മണിക്കടവുകാരൻ Download Androrid App

Manikkadavu -നന്മയുടെ അണക്കെട്ട്!

നന്മയുടെ അണക്കെട്ട്!

Date : 12/30/2020

നന്മയുടെ അണക്കെട്ട്! അയാൾ കാർ റോഡ് സൈഡിൽ നിറുത്തിയപ്പോൾ കുട്ടികൾ ചോദിച്ചു, "പപ്പാ ഇവിടെയാണോ പപ്പ പറയാറുള്ള കടയുള്ളത്?" "ഇവിടെയായിരുന്നു. വരൂ. നമുക്ക് നോക്കാം." മക്കൾ രണ്ടുപേരും ഭാര്യയും അയാളോടൊപ്പം പുറത്തിറങ്ങി. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു. എങ്കിലും സ്ഥലം മറന്നിട്ടില്ല. പണ്ട് ആകെ മൂന്ന് നാല് കടകൾ മാത്രമുള്ളിടത്ത് ഇന്ന് ഒരുപാട് കെട്ടിടങ്ങൾ. അന്നത്തെ ഓലയും ഓടും മേഞ്ഞ കടകൾക്ക് പകരം എല്ലാം വർക്കക്കെട്ടിടങ്ങൾ മാത്രം. അന്നു കയറിയ ഓലമേഞ്ഞ ഹോട്ടലിന്റെ സ്ഥലത്ത് പടുകൂറ്റൻ കെട്ടിടം. വലിയ ഹോട്ടൽ തന്നെ. പഴയ ആ ഹോട്ടലുകാരൻ ഇന്ന് നല്ല നിലയിലായിക്കാണും. ഏതായാലും കയറി അന്വേഷിക്കാം. കൂട്ടത്തിൽ ഉച്ച ഭക്ഷണവും കഴിക്കാം. കുടുംബത്തോടൊപ്പം അയാൾ ഹോട്ടലിനുള്ളിലേക്ക് കയറി. വിലകൂടിയതും വൃത്തിയുള്ളതുമായ മേശകളും കസേരകളും കൊണ്ട് നിറഞ്ഞ ഹോട്ടൽ മുറിയിൽ ഉച്ച കഴിഞ്ഞതുകൊണ്ടാകാം തിരക്ക് അൽപ്പം കുറവായിരുന്നു. കുട്ടികൾക്ക് ഇഷ്ടമുള്ള ചിക്കൺ ബിരിയാണി ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത, ഭാര്യയോടും കുട്ടികളോടും പലകുറി പറഞ്ഞിട്ടുള്ള ആ സംഭവം വീണ്ടും മനസ്സിൽ കൂടുതൽ വ്യക്തമായി തെളിഞ്ഞു വന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ക്ലാസ്സിൽ മലയാളം പീരിയഡ്. ടീച്ചർ അണക്കെട്ടുകളെക്കുറിച്ച് ജവാഹർലാൽ നെഹ്റു എഴുതിയ ഉപന്യാസം പഠിപ്പിക്കുന്നു. അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ അമ്പലങ്ങളാണ് എന്ന നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചതിനു ശേഷം അണക്കെട്ട് കാണാത്തവർ 25 കിലോമീറ്ററോളം അകലെയുള്ള പഴശ്ശി അണക്കെട്ട് പോയി കാണണം എന്ന് പറഞ്ഞു. പഴശ്ശി അണക്കെട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇരിട്ടിക്കപ്പുറത്തുള്ള കുയിലൂരിലാണ്. കാണണമെന്ന് അതിയായ ആഗ്രഹം. ക്ലാസ്സിലെ ഏറ്റവും പ്രീയപ്പെട്ട രണ്ട് സുഹൃത്തുക്കളുമായി സംസാരിച്ചു. അവരും കണ്ടിട്ടില്ല. മൂന്ന് പേരും ഒരേ ഗ്രാമത്തിലുള്ളവർ. അയൽക്കാർ. സ്കൂളിൽ നിന്നും എട്ട് മൈൽ അകലെ കൊടകു മലകളുടെ അടിവാരത്തുള്ള, കാടും മലകളും പാറക്കെട്ടുകളും വന്യജീവികളും നിറഞ്ഞ ഒരു ചെറു ഗ്രാമത്തിൽ നിന്നും ഉള്ളവർ. ഒരു പുരോഗതിയും എത്തിനോക്കാത്ത മഴയും മഞ്ഞും കാറ്റും വെയിലും സുലഭമായി ലഭിക്കുന്ന, മണ്ണിനോട് മല്ലടിച്ച് കഴിയുന്ന ഒരു പറ്റം നിർധന മനുഷ്യരുടെ ഗ്രാമം. കല്ലും മുള്ളും നിറഞ്ഞ മൺപാതയിലൂടെ കുന്നുകൾ ഇറങ്ങി, തോടുകൾ കടന്ന് മൈലുകൾ താണ്ടി വേണം സ്കൂളിൽ എത്താൻ. തിരികെ പോക്കാണ് ഏറെ ക്ലേശകരം. കുന്നുകൾ കയറി പോകണം. സ്വന്തം ഗ്രാമത്തിലെ സ്കൂളിൽ നാലാം ക്ലാസ്സ് വരെയെയുള്ളു. മിക്ക കുട്ടികളും അതോടെ പഠിപ്പ് നിർത്തും. സ്കൂളിൽ പോകുമ്പോഴും തിരികെ വരുമ്പോഴും മൂന്നു പേരുടേയും ചർച്ച അണക്കെട്ട് കാണാൻ പോകുന്നതിനെക്കുറിച്ചായി. എങ്ങിനെ പോകും. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വരെയെ ബസ്സ് സർവ്വീസ് ഉള്ളു. അതും അതിരാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മാത്രം. അണക്കെട്ട് കാണാൻ പോകാൻ വണ്ടിക്കൂലി ചോദിച്ചാൽ വീട്ടിൽ നിന്ന് കിട്ടില്ല. ഒരു പെൻസിൽ വാങ്ങിക്കൊടുക്കാൻ പോലും നിർധനരായ മാതാപിതാക്കൾ ബുദ്ധിമുട്ടാറുണ്ട്. എങ്ങനെ പോകും? അലോചിച്ചവർ ഒരു തീരുമാനത്തിലെത്തി. കാട്ടിൽ കയറി വീണ് കിടക്കുന്ന മരങ്ങളെടുത്ത് കരിയുണ്ടാക്കുക. മുതിർന്നവർ കരിയുണ്ടാക്കുമ്പോൾ സഹായിച്ച് എല്ലാവർക്കും നല്ല പരിചയമുണ്ട്. അടുത്ത ശനിയും ഞായറും അതിന്റെ പണിയായി. കാട്ടിൽ കയറി. വീണ് കിടക്കുന്ന മരങ്ങൾ കണ്ടുപിടിച്ച് വല കക്ഷണങ്ങൾ ആയി മുറിച്ച് കാടിനു വെളിയിൽ എത്തിച്ചു. അടുക്കി വെച്ച് പച്ചിലകൾ കൊണ്ട് പൊതിഞ്ഞ്, മീതെ മണ്ണിട്ട് ചൂളയുണ്ടാക്കി തീ കൊടുത്തു. പകലും രാത്രിയും കാവലിരിക്കണം. ഏതെങ്കിലും ഭാഗം കത്തിയമർന്നിരുന്നു പോയാൽ തീ ആളിക്കത്തും. പിന്നെ മരക്കക്ഷണങ്ങൾ കത്തി ചാരമാകും. അതുകൊണ്ട് കത്തിയമർന്ന് തുറന്ന് വരുന്ന ഭാഗത്ത് ഇലകൾ ഇട്ട് മണ്ണിട്ട് മൂടണം. അങ്ങനെ മൂന്ന് നാല് ദിവസം കാവലിരിക്കണം. അടുത്ത ദിവസങ്ങളിൽ ഓരോരുത്തരായി സ്കൂളിൽ പോകാതെ കാവലിരുന്നു. അഞ്ചാം ദിവസം ചൂള പൊട്ടിച്ച് കരി പുറത്തെടുത്തു. ചാക്കിൽ നിറച്ച് എട്ട് മൈയിൽ തലച്ചുമടായി എടുത്ത് അങ്ങാടിയിൽ കൊണ്ടുപോയി കൊടുത്ത് പണം വാങ്ങിച്ചു. പ്ലാൻ ചെയ്തതിനനുസരിച്ച് ശനിയാഴ്ച അതിരാവിലെ പുറപ്പെട്ടു. ഏഴ് മണിക്കാണ് മണിക്കടവിൽ നിന്നും ബസ്സ്. ഉത്സാഹത്തോടെ നടത്തം ആരംഭിച്ചു. ഒന്നര മണിക്കൂറിലേറെ നടക്കണം. പുലർക്കാലത്തിന്റെ കുളിരിൽ പാതയരികിലെ മരങ്ങളിൽ അന്തിയുറങ്ങിയ പക്ഷികളുടെ പുലരിപ്പാട്ടുകൾ ആസ്വദിച്ചു കൊണ്ടവർ അതിവേഗം മുന്നോട്ട് നടന്നുകൊണ്ടിരുന്നു. കിഴക്ക് കൊടകു മലകൾക്ക് മീതെ വർണ്ണപ്രഭ തൂകികൊണ്ട് സൂര്യനുദിച്ചുയർന്നു. കാട്ടുകോഴികൾ കാനനവാസികൾക്ക്‌ പുത്തൻ പുലരി നേരുന്നതും ചില മൃഗങ്ങൾ അതിന് നന്ദിയെന്ന വണ്ണം ഒച്ച വെയ്ക്കുന്നതും മറ്റും ശ്രദ്ധിച്ചുകൊണ്ട് അവർ നടത്തത്തിന്റെ ക്ഷീണമറിയാതെ സമയത്തിനുള്ളിൽ തന്നെ അങ്ങാടിയിലെത്തി ബസ്സിൽ കയറി. നേരത്തെ എത്തിയതിനാൽ മൂന്നു പേർക്കും സീറ്റ് കിട്ടി. അല്പസമയത്തിനുള്ളിൽ തന്നെ ബസ്സ് നിറഞ്ഞു. ദൂരെയുള്ള ചെറു പട്ടണത്തിലേക്ക് പലവിധ ആവശ്യങ്ങൾക്കായ് പോകുന്നവർ. പൊടിപടലമുയർത്തിക്കൊണ്ട് മൺറോഡിലൂടെ ബസ്സ് നല്ല വേഗതയിൽത്തന്നെ പോയി. കുറച്ചു ദൂരം പിന്നിട്ട ശേഷം ടാറിട്ട റോഡിലൂടെയായി യാത്ര. ഓരോ സ്റ്റോപ്പിലും ഇറങ്ങുന്നതിന്റെ നാലിരട്ടി ആളുകൾ കയറുന്നു. ഒടുവിൽ വാതിലുകളിൽപ്പോലും തൂങ്ങിനിൽക്കുന്ന യാത്രക്കാരുമായി ബസ്സ് ഇരിട്ടി പട്ടണത്തിലെത്തി. റോഡരികിൽ കണ്ട ഒരു ചായക്കടയിൽ കയറി കൂട്ടുകാർ മൂന്ന് പേരും ചായ കുടിച്ചു. ദോശ കഴിച്ച് വിശപ്പു മാറ്റി അവർ പട്ടണത്തിലെ ബസ്സ് സ്റ്റാൻഡിലെത്തി. കുയിലൂർ വഴി പോകുന്ന ബസ്സിൽ കയറി. പത്ത് കിലോമീറ്റർ വീണ്ടും യാത്ര. താമസിയാതെ അവർ ലക്ഷ്യസ്ഥാനമായ കുയിലൂരിലെത്തി. അല്പം നടന്ന് പഴശ്ശി അണക്കെട്ടിലെത്തി. കൊടക് മലകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകി വരുന്ന തോടുകളും ആറുകളും ചേർന്ന് ഒഴുകുന്ന വളപട്ടണം നദിക്ക് കുറുകെ പണിതിരിക്കുന്ന ഡാം അവർ അത്ഭുതത്തോടെ നോക്കി നിന്നു. കൃഷിയാവശ്യങ്ങൾക്കായാണ് ഡാമിലെ വെള്ളം ഉപയോഗിക്കുന്നത്. പുറത്തോട്ടൊഴുകാൻ വെമ്പൽകൊണ്ട് നിശ്ചലമായി നിലകൊള്ളുന്ന ജലസഞ്ചയം. ഡാം തുറക്കുമ്പോൾ വെള്ളമൊഴുകുന്ന ചാലുകളും സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള കനാലുകളും കണ്ടു. പിന്നീട് അണക്കെട്ടിന്റെ ഒരു സൈഡിലൂടെ നടന്ന് ക്യാച്ച്മെന്റ് ഏറിയയുടെ കുറേഭാഗം കണ്ടു. പിന്നീട് മക്കയാത്ര. ഇരിട്ടി പട്ടണത്തിൽ എത്തിയപ്പോൾ നല്ല വിശപ്പ്. സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടടുത്തിരിക്കുന്നു. ബസ്സ് സ്റ്റാൻഡിൽ നിന്നും അല്പം അകലത്തിലുള്ള ഒരു ചെറിയ ഹോട്ടലിനടുത്തെത്തി. ഓലമേഞ്ഞ കട. "ഊൺ തയ്യാർ" എന്ന ബോർഡ് വായിച്ച ശേഷം ഹോട്ടലിനകത്ത് കയറി. സമയം കഴിഞ്ഞതു കൊണ്ടാകാം തിരക്ക് തീരെയില്ല. ഒന്നോ രണ്ടോ പേർ മാത്രം ആഹാരം കഴിക്കുന്നു. സപ്ലൈയറും മുതലാളിയും ഒരേ പോലെ എന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്ക്കൻ വന്ന് എന്താണ് വേണ്ടതെന്ന് ചോദ്യം. ഒരു ഫുൾ ഊണിന് എത്രയെന്ന് കൂട്ടുകാരിൽ ഒരാൾ. മൂന്നു രൂപയെന്ന് മറുപടി. കൈയ്യിലുള്ള പണം എണ്ണി നോക്കി. തിരികെയുള്ള ബസ്സ് ചാർജ്ജ് മാറ്റി വച്ചു. " മൂന്ന് അരയൂണ് പോരട്ടെ", പറഞ്ഞത് താനെന്ന് ഒരു പുഞ്ചിരിയോടെ അയാൾ ഓർത്തു. ഹോട്ടലുകാരൻ കൗതുകത്തോടെ മൂന്ന് പേരെയും വീക്ഷിച്ചു. പിന്നെ ഊണ് വിളമ്പി. വാഴയില നിറയെ വിളമ്പിയ ഊണ് കണ്ട് കൂട്ടുകാർ അല്പമൊന്ന് ശങ്കിച്ചെങ്കിലും അതിയായ വിശപ്പ് കൂടുതൽ ആലോചിക്കാൻ അനുവദിച്ചില്ല. ഭക്ഷണം ആർത്തിയോടെ കഴിക്കുന്ന കുട്ടികളോട് അയാൾ ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു. താമസം എവിടെ, ഏത് ക്ലാസ്സിൽ പഠിക്കുന്നു, എങ്ങോട്ട് പോയി എന്നിങ്ങനെ. അതിനിടയിൽ വീണ്ടും വീണ്ടും ഭക്ഷണം വിളമ്പിക്കൊടുക്കാൻ അയാൾ മറന്നില്ല. ഒടുവിൽ പൈസ കൊടുക്കാൻ നേരം അയാൾ പറഞ്ഞു, " പൈസ വേണ്ട കേട്ടോ. സ്വന്തമായി അധ്വാനിച്ച് ആഗ്രഹിച്ച കാര്യം സാധിച്ചതിന് ഈ ഊണ് എന്റെ വക ഫ്രീ." കുട്ടികൾ അന്തം വിട്ട് നിൽക്കുമ്പോൾ അയാൾ പറഞ്ഞു, "വേഗം സ്റ്റാൻഡിലേക്ക് പൊയ്ക്കോളൂ. നിങ്ങളുടെ ബസ്സ് വരാറായി. മൂന്നു പേരും നല്ല നിലയിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ." അയാൾ ചിന്തയിൽ നിന്ന് ഉണർന്നപ്പോഴേയ്ക്കും വെയിറ്റർ ഭക്ഷണം മേശമേൽ നിരത്തിയിരുന്നു. ഭാര്യയും മക്കളും ഭക്ഷണം കഴിക്കുമ്പോൾ വെയിറ്ററുടെ അരികിലെത്തി ചോദിച്ചു, "വർഷങ്ങൾക്കു മുൻപ് ഈ ഹോട്ടൽ നടത്തിയിരുന്ന ആളുടേതാണോ ഈ ഹോട്ടൽ ഇപ്പോഴും? അദ്ദേഹം ഇപ്പോൾ എവിടെയാണ്?" വെയിറ്റർ പറഞ്ഞു, "പണ്ട് ഈ ഹോട്ടൽ നടത്തിയിരുന്ന ആളുടെ കൈയ്യിൽ നിന്നാണ് മുതലാളി ഈ ഹോട്ടൽ വാങ്ങിയതെന്ന് കേട്ടിട്ടുണ്ട്. കടം മൂലമാണ് അയാൾ ഹോട്ടൽ വിറ്റതു പോലും. എവിടെയാണന്ന് അറിയില്ല. ഞാൻ കണ്ടിട്ടില്ല." വിഷമത്തോടെ അയാൾ തിരികെ മേശക്കരികിൽ എത്തി. പപ്പ പറഞ്ഞ കഥയിലെ അങ്കിൾ എവിടെ എന്ന് കുട്ടികൾ ചോദിച്ചപ്പോൾ പോകും വഴി പറയാം എന്ന് പറഞ്ഞ് അയാൾ അവരോടൊപ്പം കാറിനടുത്തേക്ക് നടന്നു. വെയിലിന് കാഠിന്യം കുറഞ്ഞെങ്കിലും നിരത്ത് ആകെ തീച്ചൂളയിലാണന്ന് അയാൾക്ക് തോന്നി. വാഹനം മലകൾക്കിടയിലൂടെ നീങ്ങുമ്പോൾ അയാൾ ശ്രദ്ധിച്ചു: കൊടക് മലകൾക്കിടവാരത്തിൽ കരകവിഞ്ഞൊഴുകിയിരുന്ന ഉടുമ്പിപ്പുഴ ആകെ വറ്റിവരണ്ടിരിക്കുന്നു! ജോസ് അഗസ്റ്റിൻ

മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp