മണിക്കടവുകാരൻ Download Androrid App

ഒരു കർഷകചരിതം

Date : 09/01/2021

ഒരു കർഷകചരിതം

അയാൾ ടെറസ്സിലേക്കുള്ള സ്റ്റെപ്പു കയറി.. സ്റ്റെപ്പുകൾ കയറാൻ അല്പം ബുദ്ധിമുട്ടാണ്. കാൽമുട്ടുകൾ മടങ്ങാൻ പ്രയാസമായിത്തുടങ്ങി. പിന്നെ കിതപ്പും ഉണ്ട്. പ്രായം എഴുപതു കഴിഞ്ഞില്ലേ .... ഇതൊക്കെ സ്വാഭാവികമാണല്ലോ. അതുകൊണ്ട് കാര്യമാക്കാറില്ല. ടെറസ്സിൽ അല്പം കൃഷിയുണ്ട്. ചാക്കിൽ നട്ട കുറച്ചു കപ്പയും പയറും പാവലുമൊക്കെ. അവയൊക്കെയൊന്നു കാണണം രാവിലെതന്നെ. പാവലിലും പയർവള്ളിയിലും കഴിഞ്ഞ ദിവസം നാമ്പിട്ട ഇലകൾ എത്രയെന്ന് കൃത്യമായി അറിയാം. ഇന്നെത്ര പുതിയ നാമ്പുകൾ ഉണ്ടെന്ന് നോക്കണം. പുതിയ ഇലകളും പൂമൊട്ടുകളും പൂക്കളം കായ്കളും കാണാൻ തന്നെ നല്ല ശേലാണ്. അവയിലൊക്കെ പതുക്കെ തൊട്ടുതലോടാൻ നല്ല രസമാണ്. പഴുത്ത് താഴെവീണ ഇലകൾ പെറുക്കിയെടുത്ത് ഒരു മൂലയ്ക്ക് വയ്ക്കും. കുറച്ചധികമാകുമ്പോൾ വീടിനോടു ചേർന്നുനിൽക്കുന്ന തെങ്ങിൻ ചുവട്ടിലിടും. രാവിലെ പയറിനും പാവലിനും വെള്ളമൊഴിക്കണം. അതിനുവേണ്ടി ഒരു ടാപ്പ് മകൻ ടെറസ്സിൽ വച്ചുകൊടുത്തിട്ടുണ്ട്. കപ്പ പറിക്കാറായതിനാൽ വെള്ളമൊഴിക്കേണ്ട. അധികമൊന്നുമില്ല. ആകെ പത്തുമൂട് കപ്പയേയുള്ളു. കഴിഞ്ഞ വർഷം നല്ല വിളവായിരുന്നു. എട്ടും പത്തും കിലോവരെ ഓരോ മൂട്ടിൽ നിന്നും കിട്ടിയതാണ്. ഈ വർഷവും അതിൽ കുറയാനിടയില്ല. ചാണകപ്പൊടിയും പച്ചിലകളും ആവശ്യത്തിനിട്ടതാണ്. ശനി, ഞായർ ദിവസങ്ങളിൽ പേരക്കുട്ടികളും കൃഷിക്കാരാകും. വല്യപ്പനെ സഹായിക്കാൻ അവർ മത്സരിക്കും. രണ്ടുവർഷമേ ആയിട്ടുള്ള ടെറസ്സിൽ കൃഷി തുടങ്ങിയിട്ട്. ടെറസ്സിലെ കൃഷിയെക്കുറിച്ച് ടി വിൽ കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു. ആദ്യം മകനും മരുമകൾക്കും എതിർപ്പായിരുന്നു. ടെറസ്സിൽ കൃഷി ചെയ്താൽ ക്രമേണ വീടിനു കേടുവരുമെന്ന് പറഞ്ഞു. പിന്നെ അങ്ങനെയുണ്ടാവില്ലെന്ന് ആരോ പറഞ്ഞപ്പോൾ സമ്മതിച്ചു. ആകെയുള്ള അഞ്ചുസെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ മണ്ണു വേണ്ടെ. വീടും വീടിനോടു ചേർന്ന കിണറും കഴിഞ്ഞാൽ ചെറിയൊരു മുറ്റമാണ്. മുറ്റത്തിനു ചുറ്റും പറ്റാവുന്നത്ര പൂച്ചെടികൾ നട്ടിട്ടുണ്ട്. പിന്നെ ഒരു തെങ്ങും. തെങ്ങോലകൾ പുറത്തേക്ക് വളരുമ്പോൾ മുറിച്ചുമാറ്റും. അല്ലെങ്കിൽ അയൽക്കാരൻ വഴക്കിനു വരും. അയാളെ കുറ്റം പറയാൻ കഴിയില്ല. അയാൾക്കും ഇത്രയും സ്ഥലം മാത്രമാണുള്ളത്. അയാളുടെ പ്ലാവിന്റെ ശിഖരങ്ങൾ ഈ പറമ്പിലേക്ക് വളർന്നാൽ മുറിച്ചുകളയാറുണ്ട്. മുറ്റത്തെ ചെടികളിലെ ഇലകളുട എണ്ണവും പുതിയതായി വിരിഞ്ഞ പൂക്കളുടെ എണ്ണവുമൊക്കെ കൃത്യമായി അറിയാം. തെങ്ങിൽ വിരിഞ്ഞ പുതിയ ചൊട്ടകൾ, പറിക്കാറായ തേങ്ങകൾ ... എല്ലാം. എല്ലാ ചെടികൾക്കും വെള്ളമൊഴിക്കും, കീടങ്ങളെ പെറുക്കിയെടുത്ത് നശിപ്പിക്കും, ചാണകപ്പൊടിയിടും ( അല്പം ദൂരെ നിന്നു വാങ്ങിക്കൊണ്ടു വരുന്നതാണ്) ... അങ്ങനെ ഓരോന്നിന്റെയും പിറകെ എപ്പോഴുമുണ്ടാകും. മക്കളെപ്പോലെ തന്നെ ഇഷ്ടമാണ്
 ചെടികളേയും എല്ലാ വൃക്ഷങ്ങളേയും.  മക്കളെ നോക്കുന്നതുപോലെയാണ് അവയേയും പരിചരിക്കാറ്.

വെറുതെയിരിക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർമ്മയിലെത്തും. പണ്ട് വലിയൊരു കർഷകനായിരുന്ന കാലം. മുപ്പത്തഞ്ചു വർഷങ്ങൾക്കപ്പുറമാണ്. വലിയൊരു മലനാട്ടിലായിരുന്നു താമസം. കാടും മലകളും പുഴയും കാട്ടുമൃഗങ്ങളും ധാരാളമുള്ളൊരു കുഗ്രാമം. നല്ല റോഡോ, വാഹന സൗകര്യങ്ങളോ ഇല്ലാത്ത കുടിയേറ്റ കർഷകരുടെ കൊച്ചുഗ്രാമം. പണ്ട് മലബാർ കുടിയേറ്റകാലത്ത് തിരുവിതാംകൂറിൽ നിന്ന് ചെമ്പേരിയിൽ വന്നപ്പോൾ കൊച്ചു കുട്ടിയായിരുന്നു. പത്തു മക്കളിൽ ഏറ്റവും ഇളയ ആൾ. ചെറിയ വിലയ്ക്ക് അഞ്ചേക്കർ ഭൂമി ജന്മിയോടു വാങ്ങിയതും അറിടുത്തെ കാടു വെട്ടിത്തെളിച്ച് അപ്പനും ചേട്ടൻമാരും കൃഷി ചെയ്തതുമായ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. മലമ്പനി വന്ന് തന്റെ നേരെ മുകളിലുള്ള ചേച്ചി മരിച്ചത് ഇപ്പോഴും ഓർക്കുന്നു. വലിയ കഷ്ടപ്പാടായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യംകൊണ്ട് കൃഷി ആദ്യ കാലങ്ങളിൽ വലിയ ബുദ്ധിമുട്ടായിരുന്നു. എങ്കിലും കർഷകർ ആവേശത്തോടെ കപ്പയും കാച്ചിലും ചേമ്പും ചേനയും കരനെല്ലും തെങ്ങും കവുങ്ങും മറ്റും നട്ടു. ചെമ്പേരിയിൽ പള്ളിയും പള്ളിക്കൂടവും വന്നു. എന്നാൽ മിക്ക വീട്ടിലേയും കുട്ടികൾ നാലഞ്ചു ക്ലാസ്സുവരെയെ പഠിച്ചുള്ളു. എല്ലാവരും കൃഷിയിലേയ്ക്ക് തിരിഞ്ഞു. അപ്പൻ ചേച്ചിമാരെ കെട്ടിച്ചയച്ചതും കർഷക വീടുകളിലേക്കാണ്. അതിനുവേണ്ടി പലരോടും പണം കടംവാങ്ങി കടക്കെണിയിൽ പെട്ടു. അഞ്ചിൽ മൂന്നേക്കറും കടം വീട്ടാൻ വിൽക്കേണ്ടി വന്നു. ഒടുവിൽ അപ്പന്റേയും അമ്മയുടേയും കാലശേഷം നാലാൺമക്കൾക്കും അരയേക്കർ വെച്ചാണ് കിട്ടിയത്. അതിലെ കൃഷികൊണ്ട് കുടുംബം പുലർത്താൻ സാധിക്കാതായപ്പോൾ കിട്ടിയ വിലയ്ക്ക് കൊടുത്താണ് ഓണംകേറാമൂലയായ ആ മലനാട്ടിലെത്തിയത്. വലിയ വൻകാടുകൾ നിറഞ്ഞ മലകളാൽ ചുറ്റപ്പെട്ട ഒരു ഒരു കാട്ടുപ്രദേശം. വൈകിയെത്തിയ കുടിയേറ്റ കർഷകൾ താമസിക്കുന്ന സ്ഥലം. ചെമ്പേരിയിൽ നിന്നും കുറേയകലത്തിലാണ്. കാടിനോടു ചേർന്നു കിടക്കുന്ന നാലേക്കർ ഭൂമി വാങ്ങി. മറ്റു കർഷകർ ചെയ്യുന്നതുപോലെ കൃഷിയാരംഭിച്ചു. നല്ല വളക്കൂറുള്ള മണ്ണായിരുന്നു. കരനെല്ലും കപ്പയും വാഴയുമൊക്കെ നട്ടു. ചെറിയൊരു പുല്ലുമേഞ്ഞ വീടുവച്ചു. കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാൻ പറമ്പിനു ചുറ്റും വേലികെട്ടി. എങ്കിലും വേലിക്കു മുകളിലൂടെ ചാടിയും വേലിതകർത്തും കാട്ടുപന്നികളും മുള്ളൻപന്നികളും മറ്റും വിളവിന്റെ നല്ലൊരു ഭാഗം നശിപ്പിച്ചു. വാഴകൾ വളർന്നുപൊങ്ങിയപ്പോൾ മഴക്കാലത്ത് മലങ്കാറ്റിൽ പകുതിയിലധികവും വീണുപോയി. കൃഷി നഷ്ടത്തിനു വില്ലേജാഫീസിൽ അപേക്ഷ കൊടുത്തെങ്കിലും ഒന്നും കിട്ടിയില്ല. മറ്റു കർഷകർ ചെയ്തതുപോലെ തകർന്ന വേലി വീണ്ടും കെട്ടി വീണ്ടും കൃഷിയിറക്കി. കാവൽമാടം കെട്ടി രാത്രിയിൽ കൃഷിക്കു കാവലിരുന്നു. എന്നിട്ടും നല്ലൊരു ഭാഗം വിളവുകളും മൃഗങ്ങൾ കൊണ്ടുപോയി. അങ്ങനെയാണ് കർഷകർ റബ്ബറിലേക്ക് തിരിയാൻ തുടങ്ങിയത്. ബാങ്കുകളിൽ നിന്ന് പണം കടമെടുത്ത് രണ്ടേക്കർ സ്ഥലത്ത് റബ്ബർത്തൈകൾ നട്ടു. നല്ല വിലകൊടുത്ത് വാങ്ങി, പണിക്കാരെ കൂലിക്കു വച്ചാണ് റബർക്കുഴി കുത്തിയത്. കല്ലു നിറഞ്ഞ സ്ഥലത്ത് കുഴിയെടുക്കാൻ വളരെ ബുദ്ധിമുട്ടി. തൈകൾ വളർന്നുപൊങ്ങിയപ്പോൾ മനംകുളിർത്തു. എല്ലാ കഷ്ടപ്പാടുകളും തീരുമെന്നാശിച്ചു. വളംവാങ്ങി തൈകളുടെ ചോട്ടിലിട്ടു. പ്ലാറ്റ്ഫോം വെട്ടി. ലോണെടുത്ത പണം തീർന്നു. ബാക്കി സ്ഥലത്ത് മറ്റു കൃഷികളും തുടർന്നു. തെങ്ങും പ്ലാവും മാവും കവുങ്ങും ഒക്കെ നട്ടു. ഭൂമിയിൽ കിളച്ചുമറിക്കാൻ വലിയ ആവേശമായിരുന്നു. വൃക്ഷത്തൈകൾ വളർന്നുപൊങ്ങുന്നതു കാണുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാനാകില്ല.

റബ്ബർ നട്ടതിന്റെ മൂന്നാം വർഷം ഒരു മഴക്കാലത്ത് രാവിലെ ഉണർന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. റബ്ബർത്തൈകളെല്ലാം ചവിട്ടിയൊടിച്ചിട്ടിരിക്കുന്നു! രാത്രിയിൽ കാട്ടാനകൾ കൂട്ടമായെത്തിയതാണ്. കൃഷി ഓഫീസിലും വില്ലേജോഫീസിലും കയറി ഇറങ്ങി. നഷ്ടപരിഹാരം കിട്ടിയില്ല. ആകെ കഷ്ടത്തിലായി. വീട്ടുചിലവു നടത്താൻ ദൂരെ കൂലിപ്പണിക്കു പോയിത്തുടങ്ങി. അതും എപ്പോഴും കിട്ടാതായി. അതിനിടയിൽ ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്തതിനാൽ ബാങ്കിന്റെ നോട്ടീസ് വന്നുതുടങ്ങി. ഒടുവിൽ കിട്ടിയ വിലയ്ക്ക് സ്ഥലം വിറ്റ് ബാങ്കിലെ കടം വീട്ടി ദൂരെ പട്ടണത്തിലേക്ക് കുടുംബത്തോടൊപ്പം വണ്ടികയറി. പട്ടണത്തിനടുത്ത് ഒരു വീടു വാടകക്കെടുത്തു. കുട്ടികളെ പട്ടണത്തിലെ സ്കൂളിൽ ചേർത്തു. ഇഷ്ടം പോലെ കൂലിപ്പണി കിട്ടി. കെട്ടിടം പണിയും കൂടാതെ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ധാരാളം പണികൾ കിട്ടി. കുട്ടികൾ മൂന്നുപേരും നന്നായി പഠിച്ചു. മൂത്ത മകളെ നഴ്സിംഗ് പഠിപ്പിച്ചു. ദുബായിൽ ജോലിയായി. ഇളയ രണ്ടാൺമക്കളും ജോലിക്കാരായി. പട്ടണത്തിൽ അഞ്ചു സെന്റ് സ്ഥലവും വീടും ആയി. മകളെ കെട്ടിച്ചയച്ചു. മൂത്ത മകൻ ബാംഗ്ലൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഇളയവൻ പട്ടണത്തിൽത്തന്നെ ഒരു കമ്പനിയിൽ സാമാന്യം തരക്കേടില്ലാത്ത ജോലിയാണ്. 

ഇതിനിടയിൽ ഗ്രാമത്തിലെ വിശേഷങ്ങൾ എഴുത്തിലൂടെ അറിയുന്നുണ്ടായിരുന്നു. തൊട്ടയൽവാസിയായിരുന്ന കർഷകൻ കടംകേറി ഫ്യൂറിഡാൻ കഴിച്ച് ആത്മഹത്യ ചെയ്തു. കടംകേറി മുടിയുകയും, ബാങ്കുകാർ വീടും സ്ഥലവും ജപ്തി ചെയ്തോണ്ടുപോയതോടെ ജീവിത മാർഗ്ഗമടഞ്ഞ വേറെ ചിലരും ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി ജീവിതമവസാനിപ്പിച്ചത്രെ. കാട്ടുമൃഗങ്ങളുടെ ശല്യം സഹിക്ക വയ്യാതെ പലരും കൃഷിസ്ഥലങ്ങൾ ഉപേക്ഷിച്ചുപോയി. ഇപ്പോൾ സ്ഥലം വാങ്ങാൻ ആരും വരാതായി.
ചിലർ കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങളിൽ കൂലിവേലയ്ക്ക് പോയി. മിക്കവരുടേയും മക്കളും കൃഷിക്കാർ തന്നെയായിരുന്നു. ഗ്രാമത്തിൽ ഹൈസ്കൂളും യാത്രാ സൗകര്യങ്ങളുമില്ലാതിരുന്നതിനാൽ ഭൂരിഭാഗം ഗ്രാമവാസികളും മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനു പോകാൻ കഴിഞ്ഞില്ല. താൻ അന്നെടുത്ത തീരുമാനം തന്നെയായിരുന്നു ശരിയെന്ന് കത്തെഴുതുന്നവർ പറയുന്നു. ഒരിക്കൽക്കൂടി അവിടം വരെയൊന്ന് പോകണമെന്ന് ആഗ്രഹമുണ്ട്. ഭാര്യ ജീവിച്ചിരിക്കെ അതിനു കഴിഞ്ഞില്ല. മൂത്ത മകനും കുടുംബവും വേനൽ അവധിക്കു വരുമ്പോൾ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടുണ്ട്. ആ കാടും മലയും പുഴയും മറ്റും ഒന്നുകൂടി കാണണം. പിന്നെ പഴയ കൂട്ടുകാരിൽ ഇന്നവിടെ ബാക്കിയുള്ളവരെക്കൂടി കാണാമല്ലോ. മലമുകളിലെ കാറ്റിന്റെ കുളിർ അയാൾക്കനുഭവപ്പെട്ടുതുടങ്ങി ....

ജോസ് അഗസ്റ്റിൻ

Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com