാർട്ട്ഫോണും തമ്മിലുള്ള ദൂരം ആരോഗ്യകരമായി ക്രമീകരിക്കണം. മുഖത്തോട് വളരെ അടുപ്പിച്ചുകൊണ്ടും കിടന്നുകൊണ്ടും സ്മാർട്ട്ഫോൺ ഉപയോഗിക്കരുത്. കൈ അകലത്തിൽ സ്മാർട്ട്ഫോൺ വെക്കുന്നതാണ് നല്ലത്.വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളാണ് കണ്ണിന് നല്ലത്. പിക്സലുകളിലെ ഏറ്റക്കുറച്ചിലുകളും പശ്ചാത്തല നിറങ്ങളിലെ തുടരെയുള്ള മാറ്റങ്ങളും കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.ഫോൺ കൈയിൽ പിടിച്ചിരുന്ന് ക്ലാസുകൾ അറ്റൻഡ് ചെയ്യരുത്. ഫോൺ ക്യത്യമായി കാണുന്ന തരത്തിൽ വെക്കാവുന്ന ചെറിയ സ്റ്റാൻഡുകൾ ഇന്ന് ലഭ്യമാണ്. അവയിൽ ഉറപ്പിച്ച് ഹൊറിസോണ്ടൽ മോഡിൽ ഫോൺ സ്ക്രീൻ വെച്ച ശേഷം ക്ലാസുകൾ കാണാം. ടാബുകളും ഇതേ രീതിയിൽ സ്റ്റാൻഡുകളിൽ ഉറപ്പിച്ച് ഉപയോഗിക്കാം.ഓരോ ഓൺലൈൻ ക്ലാസുകൾക്കിടയിലും അൽപസമയം ഇടവേളയെടുക്കണം. തുടർച്ചയായി ഓൺലൈൻ ക്ലാസിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്.ഇടവേളയെടുക്കുന്ന സമയത്ത് കണ്ണ് കഴുകുക, വെള്ളം കുടിക്കുക തുടങ്ങിയവ ചെയ്യാൻ കുട്ടിയെ ശീലിപ്പിക്കുക.കുട്ടി ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന മുറിയിലെ വെളിച്ചം ആരോഗ്യകരമായി ക്രമീകരിക്കണം. ഇതിന് അനുസരിച്ച് സ്മാർട്ട്ഫോൺ സെറ്റിങ്സിലെ ബ്രൈറ്റ്നെസ് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുക. ഇത് ഫോണിൽ നിന്നുള്ള വെളിച്ചം കണ്ണിൽ അസ്വസ്ഥതയുണ്ടാകുന്നത് അകറ്റും.ഫോണിലെ കോൺട്രാസ്റ്റും ക്രമീകരിക്കണം. ഇത് കൂടിയാൽ നിറങ്ങളുടെയും ഫോണ്ടുകളുടെയും ഡെപ്ത്ത് കൂട്ടി കണ്ണിൽ അസ്വസ്ഥതയുണ്ടാകും. കോൺട്രാസ്റ്റ് വളരെ കുറഞ്ഞാൽ ഫോണ്ടുകൾ അവ്യക്തമാക്കി കണ്ണിന് സ്ട്രെയിൻ കൂട്ടുകയും ചെയ്യും.സ്മാർട്ട്ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ സ്ക്രീനുകൾ ഇരുട്ടിൽ ഉപയോഗിക്കരുത്. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്നത് കണ്ണിലെ ഫോട്ടോറിസപ്റ്ററുകളിൽ ഒന്നായ റോഡ് (Rods) കോശങ്ങളാണ്. ചുറ്റിലും വെളിച്ചമില്ലാതെ സ്മാർട്ട്ഫോണിലെ നീലവെളിച്ചത്തിൽ കണ്ണുകൾ ജോലിചെയ്യുന്നത് റോഡ് കോശങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കാനിടയാക്കും. ഇത് അവയുടെ സ്ട്രെയിൻ കൂട്ടി കാഴ്ചാവൈകല്യങ്ങൾക്ക് ഇടയാക്കും.വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സ്മാർട്ട്ഫോൺ സെറ്റിങ്സിൽ മാറ്റങ്ങൾ വരുത്താം. വിവിധ നിറങ്ങളിലും ഫോണ്ടുകളിലുമുള്ള ഓരോ വെബ്പേജുകളും മങ്ങിയ വെളിച്ചത്തിൽ മാറി മാറി വരുമ്പോൾ കണ്ണുകൾ തുടർച്ചയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സ്ട്രെയിനുണ്ടാക്കും.രാത്രിയോ വെളിച്ചം കുറഞ്ഞ സമയത്തോ ആണ് ക്ലാസെങ്കിൽ ഫോണിലെ നൈറ്റ് മോഡ് ഉപയോഗിക്കുന്നതു നല്ലതാണ്.ഓൺലൈൻ ക്ലാസിന് ശേഷം രാത്രി വീണ്ടും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. പഠനശേഷവും ഒഴിവുസമയങ്ങളിൽ വീഡിയോ കാണുന്നതും വീഡിയോ ഗെയിം കളിക്കുന്നതുമൊക്കെ കണ്ണിന് സ്ട്രെയിൻ കൂട്ടും. പഠനത്തിന് ശേഷമുള്ള ഇത്തരം സമയങ്ങളിൽ ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് പൂർണമായും മാറി നിന്ന് കളികളിലോ മറ്റോ പങ്കെടുക്കാം. ശാരീരിക വ്യായാമം ലഭിക്കുന്ന തരം കളികളിൽ നിർബന്ധമായും പങ്കെടുക്കണം. വീടിന്റെ ബാൽക്കണിയിലോ ടെറസിലോ പോലും പോയി കളിക്കാം. ക്ലാസുകൾ ഓൺലൈൻ ആകുമ്പോൾ വിനോദങ്ങൾ ഓഫ്ലൈൻ ആകട്ടെ.രാത്രി സമയങ്ങളിൽ വിനോദങ്ങൾക്കായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ശീലം കുടുംബാംഗങ്ങളും ഒഴിവാക്കണം. മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും കുട്ടികൾക്ക് മാതൃകയാവണം.



      

_വിവരങ്ങൾക്ക് കടപ്പാട്:__ഡോ. സനിത സത്യൻ__ചീഫ് ഓഫ്താൽമോളജിസ്റ്റ് & മെഡിക്കൽ ഡയറക്ടർ__വെട്ടം ഐ ക്ലിനിക്,_ _മുളന്തുരുത്തി, എറണാകുളം.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com