Manikkadave.com മണിക്കടവുകാരൻ


കഥ: നേരറിയാതെDate : 01/03/2021

കഥ: നേരറിയാതെ രാവിലെമുതൽ നിറുത്താതെയുള്ള മഴയാണ്. ഒരു ശമനവുമില്ല. അതെങ്ങെനെയാണ് പെയ്യാതിരിക്കുക.. കർക്കിടകമാസമല്ലേ ... തുള്ളിക്കൊരുകുടം പോലെപെയ്യും. അൽപ്പനേരം തോർന്നാൽ കുറച്ചു വിറകു ശേഖരിക്കാമായിരുന്നു. രാത്രിയിലെ കാറ്റിന് പറമ്പിലെ മരങ്ങളിലെ കൊമ്പുകൾ വീഴുന്ന ശബ്ദംകേട്ടതാണ്. പെറുക്കിയെടുത്ത് ചായ്പ്പിൽ വെച്ചാൽ കുറച്ചുദിവസം കൊണ്ട് വെള്ളം വലിഞ്ഞുകിട്ടും. പിന്നെ അടുപ്പിനരുകിൽ വെച്ചാൽമതി. ഉണങ്ങിക്കിട്ടും. കുറച്ച് വിറകിരിപ്പുണ്ട്. ഒരാഴ്ചത്തേയ്ക്ക് കാണും. ഇപ്പഴേ ശേഖരിച്ചാലേ ഒരാഴ്ചക്കുള്ളിൽ ഉണങ്ങികിട്ടുകൊള്ളു. ചന്ദ്രപ്പൻ കണ്ടാൽ ചോദിക്കും പാപ്പൻചേട്ടനെന്തിനാണ് ഇത്രയും വിറകെന്ന്. ഭാര്യയും കുടുംബവും ഒന്നും ഇല്ലാത്തവന് എന്തിനാണ് ഇത്രയും വിറകും മറ്റും? അവന്റെ സ്ഥിരം ചോദ്യമാണ്. ഹൃദയമില്ലാത്തവൻ! ആ ചോദ്യം തന്നിലേയ്ക്ക് തുളച്ചുകയറുമെന്നറിഞ്ഞുകൊണ്ട്തന്നെ ചോദിക്കുന്നതാണ്. തനിക്ക് ഭാര്യയുണ്ട്. മോളുണ്ട്. കുടുംബമുണ്ട്. കൂടെയല്ലെന്ന് മാത്രം.... മഴതോർന്നല്ലോ. ആശ്വാസമായി. അടുത്ത മഴയ്ക്ക് മുൻപ് തന്നെ കഴിയുന്നത്രയും വിറക് പെറുക്കണം. ഇഷ്ടംപോലെ വീണുകിടപ്പുണ്ട്. രാത്രിയിൽ നല്ല കാറ്റായിരുന്നല്ലോ. "പാപ്പൻചേട്ടാ, വിറകൊരുപാടുണ്ടല്ലോ. കുറച്ചെനിക്കും താ. എന്റെ പറമ്പിൽ മരങ്ങൾ കുറവല്ലേ ..." ചന്ദ്രപ്പനാണ്. ഇവനു വേറെ പണിയൊന്നുമില്ലേ .... " വിറകുവേണൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെടാ ... വെറുതെ തെക്കും വടക്കും നടക്കാതെ". "പാപ്പൻചേട്ടൻ രാവിലെ തന്നെ ചൂടിലാണല്ലോ. പിന്നെ പാപ്പൻചേട്ടാ, നാളെ കല്യാണത്തിനു പോകണ്ടെ?' "ആരുടെ? നിന്റമ്മായിമ്മയുടെയോ?" "അതിനെ ആരെങ്കിലും ഒന്നുകൂടെ കെട്ടിക്കൊണ്ടുപോയിരുന്നേൽ നന്നായിരുന്നു. അപ്പോൾ തന്തയെ വിളിച്ചിട്ടില്ലാ അല്ലേ?" "നീയാരുടെ കാര്യമാ ഈപറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല." " ചേട്ടന്റെ മോളുടെ കല്യാണക്കാര്യം. അളിയൻ പറഞ്ഞറിഞ്ഞതാണ്. എന്തൊരു മനുഷ്യർ! ഇങ്ങനെയുണ്ടോ പക! സ്വന്തം മകളുടെ വിവാഹം തന്തയെപ്പോലും അറിയിക്കാതെ ..." പെട്ടെന്ന് മിന്നലും ശക്തമായ ഇടിമുഴക്കുവുമുണ്ടായി. അതിലും ശക്തിയോടെയാണോ ചന്ദ്രപ്പന്റെ വാക്കുകൾ ചെവിയിൽ പതിച്ചത്! തളർന്നുപോയി. പെറുക്കിയ വിറകുകൾ താഴെവീണു. ശരീരമാകെയൊരു വിറയൽ അനുഭവപ്പെട്ടു. നാക്കുവരണ്ടുണങ്ങുന്നതുപോലെ. തിരികെ വീടിനുള്ളിലേയ്ക്ക് നടന്നു. പുറത്ത് ശക്തമായ കാറ്റും മഴയും വീണ്ടുമാരംഭിച്ചു. ഉമ്മറത്തെ ചാരുകസേരയിൽ തളർന്നിരുന്നു. കണ്ണുകളുയർത്തി ഭിത്തിയിൽ തൂങ്ങുന്ന കുടുംബഫോട്ടോയിൽ നോക്കി. തനിക്കും റോസിക്കുമിടയിൽ മലാഖയെപ്പോലെ ചിരിച്ചുകൊണ്ടുനിൽക്കുന്ന തന്റെ പൊന്നുമോൾ! തന്റെ മിനിക്കുട്ടി. അവസാനമായി കണ്ടത് ഇരുപത് വർഷം മുൻപ്. അഞ്ചുവയസ്സുള്ള മിനിക്കുട്ടിയെയും കൊണ്ട് റോസി ഈ പടികളിറങ്ങിപ്പോയ രംഗം ഇപ്പോഴും അതേപോലെ മുൻപിൽ. പിന്നീടെന്റെ മോൾ വളർന്നിട്ടില്ല മനസ്സിൽ. ജനിച്ചതുമുതൽ അഞ്ചുവയസ്സുവരെയേ മിനിക്കുട്ടി വളർന്നിട്ടുള്ളു. കമിഴ്ന്ന് നിരങ്ങിയതും ആദ്യചുവടുവച്ചതും ആദ്യപല്ലുവന്നപ്പോൾ കവിളത്ത് കടിച്ചതും ഈ മുറ്റത്ത് ഓടിക്കളിച്ച്നടന്നതും തന്റെ തോളിലിരുന്ന് പുറത്ത് സഞ്ചരിച്ചതും എല്ലാം എന്നും കാണാം. അവളിപ്പോഴും ആ കൊച്ചുകുട്ടിയാണ് മനസ്സിൽ. ഇപ്പോൾ വളർന്ന് കല്യാണമായത്രെ! വളരുന്ന എന്റെ മോളെ ഒരിക്കലെങ്കിലും കാണാൻ ആരും സമ്മതിച്ചില്ല. ഒരുപാടുശ്രമിച്ചു. കഴിഞ്ഞില്ല. പിന്നെ താൻ നിരപരാധിയാണന്നറിയുമ്പോൾ തന്റെ മോളെങ്കിലും ഒരിക്കൽ മടങ്ങിവരുമെന്ന് ആശിച്ചു. ആരും വന്നില്ല. എങ്കിലും ആഗ്രഹിച്ചു. വരും. വരാതിരിക്കാനവൾക്കാവില്ല. എന്നിട്ടിപ്പോൾ? നാളെ വിവാഹമാണത്രെ! പപ്പയോടൊരു വാക്ക് പറയാതെ ...... അനുഗ്രഹം വാങ്ങാതെ ...... എന്റെ ദൈവമേ.... ഞാനിതെങ്ങനെ സഹിക്കും .... എന്റെ കടമചെയ്യാൻപോലും അനുവദിച്ചില്ലല്ലോ ...... വീടും പറമ്പും മകളുടെ പേരിലെഴുതിവെച്ച് കാത്തിരിക്കുന്ന പപ്പയെ കാണാൻ എന്റെ മിനിക്കുട്ടി വരില്ലേ ... ഒരു നശിച്ച ദിവസം നായാട്ടിനുപോയതാണ് എല്ലാത്തിനും കാരണം. നായാട്ടിന് തന്നവെല്ലാൻ നാട്ടിലാരുമില്ലായിരുന്നു. മഴയില്ലാത്തൊരു ദിവസം ഉച്ചകഴിഞ്ഞാണ് കാട്ടിൽകയറിയത്. പെട്ടെന്ന് പ്രതീക്ഷിക്കാതെ മഞ്ഞുപെയ്തുതുടങ്ങി. മഞ്ഞുവീണാൽ അടുത്തുള്ള മൃഗങ്ങളെപ്പോലും കാണാൻ കഴിയില്ല. പെട്ടെന്നാണ് അൽപം ദൂരെയുള്ള കാട്ടുപുളിമരത്തിന്റെ ചില്ലകൾ ഇളകുന്നത് കണ്ടത്. ഒന്നും ആലോചിച്ചില്ല. മുച്ചൻ തന്നെ. മുച്ചനെങ്കിൽ മുച്ചൻ. മഞ്ഞുകാരണം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ഇളകുന്ന മരക്കൊമ്പു ലക്ഷ്യമാക്കി നിറയൊഴിച്ചു. ഒരലർച്ചകേട്ടു. ഒരു മനുഷ്യന്റെ അലർച്ചപോലെ! കൂട്ടത്തിൽ ഒരു കുട്ടിയുടെ നിലവിളിയും! ചതിച്ചോ ദൈവമേ! തോക്ക് താഴെയിട്ടോടിച്ചെന്നു. രക്തത്തിൽക്കുളിച്ച് പിടയുന്ന ഒരു മനുഷ്യനേയും വാവിട്ടുകരയുന്ന ഒരു പയ്യനേയും കണ്ടു. അപ്പൻ മരത്തിൽ പുളിപറിക്കുകയായിരുന്നു! കുട്ടിയെ കെട്ടിപ്പിടിച്ച് കരയാനേ കഴിഞ്ഞുള്ളു. കൊലപാതകത്തിന് കേസ്സായി. രണ്ടേക്കർ റബ്ബർത്തോട്ടം വിറ്റാണ് കേസ് ഒതുക്കിയത്. കള്ളത്തോക്കാണ് പ്രശ്നം കൂടുതൽ കുഴപ്പിച്ചത്. ഒരേക്കർ പിന്നെയും വിറ്റു. ആ കേസ്സും ഒതുക്കി. സ്ഥലം വിറ്റു കേസ്നടത്തിയതിന് റോസിയുടെ വീട്ടുകാർ എതിർത്തു. സ്വത്തുള്ളതുകൊണ്ടാണ് പെങ്ങളെ കെട്ടിച്ചുതന്നതെന്ന് ആങ്ങളമാർ പറഞ്ഞുനടന്നു. കേസ്സുകളിച്ച് പെങ്ങളെയും കുട്ടിയെയും വഴിയാധാരം ആക്കുംപോലും. പക്ഷെ താൻ കേസ്സിൽ നിന്ന് രക്ഷപ്പെട്ടുവന്നതിൽ ആശ്വാസമായിരുന്നു റോസിക്ക്. പക്ഷെ പെട്ടെന്നാണ് കാര്യങ്ങൾ കൈവിട്ടുപോയത്. താൻമൂലം നിരാലംബരായ ആ സാധുകുടുംബത്തെ സന്ദർശിക്കാൻ പോയദിവസം മുതൽ. പലരോടും തിരക്കിയാണ് മലമുകളിൽ വനത്തിനോടുചേർന്ന ആ ഓലപ്പുര കണ്ടുപിടിച്ചത്. ചെറുതായ് മഴപെയ്യുന്ന ദിവസം. ചോർന്നൊലിക്കുന്ന കുടിലിൽ വിശന്നിരിക്കുന്നൊരു അമ്മയും മൂന്ന് കുട്ടികളും. കണ്ടതേ മൂത്ത കുട്ടി പറഞ്ഞു, "അമ്മേ, ദേ ചാച്ചനെ കൊന്നയാൾ". ശബ്ദംകേട്ട് ഇറങ്ങിവന്ന സ്ത്രീ ഉറക്കെ അലറി, " ദുഷ്ടാ, ഈ കുടുംബത്തെ അനാഥമാക്കിയിട്ട് നീ കേസ്സിൽനിന്ന് രക്ഷപെട്ടല്ലേ ...... എന്തിനാടാ എന്റെ പാവം കെട്ടിയോനെ കൊന്നത്? എന്ത് തെറ്റാണ് ഞങ്ങൾ നിങ്ങളോട് ചെയ്തത്? നിന്നോട് ദൈവം ചോദിക്കുമെടാ മഹാപാപി. എന്റെ കുട്ടികൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാനെനിക്കാവുന്നില്ലല്ലോ എന്റെ മാതാവേ ..." അമ്മയുടെയും മക്കളുടെയും കരച്ചിൽ കണ്ടുനിൽക്കാനായില്ല. തിരികെപോന്നു. രാത്രിയിൽ ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. രക്തത്തിൽ പിടയുന്ന ആ മനുഷ്യന്റെയും വിശന്നുകരയുന്ന കുട്ടികളുടേയും രൂപങ്ങൾ ഉറക്കം തരാതെ വേട്ടയാടി. എപ്പോഴോ ഒന്നു കണ്ണടച്ചപ്പോൽ രക്തംകുടിക്കുന്ന ചെന്നായെക്കണ്ട് ഞെട്ടിയുണർന്നു. ആ ചെന്നായ്ക്ക് തന്റെ മുഖമായിരുന്നു! അങ്ങനെയാണ് തീരുമാനിച്ചത്. ഒരേക്കർ സ്ഥലംകൂടി വിൽക്കണം. ആ കുടുംബത്തിനൊരു വീട്. കുറച്ചുപണം ആ കുട്ടികളുടെ പേരിൽ ബാങ്കിലിടണം. റോസിയും വീട്ടുകാരും നഖശിഖാന്തമെതിർത്തു. പക്ഷെ താനുറച്ചുനിന്നു. ചെയ്യുന്നത് ചെറിയൊരു പ്രായശ്ചിത്തം മാത്രം. അല്ലെങ്കിൽ മന:സമാധാനം കിട്ടാതെ ഭ്രാന്തുപിടിക്കുമെന്ന് തോന്നി. പലപ്രാവശ്യം ആ വീട്ടിൽ പോകേണ്ടി വന്നപ്പോഴാണ് തന്റെ ഹൃദയംപൊട്ടുന്ന ആരോപണവുമായി റോസി വന്നത്. "കാമുകിയെ സ്വന്തമാക്കാൻ അവരുടെ ഭർത്താവിനെ കൊന്ന കൊടുംകൊലയാളി!" ശരിക്കും തകർന്നുപോയി. അവൾ മിനിക്കുട്ടിയെയും കൊണ്ട് വീടുവിട്ടിറങ്ങിയപ്പോൾ വിചാരിച്ചു കുറച്ചുദിവസം കഴിഞ്ഞ് മടങ്ങിവരും. താൻ തെറ്റൊന്നും ചെയ്തില്ലെന്ന് മനസ്സിലാക്കും. പക്ഷ വന്നില്ല. വിളിച്ചുകൊണ്ടുവരുവാൻ പലപ്രാവശ്യം ചെന്നതാണ്. ആങ്ങളമാർ കാണാൻപോലും സമ്മതിച്ചില്ല. മിനിക്കുട്ടിയെ കാണാൻ ഒരുപാടുശ്രമിച്ചു. നടന്നില്ല. പിറന്നാളിനയച്ച സമ്മാനങ്ങൾ തിരികെയെത്തിയപ്പോൾ തനിയെ കരഞ്ഞ ദിനരാത്രങ്ങൾ ..... നഷ്ടപ്പെടുത്തിയ സമ്പത്ത് തിരികെ നേടിയാൽ റോസി മോളേയും കൊണ്ട് വരുമെന്ന് വിചാരിച്ച് പത്തുവർഷത്തെ കഠിനാധ്വാനം കൊണ്ട് എല്ലാം തിരികെപിടിച്ചു. എന്നിട്ടും വന്നില്ല. ഒടുവിൽ നേരറിഞ്ഞ് മിനിക്കുട്ടി തന്നെത്തേടിയെത്തുന്ന ദിവസങ്ങളെണ്ണി ഇരുപത് വർഷങ്ങൾ കടന്നുപോയി! നാളെ വിവാഹമാണത്രെ.... മോളെ, പപ്പയെ ഒന്നറിയിക്കാമായിരുന്നില്ലേ .... ഒന്നുവന്ന് കാണാമായിരുന്നില്ലേ ..... ഒന്നുകണ്ടിട്ട് വർഷങ്ങൾ ഇരുപതായില്ലേ എന്റെ മിനിക്കുട്ടി .... പപ്പയ്ക്ക് സഹിക്കാനാവുന്നില്ലല്ലോ മോളേ ..... - - - - - - - - - - - - - - - - പാപ്പൻചേട്ടന്റെ വീടിനു മുൻപിലുള്ള റോഡിൽ ഒരു കാറുവന്നുനിൽക്കുന്നത് കണ്ടാണ് ചന്ദ്രപ്പൻ ഇറങ്ങിച്ചെന്നത്. "ആരാണ് എന്തുവേണം?" " ഇതല്ലേ തേൻപറമ്പിൽ പാപ്പച്ചന്റെ വീട്?" "അതെ. നിങ്ങളെ മനസ്സിലായില്ലല്ലോ". " ഞാൻ മകളാണ്. ഇതെന്റെ ഭർത്താവ്." " മിനിക്കുട്ടിയാണോ? പാപ്പൻചേട്ടൻ എപ്പോഴും പറയുമായിരുന്നു. ഇന്നല്ലായിരുന്നോ മോളുടെ വിവാഹം? പപ്പയെക്കണ്ട് അനുഗ്രഹം വാങ്ങാൻ വന്നതാണല്ലേ .... പപ്പ വീട്ടിലുണ്ട്. ഞങ്ങൾ ഇന്നലെയും മോളുടെ കാര്യം പറഞ്ഞതേയുള്ളു. നിങ്ങളു വാ" "പാപ്പൻചേട്ടാ ഇതാരാണ് വന്നേക്കുന്നതെന്ന് നോക്കിക്കേ.... മോളും ഭർത്താവും. നിങ്ങള് വാതിലുതുറക്കപ്പാ ..... മോളൊരിക്കൽ തേടിവരുമെന്ന് എന്നും പറയാറില്ലായിരുന്നോ? ഇതാ വന്നിരിക്കുന്നു." വാതിൽ തുറക്കാതായപ്പോൾ വല്ലാത്തൊരു ഉത്കണ്ഠയോടും പേടിയോടും കൂടെ ചന്ദ്രപ്പൻ വാതിൽ ചവിട്ടിതുറന്നു. അപ്പോൾ മുറിയിലെ കട്ടിലിൽ പാപ്പൻചേട്ടൻ ചേതനയറ്റ് കിടക്കുന്നുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട കുടുംബഫോട്ടൊ മാറോടുചേർത്ത്! ജോസ് അഗസ്റ്റിൻPlease login to add comments.


Share in whatsapp