മണിക്കടവുകാരൻ Download Androrid App

കമ്പിപ്പാലവും കാനനപാതയും

Date : 27/01/2021

കമ്പിപ്പാലവും കാനനപാതയും

മലയോരങ്ങളിലൂടെ ഭീതിവിതച്ചൊഴുകുന്ന പുഴകൾക്ക് കുറുകെ കടക്കുവാൻ പലയിടങ്ങളിലും ഇന്നും കാണാവുന്ന കാഴ്ചയാണ് തൂക്കുപാലങ്ങൾ. പാലവും കടത്തുതോണികളും ഇല്ലാത്തിടങ്ങളിൽ ജനങ്ങൾക്ക് ഏക ആശ്രയും ഇത്തരം തൂക്കുപാലങ്ങളാണ്. ഞാൻ പഠിച്ച മണിക്കടവ് സെന്റ് തോമസ് സ്കൂളിനടുത്തും ഉണ്ട് ഇത്തരമൊരു തൂക്കുപാലം. കുടിയേറ്റകർഷകർ തിങ്ങിപ്പാർക്കുന്ന മണിക്കടവിലൂടെ ഒഴുകുന്ന ഉടുമ്പിപ്പുഴ മഴക്കാലത്ത് കരകവിഞ്ഞൊഴുകുമ്പോൾ ഗ്രാമത്തിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നൊരു കാലമുണ്ടായിരുന്നു. വട്ട്യാംതോട്ടിൽ ജനങ്ങൾ മുൻകൈയെടുത്ത് പാലം പണിയുന്നതുവരെ മണിക്കടവ്, ആനപ്പാറ, കാഞ്ഞിരക്കൊല്ലി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങൾ ഒരുപാട് യാത്രാക്ലേശങ്ങൾ അനുഭവിച്ചിരുന്നു. എങ്കിലും പെരുംമഴ നിറുത്താതെ പെയ്യുന്ന വർഷകാലങ്ങളിൽ ജനങ്ങൾ പണിത വട്ട്യാംതോട് പാലവും മണിക്കടവിനടുത്തുള്ള ചപ്പാത്തും (പൊക്കം കുറഞ്ഞ ചെറിയ പാലം) ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിപ്പോകും. ഈ അവസരങ്ങളിൽ മാട്ടറ, ള്ളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിലേയ്ക്ക് പോകേണ്ടവർക്ക് ഏക ആശ്രയം മണിക്കടവിലെ തൂക്കുപാലമായിരുന്നു. 

മണിക്കടവ് ടൗണിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ അകലെയാണ് ജനങ്ങൾ സ്നേഹപൂർവ്വം കമ്പിപ്പാലം എന്നുവിളിക്കുന്ന അവരുടെ പ്രിയപ്പെട്ട തൂക്കുപാലമുള്ളത്. മണിക്കടവിനു തൊട്ടടുത്തുള്ള പാലാക്കുഴി കയത്തിന് അല്പം മുകൾ ഭാഗത്തായിട്ടാണ് തൂക്കുപാലം പണിതിരിക്കുന്നത്. വലിയൊരു കയത്തിനു കുറുകെയാണ് പാലം. പുഴയുടെ ഒരു തീരത്ത് (ആനപ്പാറ റോഡ് സൈഡ്) പടർന്നു പന്തലിച്ചുനിൽക്കുന്ന വലിയൊരു അത്തിമരത്തിലാണ് കമ്പിപ്പാലത്തിന്റെ ഒരറ്റം ബന്ധിപ്പിച്ചിരിക്കുന്നത്. അക്കരെയുള്ള വലിയ പാറക്കെട്ടിലാണ് മറുഭാഗം ബന്ധിപ്പിച്ചിരിക്കുന്നത്. പുഴയിൽ നിന്നും ഏതാണ്ട് നാലാൾപൊക്കമുണ്ട് പാലത്തിന്. പാലത്തിന് താഴെയുള്ള കയം അറിയപ്പെടുന്നത് കമ്പിപ്പാലം കയം എന്നാണ്. 

അഞ്ചാം ക്ലാസ്സിൽ മണിക്കടവ് സ്കൂളിൽ ചേർന്നശേഷമാണ് ഞാൻ ഈ പാലം ആദ്യമായി കാണുന്നത്. ലഞ്ച് ബ്രേക്കിന് ആൺകുട്ടികൾ പാലം കാണാൻ കൂട്ടത്തോടെ പോകുമായിരുന്നു. പുഴയ്ക്ക് അക്കരെയുള്ള കുട്ടികൾ ഈ പാലത്തിലൂടെയാണ് സ്കൂളിലേയ്ക്ക് വരുന്നതും പോകുന്നതും. നല്ല മഴക്കാലത്ത് മേൽപറഞ്ഞ രണ്ട് പാലങ്ങളും വെള്ളത്തിൽ മുങ്ങുമ്പോൾ, കാലാങ്കി, മാട്ടറ എന്നിവിടങ്ങളിലെ കുട്ടികൾ പോലും ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. കുട്ടികൾ പാലത്തിന് അക്കരയിക്കര നടന്നുപോകുന്നത് ഞാൻ കൗതുകത്തോടും ഭീതിയോടും വീക്ഷിച്ചു, ആദ്യദിവസങ്ങളിൽ. ക്രമേണ പാലത്തിൽ ഒന്നു സഞ്ചരിക്കാൻ മോഹമായി. മണിക്കടവ് സ്കൂളിലെ പുതിയ കൂട്ടുകാർ ധൈര്യം പകർന്നു. അവരോടൊപ്പം കാലത്തിൽ കയറി. വലിച്ചുകെട്ടിയ വലിയ കമ്പികളിൽ പലക കഷണങ്ങൾ നിരത്തിയാണ് പാലം പണിതിട്ടുള്ളത്. രണ്ടു സൈഡിലും കൈപിടിക്കാൻ കമ്പിവലിച്ചുകെട്ടിയിട്ടുണ്ട്. കൂട്ടുകാരോടൊപ്പം പതുക്കെ നടന്ന് പാലത്തിന്റെ മധ്യഭാഗത്ത് എത്താറായപ്പോൾ പാലം ചെറുതായി ആടിത്തുടങ്ങി. ഞാൻ വല്ലാതെ പേടിച്ചുപോയി. താഴേയ്ക്ക് നോക്കിയപ്പോൾ തലകറങ്ങുന്നതായി തോന്നി. കറുത്തമേഘങ്ങളുടെ നിറത്തിൽ നിറഞ്ഞുകവിഞ്ഞ് കിടക്കുന്നു കയം! പേടിച്ചുവിറച്ച്, കൂട്ടുകാരുടെ സഹായത്തോടെ അപ്പുറത്തെത്തി. ഹിമാലയം പിടിച്ചടക്കിയ സംതൃപ്തി തോന്നി! വർദ്ധിച്ച ആവേശത്തോടെ തിരിച്ചുനടന്നു. ഇക്കുറി ചില കുരുത്തം കെട്ടവൻമാർ പാലം കാലുക്കി പേടിപ്പിച്ചു. എങ്കിലും ധൈര്യം സംഭരിച്ച് നടന്ന് ഇക്കരെ തിരിച്ചെത്തി. ഈ അഭ്യാസപ്രകടനം പല ദിവസങ്ങളിൽ കാഴ്ചവെച്ചപ്പോൾ തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരം തീരെ ഭയമില്ലാത്തതായി. പക്ഷെ, ക്രമേണയുള്ള വർഷങ്ങളിൽ പലകകൾ കഷണങ്ങളും ഇളകി താഴെവീണുപോയതിനാൽ തൂക്കുപാലത്തിലൂടെയുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. പ്രത്യേകിച്ചും ചെറിയ പിള്ളേരും പെൺകുട്ടികളും വളരെ ഭയപ്പെട്ടും കഷ്ടപ്പെട്ടുമാണ് അക്കരയിക്കര കടന്നിരുന്നത്. 

പരീക്ഷ കഴിഞ്ഞ് നേരത്തെ പോകുന്ന ദിവസങ്ങളിൽ പുഴയിൽ ചാട്ടം പതിവായിരുന്നു. ചില വിരുതൻമാർ പാലത്തിൽ നിന്നും താഴേയ്ക്ക് ചാടുമായിരുന്നു. കാഞ്ഞിരക്കൊല്ലിയിൽ നിന്നും വന്നിരുന്ന ഒരു സുഹൃത്ത് ചാടുമ്പോൾ രണ്ടുമൂന്ന് കറക്കംകറങ്ങി(somersault) കയത്തിൽ വീഴുന്നത് ശ്വാസമടക്കിപ്പിടിച്ച് നോക്കി നിൽക്കുമായിരുന്നു. പുഴയിൽ നന്നായി നീന്തുമായിരുന്നെങ്കിലും പാലത്തിൽ നിന്ന് ഒരിക്കലും ചാടാനുള്ള ധൈര്യം ഇല്ലായിരുന്നു. ഇന്ന് ഈ പാലം വളരെ ബലത്തിലും അല്പം വീതി കൂട്ടിയുമാണ് പണിതിരിക്കുന്നത്. യാതൊരു ഭയവും കൂടാതെ നടന്നുപോകാം. കമ്പിപ്പാലം കയം ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. കയത്തിലൂടെ ചങ്ങാടത്തിലൂടെ സവാരിചെയ്യാം.

ഈ പാലത്തിനപ്പുറം കടന്ന് കാട്ടിലൂടെ അന്ന് കാഞ്ഞിരക്കൊല്ലി ഭാഗത്തേയ്ക്ക് പോകാൻ ഒരു വഴിയുണ്ടായിരുന്നു. എളുപ്പവഴിയായിരുന്നതുകൊണ്ട് കാഞ്ഞിരക്കൊല്ലിയിൽ നിന്നും ചിറ്റാരിയിൽ നിന്നും കൂളിമാവിൽ (ശാന്തിനഗർ) നിന്നും ഉള്ള കുട്ടികൾ ഈ വഴി ഉപയോഗിച്ചിരുന്നു. വേനൽക്കാലത്ത് മാത്രമേ ഈ വഴിക്ക് പോകാൻ കഴിയുമായിരുന്നുള്ളു. കൂളിമാവിന് താഴെ പുഴയിറങ്ങികടക്കണം. വനത്തിലൂടെ ഒരുപാട് ദൂരം പോകേണ്ടിയിരുന്നതുകൊണ്ട് കുട്ടികൾ കൂട്ടമായേ പോയിരുന്നുള്ളു. തൂക്കുപാലം കടന്ന് മൂന്നാലു സഹപാഠികളുടെ പറമ്പുകൾ കഴിഞ്ഞാൽ കർണ്ണാടക ഫോറസ്റ്റാണ്. കാനനപാതയ്ക്കിരുവശവും വൻമരങ്ങളും വള്ളിക്കെട്ടുകളുമാണ്. ഇരുണ്ടുകിടക്കുന്ന കാട്ടിലൂടെ ആരും തനിയെ പോയിരുന്നില്ല. കാടുതുടങ്ങുന്നതുവരെയുള്ള ഒറ്റയടിപ്പാതക്കിരുവശവും നിറയെ കുറുന്തോട്ടി വളർന്നുനിന്നിരുന്നു. ചില കുരുത്തംകെട്ടവൻമാർ രണ്ടു സൈഡിലുമുള്ള കുറുന്തോട്ടി കെട്ടിയിടും. പിറകെ വരുന്ന പെൺകുട്ടികൾ കാലുതട്ടിവീഴുന്നത് കാണാൻ. അതിലൊരു വിരുതനെ ഒരിക്കൽ പെൺകുട്ടികൾ കൈയ്യോടെ പിടികൂടി ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചപ്പോൾ അവന് കിട്ടിയ ചൂരൽകഷായം കക്ഷി ഒരിക്കലും മറക്കാനിടയില്ല. കൂളിമാവിന് താഴെയെത്തുമ്പോഴാണ് പുഴകടന്ന് വീണ്ടും ഇക്കരെയെത്തുക. വീതികൂടിയ പുഴ ഇവിടെ പരന്നൊഴുകുന്നു. ഒഴുക്കുണ്ടെങ്കിലും നിറഞ്ഞുവളരുന്ന ആറ്റുവഞ്ചികളിൽ മുറുകെപ്പിടിച്ച് ചിതറിക്കിടക്കുന്ന കല്ലുകളിൽ ചവിട്ടി വലിയ ബുദ്ധിമുട്ടില്ലാതെ അക്കരെയെത്താം. പക്ഷെ മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുമ്പോൾ കാനനപാത ഉപയോഗ ശൂന്യമാകും. ഇവിടെ കാടിനോടു ചേർന്ന് ഒരു ലൂവിമരം ഉണ്ടായിരുന്നു. നിറയെ ലൂവിക്ക കായ്ക്കുന്ന ഈ മരത്തിൽ കയറി ലൂവിക്ക പറിച്ച് തിന്നുമായിരുന്നു ഞങ്ങൾ. നല്ല മധുരമുള്ള പഴമാണ് ലൂവിക്ക

കൂളിമാവിലുള്ള ഒട്ടലാങ്കൽ കയം നീന്തൽ വിദഗ്ദ്ധൻമാരുടെ വിവാഹകേന്ദ്രമായിരുന്നു. ആനപ്പാറ റോഡുവഴി തിരികെ പോകുമ്പോൾ (പരീക്ഷ കഴിഞ്ഞ്) പുഴയിലൂടെയുള്ള വഴിയെ നടന്ന് ഒട്ടലാങ്കൽ കയത്തിലെത്തും. സാമാന്യം നീളവും വീതിയുമുള്ള കയത്തിന് നല്ല ആഴവുമുണ്ട്. ഒരു സൈഡിലുള്ള പാറയിൽ നിന്ന് വെള്ളത്തിലേയ്ക്ക് ചാടാൻ നല്ല രസമായിരുന്നു. പക്ഷെ വെള്ളം കൂടുതലുള്ള സമയങ്ങളിൽ ഇവിടെ നീന്തൽ ഒഴിവാക്കുമായിരുന്നു. ഈ കയത്തിന് അല്പം താഴെ ഭാഗത്തായി ഒടിച്ചുകുത്തി കയമുണ്ട്. വലിയ ആഴവും ചുഴികളുമുള്ള കയത്തിൽ ആ ഭാഗത്തുളള ചിലർ നീന്തുമായിരുന്നെങ്കിലും ഞങ്ങളുടെ സംഘം അത് ഒഴിവാക്കുമായിരുന്നു. കമ്പിപ്പാലവും കാനനപാതയും പുഴയിൽച്ചാട്ടവും ഒളിമങ്ങാത്ത ഓർമ്മകളായി ഇന്നും മനസ്സിന്റെ മണിച്ചെപ്പിൽ !!

ജോസ് അഗസ്റ്റിൻ

Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com