Manikkadave.com മണിക്കടവുകാരൻ


വിദ്യാരംഭംDate : 11/09/2020

* ഒരു കുത്തിപ്പൊക്കൽ : വായിച്ചിട്ടുള്ളവർ ക്ഷമിക്കുക. __________________ ? വിദ്യാരംഭം ?* ➖വി വി ജോൺ_➖ ▪️ വിദ്യാരംഭത്തിൽ പുത്തൻ ഉടുപ്പുകളും പുത്തൻ ബാഗുകളും പുത്തൻ സന്തോഷവുമായി കുട്ടികൾ സ്കൂളിൽ പോകുന്നു. സ്കൂൾ അങ്കണത്തിൽ കൊട്ടും കുരവയും വർണ്ണാഭമായ മേളക്കൊഴുപ്പുകൾ . പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്ന മാമാങ്കത്തിന്റെ ഒരു പ്രതീതി. ▪️ ഒരു നല്ല സ്കൂളിൽ അഡ്മിഷൻ കിട്ടണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും അഭിമുഖം , മറ്റു ടെസ്റ്റുകൾ, ജനന തിയതിയുടെ സർട്ടിഫിക്കറ്റ്, സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെ ശിപാർശ , .... അങ്ങനെ നീണ്ട നിര. കുട്ടി വീട്ടുവാതിൽക്കൽ നിന്നും വണ്ടിയിൽ പോകുന്നു. വീട്ടിൽ വന്നാൽ ഹോം വർക്ക്, ട്യൂഷൻ .... മറ്റു കലാപരിപാടികൾ . ▪️ സ്കൂൾ അഡ്മിഷന്റെ പ്രാധാന്യത്തെ പറ്റി ഓർത്തപ്പോൾ ഒരു സംഭവം ഓർമ്മ വരുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പ് , ഡെൽഹി രൂപതയുടെ കീഴിൽ സൗത്ത് ഡെൽഹിയിൽ ഒരു പള്ളിക്ക് വേണ്ടി 1000 സ്ക്വയർ മീറ്റർ സ്ഥലത്തിന് വേണ്ടി DDA -യിൽ അപേക്ഷ കൊടുത്തു. കുറെ മാസങ്ങൾ അപേക്ഷയുമായി അലഞ്ഞു നടന്നു, കടമ്പകൾ പലതും കടന്നു. പക്ഷെ അലോട്ട്മെന്റ് കിട്ടുന്നില്ല. അറിയാവുന്നതും അല്ലാത്തതുമായ മന്ത്രിമാരെക്കൊണ്ടും മറ്റു പ്രമുഖന്മാരെക്കൊണ്ടും പറയിപ്പിച്ചു നോക്കി , രക്ഷയില്ല. അവസാന ഡിമാന്റു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഡെൽഹിയിലെ പ്രശസ്തമായ സെന്റ് കൊളമ്പസ് സ്കൂളിൽ രണ്ട് അഡ്മിഷൻ തരപ്പെടുത്തിയാൽ അലോട്ട്മെന്റ് റെഡി. അങ്ങനെയാണ് ആ പള്ളിയുണ്ടായത്. ▪️ ആറ് പതിറ്റാണ്ട് പുറകോട്ട് പോയപ്പോൾ ; ഒരു ദിവസം ചാച്ചൻ ചോദിച്ചു. "നിനക്കു സ്കൂളിൽ പോകണ്ടേ " എനിക്ക് സന്തോഷമായി. പിറ്റെ ദിവസം രാവിലെ ചാച്ചന്റെ കൂടെ ഞാൻ സ്കൂളിൽ പോയി. "സാറെ ചെറുക്കനെ ഒന്നു സ്കൂളിൽ ചേർക്കണം " " അതിനെന്താ കുട്ടിച്ചേട്ടാ, ഇവന്റെ പേരെന്താ " സർ ചോദിച്ചു. (വി വി മാത്യു സർ വെട്ടിയോലിൽ ആണെന്നാണ് എന്റെ ഓർമ്മ.) പേര് പറഞ്ഞു. "ഇവനെത്ര വയസ്സായി" അടുത്ത ചോദ്യം. " 53 ജനുവരിയിലാ ...." "അത് സാരമില്ല, സ്കൂൾ തുറക്കുന്നത് ജൂണിലല്ലേ . ഇന്നത്തെ തിയതി ഇട്ടേക്കാം. " അങ്ങനെ ജനുവരിയിൽ ജനിച്ച എന്റെ ജന്മദിനം ജൂൺ 5 ആയി. അക്കാലത്ത് എന്റ സഹപാഠികളിൽ ഭൂരിഭാഗം പേരുടെയും ജനനത്തിയതി ജൂണിൽ ആയിരുന്നു. കാരണം, മാത്യു സാറായാലും രാമൻ സാറായാലും ഏതു കുട്ടിയുടെയും ജനനത്തിയതി ഏത് വിധത്തിലും മാറ്റിമറിക്കാനുള്ള പരമാധികാരം അവരിൽ നിക്ഷിപ്തമായിരുന്നു. ▪️ അക്കാലത്ത് അദ്ധ്യാപകർക്ക് കട്ടിമീശയും ഗൗരവവും കൂടാതെ കയ്യിൽ മുന്തിയ ഇനം ഒരു ചൂരലും ഉണ്ടായിരുന്നു. വിദ്യാരംഭത്തിൽ പള്ളിക്കൂടത്തിൽ ചെല്ലുമ്പോൾ , ചൂരലുമായി നിൽക്കുന്ന അധ്യാപകരെ കാണുമ്പോൾ , മിക്കവാറും കുട്ടികൾ മുണ്ടിൽ മൂത്രം ഒഴിച്ചിരിക്കും. കുട്ടികളുടെ മനസ്സിൽ ഇന്നത്തെ ഒരു Ak-47 ന്റെ ഭയാനകത സൃഷ്ടിക്കാൻ ആ ചൂരലിന് കഴിഞ്ഞിരുന്നു. ഒരിക്കലെങ്കിലും ചൂരലിന്റെ മധുരതരമായ രുചി നുണയാതെ ഒരു കുട്ടി പോലും ഒരു സ്കൂളിൽ നിന്നും പാസ്സായിരുന്നില്ല. ▪️ ചാണകത്തിന്റെ കൂടെ ബാറ്ററി പൊടിച്ചിട്ട് മെഴുകിയ തറയിൽ , തഴപ്പായ വിരിച്ച് ഉറങ്ങിയ ശേഷം, മഷിത്തണ്ട് കൊണ്ട് വൃത്തിയാക്കിയ സ്ലേറ്റും കല്ലു പെൻസിലുമായി സ്കൂളിൽ പോകുന്നു. ചിന്തേരിട്ട് മിനുസപ്പെടുത്തിയ തടിപ്പലകയിൽ കറുത്ത പെയിന്റെ ടിച്ച സാക്ഷാൽ ബ്ലാക്ക് ബോർഡിലാണ് അധ്യാപകർ എഴുതി പഠിപ്പിക്കുന്നത്. സ്ലേറ്റും കല്ലു പെൻസിലും കഴിഞ്ഞാൽ നോട്ടു ബുക്കിലേക്കും പെൻസിലിലേക്കും പ്രൊമോഷൻ ആകും. അടുത്തത് സ്റ്റീൽ പെൻ - ഒരു ഉരുളൻ തടിയുടെ അറ്റത്ത് ഒര് നിബ്ബ് ഫിറ്റ് ചെയ്ത സാധനം. ഒരു കുപ്പിയിലുള്ള മഷിയിൽ മുക്കിയാണ് എഴുതേണ്ടത്. മഷിക്കുപ്പിയുമായുള്ള യാത്ര അപകടകരവും ദുഷ്കരവുമാണ്. എത്ര ശ്രദ്ധിച്ചാലും ഉടുപ്പിലും പുസ്തകത്തിലും മഷി വീഴും. അടുത്ത ക്ളാസ്സിൽ സാധാരണ പേനയിലേക്ക് മാറ്റം കിട്ടുമ്പോൾ ലഭിക്കുന്ന ആശ്വാസത്തിന് അതിരില്ല. പിന്നീടെപ്പോഴോ ഒരു ഹീറോ പേന സ്വന്തമാക്കിയപ്പോൾ എവറസ്റ്റ് കൊടുമുടി കയറിയ ആഹ്ലാദത്തിമിർപ്പായിരുന്നു. ▪️ വയലാർ എഴുതിയ "ചക്രവർത്തിനീ നിനക്കു ഞാനെന്റ ......" എന്ന് ഗാനത്തിൽ പറയുന്ന പോലെ " നഗ്ന പാദരായി " മാത്രമാണ് അക്കാലത്ത് നടന്നിരുന്നത്. വഴികളിലെ കൂർത്ത കല്ലുകൾക്കും പായലിനും പൂപ്പലിനും ചെളിക്കും ചാണകത്തിനും ഒന്നും ഇളം കാലുകളെ കാര്യമായി ക്ഷതമേൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ജീവിതത്തിന്റെ പ്രതിസന്ധികളിലൂടെ നടന്നുനീങ്ങുമ്പോൾ , ചെറുപ്പകാലത്തെ ഊർജ്‌ജം ചില്ലറയൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വോട്ടവകാശ പ്രായം എത്തിയപ്പോഴാണ് സ്ഥിരമായി പാദരക്ഷകൾ ഉപയോഗിക്കാൻ തുടങ്ങിയത്.Please login to add comments.


Share in whatsapp