മണിക്കടവുകാരൻ Download Androrid App

Manikkadavu -കഥ: മടക്കം

കഥ: മടക്കം

Date : 01/07/2021

കഥ: മടക്കം ഇനിയുമുണ്ട് മൂന്നുമണിക്കൂർ. ഉറങ്ങാൻ സമയമേറെയുണ്ടെങ്കിലും ഉറക്കം വരുന്നില്ല. ട്രെയിനിലാണെങ്കിൽ സുഖമായി ഉറങ്ങും. ട്രെയിനിന്റെ താളത്തിലുള്ള ചലനം ശ്രദ്ധിച്ചിരുന്നാൽ കണ്ണുകൾ അടഞ്ഞുപോകുന്നതറിയുകയേയില്ല. മുപ്പത്തഞ്ചു വർഷത്തിനകം എത്രയോ ട്രെയിൻ യാത്രകൾ! മഹാനഗരത്തിൽ ചേക്കേറിയതിനു ശേഷം ഏതാണ്ടെല്ലാവർഷവും നാട്ടിൽ പോയിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചുവർഷം മാത്രമേ അവധിക്കാലത്ത് ഫ്ലൈറ്റിൽ പോയിട്ടുള്ളു. പ്രായം ഏറിയതോടെ ട്രെയിൽ യാത്ര വല്ലാത്ത മടുപ്പായി. എലിസബത്തിനായിരുന്നു കൂടുതൽ പരാതി. മൂന്നുദിവത്തെ ട്രെയിൻ യാത്ര അവൾക്ക് സഹിക്കാനാകാതായപ്പോഴാണ് ആദ്യമായി ഫ്ലൈറ്റിൽ ഒന്നിച്ചു നാട്ടിൽ പോയതും വന്നതും. തുടർന്നുള്ള മൂന്നുവർഷങ്ങളിലും ട്രെയിൻ യാത്രയെക്കുറച്ച് ചിന്തിച്ചതേയില്ല. കഴിഞ്ഞവർഷം നാട്ടിൽ പോയി വന്നപ്പോൾ എലിസബത്ത് പറഞ്ഞു, "ഇനിയൊരുവർഷം കൂടി. പിന്നെ ഞാനൊരു യാത്രയ്ക്കും ഇല്ല. അവസാനത്തെ കുറച്ചുവർഷമെങ്കിലും സ്വന്തം നാട്ടിൽ കഴിയണം ". അതായിരുന്നു തന്റെയും ആഗ്രഹം. മുപ്പത്തഞ്ചു വർഷം നാട്ടിൽനിന്ന് അകന്നുനിന്നു. ഇരുപത്തഞ്ചാം വയസ്സിൽ നാടുവിട്ടതാണ്. ആദ്യം ജോലിതേടി മഹാനഗരത്തിൽ ചേക്കേറിയ കൂട്ടുകാരാണ് ഇവിടേക്ക് പറിച്ചുനടാൻ കാരണം. ഡിഗ്രി കഴിഞ്ഞ് പാരലൽ കോളേജുകളിൽ പഠിപ്പിച്ചു നടന്ന് മൂന്നാലു വർഷം പാഴാക്കി. ആദ്യം നാടുവിട്ട കൂട്ടുകാർ പലവട്ടം തലസ്ഥാനത്തേയ്ക്ക് വണ്ടികയറാൻ കത്തെഴുതിയെങ്കിലും കൂട്ടാക്കിയില്ല. നാടുവിടാൻ മടിയായിരുന്നു. ബുദ്ധിമുട്ടായിരുന്നെങ്കിലും വീടും നാടും നാട്ടുകാരുമായിരുന്നു പ്രിയം. പക്ഷെ പാരലൽ കോളേജിലെ ശമ്പളം വട്ടച്ചിലവിനു പോലും തികയാതായപ്പോൾ വീട്ടുകാർ മുഖംകറുത്ത് പറയാൻ തുടങ്ങി, "ഇവനെ പഠിപ്പിച്ചത് വെറുതെയായി". ആരെയും കുറ്റം പറയാൻ കഴിയില്ല. തനിക്ക് താഴെ ആറുപേർ ഉണ്ട്. എല്ലാവരും പഠിക്കുന്നു. പറമ്പിലെ വരുമാനം കൊണ്ട്മാത്രം എല്ലാം നടന്നുപോകില്ല. അപ്പനൊരാൾ പറമ്പിൽ പണിയെടുത്തുണ്ടാക്കുന്നത് മാത്രമായിരുന്നു വരുമാനം. അപ്പൻ കഴിഞ്ഞാൽ കുടുംബത്തോട് കൂടുതൽ ഉത്തരവാദിത്വം മൂത്തയാൾക്കാണന്നാണ് നാട്ടുനടപ്പ്. ഒടുവിൽ കൂട്ടുകാർക്കെഴുതി വരുവാണെന്ന് . അങ്ങനെയാണ് ഡൽഹിയിൽ എത്തിയത്. നേരത്തെയെത്തിയ കൂട്ടുകാർക്കൊപ്പം താമസിച്ചു. ചിലരൊക്കെ സാമാന്യം നല്ല കമ്പനികളിൽ കയറിയിരുന്നു. ചിലർക്ക് കഷ്ടപ്പാടു തന്നെയായിരുന്നു. മൂന്നാലുമാസത്തെ അന്വേക്ഷണത്തിനൊടുവിൽ ഒരു കമ്പനിയിൽ അറ്റൻഡർ ആയി ജോലി കിട്ടി. ശമ്പളം തുച്ഛമായിരുന്നെങ്കിലും ഹിന്ദി പഠിക്കും വരെ സഹിച്ചുനിൽക്കാൻ കൂട്ടുകാർ ഉപദേശിച്ചു. വൈകിട്ട് ഏഴുമണി മുതൽ എട്ടുമണിവരെ ഒരു ടൈപ്പ് റൈറ്റിംഗ് സെന്ററിൽ ടൈപ്പും ഷോർട്ട്ഹാന്റും പഠിക്കാൻ പോയിത്തുടങ്ങി. ഏറ്റവും സന്തോഷമുള്ള ദിനങ്ങളായിരുന്നു. രാത്രിയിൽ തങ്ങൾ കൂട്ടുകാർ ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കുന്നു , ഒന്നിച്ചിരുന്നു തമാശകൾ പറഞ്ഞ് കഴിക്കുന്നു , ജോലിസ്ഥലത്തെ വിശേഷങ്ങൾ പറയുന്നു. ഓരോരുത്തരും ഓഫീസിൽ അനുഭവിച്ച കഷ്ടപ്പാടും സന്തോഷവും പങ്കുവെയ്ക്കുന്നു. ആറുപേർ ഒന്നിച്ചായിരുന്നു താമസം. തമാശ, ചിരി, കളിയാക്കൽ, പരിഭവങ്ങൾ, പിണക്കങ്ങൾ ..... എന്തെല്ലാം! നാട്ടിൽ നിന്നു കത്തുവരുന്നവർ മാറിപ്പോയിരുന്ന് വായിക്കുമ്പോൾ ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെടും. വീട്ടുകാരുടെ വിശേഷങ്ങൾ, ആവശ്യങ്ങൾ, ആവലാതികൾ ... അങ്ങനെ എല്ലാം എല്ലാം പങ്കുവെച്ചുള്ള ജീവിതം. ആദ്യമായി ശമ്പളം കിട്ടിയപ്പോൾ റൂമിലെ ചിലവും വാടകയും കഴിഞ്ഞ് ബാക്കിയില്ലായിരുന്നു. കൂട്ടുകാർ കടംതന്ന് നാട്ടിലേയ്ക്ക് പൈസ അയപ്പിച്ചു. ആറുമാസംകൊണ്ട് അത്യാവശ്യം ഹിന്ദി പഠിച്ചു. പിന്നെ കമ്പനി മാറി. സാലറിയിൽ മാറ്റം വന്നു. വീണ്ടും വീണ്ടും കമ്പനികൾ മാറി. ഇതിനിടയിൽ ഒരു കംപ്യൂട്ടർ കോഴ്സും ചെയ്തു. അങ്ങനെയാണ് നല്ലൊരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിക്ക് കയറിയത്. സഹോദരങ്ങൾ പഠിച്ചു. എല്ലാവരും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശത്തുമൊക്കെയായി ജോലിയിൽ കയറി. കൂടുകാർ ഓരോരുത്തരായി വിവാഹം കഴിച്ച് കുടുംബമായി നഗരത്തിന്റെ പല ഭാഗങ്ങളിലായി താമസം മാറി. മുപ്പതാമത്തെ വയസ്സിൽ താനും വിവാഹം കഴിച്ചു. എലിസബത്ത് ഡിഗ്രിക്കാരിയായിരുന്നെങ്കിലും ജോലിക്കൊന്നും വിട്ടില്ല. കാലമാം വൃക്ഷത്തിന്റെ ഇലകൾ പൊഴിഞ്ഞുകൊണ്ടിരുന്നതറിഞ്ഞില്ല. സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി. തറവാട്ടു വീട്ടിൽ അപ്പനും അമ്മയും തനിച്ചായി. എല്ലാ വർഷവും കൃത്യം ഒരുമാസം അപ്പനോടും അമ്മയോടുമൊപ്പം നിൽക്കാൻ നാട്ടിലെത്തും. എലിസബത്തിനും ഇഷ്ടമായിരുന്നു. പിന്നീട് കുട്ടികൾ ആയപ്പോൾ അവർക്കും നാട്ടിലേക്കുള്ള യാത്രകൾ രസകരമായി. സഹോദരങ്ങൾ അവധിക്കു വരുമ്പോഴും തറവാട്ടിൽ ഒച്ചയും അനക്കവുമൊക്കെയായി ബഹളം തന്നെയായിരിക്കും. ഒരു ദിവസം ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിലാണ് നാട്ടിൽ നിന്നും ഫോൺ വന്നത്. അപ്പന് സുഖമില്ല. ആശുപത്രിയിലാണ്. പെട്ടെന്ന് ചെല്ലണം. അപ്പോഴായിരുന്നു ആദ്യത്തെ വിമാനയാത്ര. തനിയെയാണ് പോയത്. മനസ്സ് കലുഷിതമായിരുന്നതിനാൽ എങ്ങനെയാണ് യാത്രചെയ്തതെന്നുപോലും അറിഞ്ഞില്ല. ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. അപ്പൻ പോയിരുന്നു. അറ്റാക്കായിരുന്നു. സഹോദരങ്ങൾ എല്ലാം വന്നിരുന്നു. എല്ലാം കഴിഞ്ഞ് ഓരോരുത്തരായി മടങ്ങി. അമ്മയെ തനിയെയാക്കി എങ്ങനെ മടങ്ങുമെന്നോർത്ത് വിഷമിക്കുമ്പോൾ അമ്മ തന്നെയാണ് സമാധാനത്തോടെ മടങ്ങാൻ നിർബന്ധിച്ചത്. ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയെ നിർബന്ധിച്ച് നഗരത്തിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് അമ്മയെ കൂടെ കൊണ്ടുപോകാൻ എല്ലാവരും മത്സരമായി. ആരെയും വിഷമിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ഓരോ വർഷം ഇടവേളയിൽ അമ്മ എല്ലാ മക്കളുടെയും കൂടെ താമസിച്ചു. അവധിക്കാലത്ത് നാട്ടിൽ പോയി വരാൻ മക്കൾക്കും വലിയ ഇഷ്ടമായിരുന്നു. പക്ഷെ സ്ഥിരമായി നാട്ടിൽ താമസിക്കുന്ന കാര്യം ആലോചിക്കാൻ പോലും അവർക്കാകില്ലായിരുന്നു. പഠനം കഴിഞ്ഞ് മകൻ വെസ്റ്റിൽ ചേക്കേറി. ഇളയവൻ തലസ്ഥാനത്ത് തന്നെ ജോലിയിൽ കയറി. പെട്ടെന്നാണ് നിനച്ചിരിക്കാതെ ചെന്നൈയിൽ അനിയനോടൊപ്പമുണ്ടായിരുന്ന അമ്മ വിടപറഞ്ഞത്. സംസ്കാരത്തിന് എല്ലാ മക്കളും കുടുംബസമേതം എത്തി. എല്ലാം കഴിഞ്ഞു മടങ്ങുമ്പോൾ മനസ്സിൽ വല്ലാത്തൊരു ശൂന്യതയനുഭവപ്പെട്ടിരുന്നു. പിന്നീട് സഹോദരങ്ങളെ ഒന്നിച്ചുകാണുവാൻ സാധിക്കാതായി. പിന്നീടും എല്ലാവർഷവും മുടങ്ങാതെ അവധിക്ക് നാട്ടിൽ പൊയ്ക്കൊണ്ടിരുന്നു. അടഞ്ഞുകിടക്കുന്ന തവവാടുവീട് അങ്ങനെ വർഷത്തിലൊരു മാസം ' വീടായി' മാറും. സ്ഥലം വീതം വച്ചപ്പോൾ സഹോദരങ്ങൾ അവരവരുടെ വീതം വിൽക്കാനാണെന്ന് പറഞ്ഞപ്പോൾ തറവാട് ഏറ്റെടുക്കുകയായിരുന്നു. ഓർമ്മകൾ ഉറങ്ങുന്ന വീട്, അച്ഛന്റേയും അമ്മയുടേയും ശ്വാസം തങ്ങി നിൽക്കുന്ന അവിടം കൈവിട്ടു കളയാൻ മനസ്സുവന്നില്ല. അതൊന്നു പുതുക്കിപ്പണിയണമെന്നായിരുന്നു ആഗ്രഹം. റിട്ടയർ ചെയ്ത് കഴിഞ്ഞാൽ നാട്ടിലേയ്ക്ക് മടങ്ങണമെന്നത് തന്നേക്കാൽ ആഗ്രഹം എലിസബത്തിനായിരുന്നു. കുട്ടികൾക്ക് എതിർപ്പായിരുന്നു. നഗരത്തിൽ തന്നെ കഴിയണമെന്ന് അവർ പറഞ്ഞു. കുറച്ചുകാലമെങ്കിലും നാട്ടിലെ കാറ്റും വെളിച്ചവും ശാന്തതയും അനുഭവിക്കണമെന്ന ആഗ്രഹം മക്കളുടെ നിർബന്ധത്തിനേക്കാൾ ശക്തമായിരുന്നു. തറവാടു വീട് ചെറുതായൊന്ന് പുതുക്കിപ്പണിയാൻ തയ്യാറെടുക്കുമ്പോഴാണ് നഗരത്തിൽ തന്നെ കൂട്ടുകാർ ഒരു പുതിയ ആശയവുമായി വന്നത്. എല്ലാവരും അടുത്തടുത്ത് വീടുവയ്ക്കുക. ഗ്രാമത്തിൽ തന്നെ മതി. ഒരേക്കർ ഭൂമി വാങ്ങി പ്ലോട്ടുകളായി തിരിച്ച് ആറു വീടുകൾ അടുത്തടുത്തായി പണിയുക. ആരുടേയും കുട്ടികൾ ഗ്രാമത്തിലേയ്ക്ക് മടങ്ങില്ല. പിന്നെ പ്രായമാകുമ്പോൾ അവർക്കൊരു ഭാരമായി തോന്നരുത്. അടുത്തടുത്ത് താമസിച്ചാൽ എന്നും കാണുകയും വയസ്സുകാലത്ത് പരസ്പരം സഹായിക്കുകയുമാകാം. ആരും ഒറ്റപ്പെട്ടു എന്ന ഫീലിംഗ് ഉണ്ടാവുകയുമില്ല. വീടുകൾ വച്ച് ബാക്കിയുള്ള സ്ഥലത്ത് ഒരു പൂന്തോട്ടവും ചെറിയൊരു പാർക്കും പണിയുക. വൈകുന്നേരങ്ങളിൽ ഒന്നിച്ചിരുന്ന് സൊറപറയുകയും നടക്കുകയും ചെയ്യാം. ഐഡിയ എല്ലാവർക്കും ഇഷ്ടമായി. തറവാടു വീട് ചെറിയ അറ്റകുറ്റ പണികൾ ചെയ്ത് നിലനിർത്തി. കൂട്ടുകാരുമായി ചേർന്ന് വാങ്ങിയ സ്ഥലം അടുത്ത് തന്നെയാണ്. റിട്ടയർ ചെയ്ത് നാട്ടിലെത്തിയ രണ്ടുകൂട്ടുകാരുടെ മേൽനോട്ടത്തിൽ വീടുകളുടെ പണി വേഗത്തിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി എലിസബത്ത് വിടപറഞ്ഞ്. ഉറക്കത്തിൽ ശാന്തമായി; സൈലന്റ് അറ്റാക്ക് ആയിരുന്നെന്നാണ് ഡോക്ടേർസ് പറഞ്ഞത്. ശരിക്കും തളർന്നുപോയി. ഏറ്റവും വലിയ നഷ്ടം. താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. നാട്ടിൽ കൊണ്ടുപോയി ഇടവക സെമിത്തേരിയിൽ തന്നെ അടക്കി. ഒരു വർഷം കഴിഞ്ഞിരിക്കുന്നു. വിശ്രമജീവിതം നാട്ടിലാകണമെന്ന് ആഗ്രഹിച്ച എലിസബത്ത് ഇല്ലാത്ത മടക്കയാത്ര . മനസ്സിലെ ശൂന്യത തന്നിലേക്ക് തന്നെ ഒതുക്കി നാട്ടിലേക്ക് തന്റെ നല്ലപാതി ഇല്ലാതെ... അയാൾ ചിന്തയിൽ നിന്നുണർന്ന് വിൻഡോയിലൂടെ വെളിയിലേയ്ക്ക് നോക്കി. അല്പം താഴെയായി വെളുത്ത മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനടക്കുന്നത് കണ്ടു. അതിലെവിടെയോയിരുന്ന് എലിസബത്ത് പുഞ്ചിരിക്കുന്നുണ്ടോ .... "വിഷമിക്കേണ്ട കെട്ടോ.... ഞാൻ കൂടെത്തന്നെയുണ്ട്". വ്യക്തമായി കേട്ടു ..... ഉണ്ട്, കൂടെയുണ്ട് .... പോകരുതെന്ന് മക്കൾ രണ്ടുപേരും പറഞ്ഞതാണ്. പോകാതിരിക്കാൻ കഴിയില്ലല്ലോ? എലിസബത്ത് ഉറങ്ങുന്നത് അവിടെയല്ലേ , പിന്നെ അപ്പനും അമ്മയും . കുട്ടിക്കാലവും യൗവ്വനവും തളം കെട്ടിനിൽക്കുന്ന തറവാടു വീട് . സഹോദരങ്ങൾക്ക് ഇനിയുള്ള കാർന്നവരായി, അതിലും ഉപരിയായി സായാഹ്നത്തിൽ ഒന്നിച്ചുകഴിയാൻ കാത്തിരിക്കുന്ന പ്രിയ സുഹൃത്തുകൾ ..... എങ്കിലും പുതിയ ഭവനത്തിൽ ഒരു ദിവസമെങ്കിലും എലിസബത്തിനോടൊപ്പം കഴിയാൻ കഴിഞ്ഞില്ലല്ലോ .... ഒരിക്കലും ചിന്തിക്കാത്ത തനിയെയുള്ള മടക്കയാത്ര ... അയാൾ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോൾ ഫ്ലൈറ്റ് തിരുവനന്തപുരം എയർപോർട്ടിൽ ലാൻഡ് ചെയ്യുകയായിരുന്നു. ജോസ് അഗസ്റ്റിൻ


മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp