Manikkadave.com മണിക്കടവുകാരൻ


ആദ്യത്തെ വിനോദയാത്രDate : 11/09/2020

ആദ്യത്തെ വിനോദയാത്ര ജീവിതത്തിലെ ആദ്യത്തെ വിനോയാത്ര പോയത് സ്കൂളിൽ നിന്നായിരുന്നു. പത്താംക്ലാസ്സിൽ പഠിക്കുമ്പോൾ. ഹൈസ്കൂളിൽ (സെന്റ് തോമസ് ഹൈ സ്കൂൾ, മണിക്കടവ്) കയറിയപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു സ്കൂളിൽ നിന്നും എല്ലാ വർഷവും പോകുന്ന വിനോദയാത്രയിൽ ചേരണമെന്ന്. എന്നാൽ എട്ടിലും ഒൻപതിലും പഠിക്കുമ്പോൾ പോകാൻ വീട്ടുകാർ സമ്മതിച്ചില്ല. പൈസ കൊടുക്കാൻ ഇല്ലാത്തതായിരുന്നു കാരണം. ഒൻപതിലെ വാർഷികപ്പരീക്ഷയ്ക്കുശേഷമുള്ള വേനലവധിക്കാലത്ത്, ഗ്രാമത്തിലെ ഒട്ടുമിക്ക കുട്ടികളും ചെയ്യുന്നതുപോലെ അല്ലറചില്ലറപണികളൊക്കെ ചെയ്തുകിട്ടിയ പൈസ ചിലവാക്കാതെ സൂക്ഷിച്ചുവച്ചു. വിനോദയാത്രയ്ക്ക് പേരുകൊടുക്കേണ്ട സമയമായപ്പോൾ വീട്ടിൽ പറഞ്ഞു. ആദ്യം സമ്മതിച്ചില്ല. പൈസകൈയ്യിലുണ്ടെന്ന് പറഞ്ഞപ്പോൾ സമ്മതം കിട്ടി. വിനോദയാത്രയുടെ ഫീസ് അൻപത് രൂപയായിരുന്നു. പോകുന്നത് കണ്ണൂർ പട്ടണത്തിലേക്ക്. അതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ പട്ടണം ഇരിട്ടിയാണ്. കണ്ണൂർ ഇരിട്ടിയേക്കാൾ ഒരുപാടു വലിയ നഗരമാണന്ന് കാണാൻ ഭാഗ്യംലഭിച്ച അപൂർവ്വം ചില കൂട്ടുകാർ പറഞ്ഞിട്ടുണ്ട്. ഏതായാലും ഫീസ് കൊടുക്കാൻ സമയമായപ്പോൾ അമ്മ എനിക്കും അനിയനും അൻപത് രൂപാവീതം തന്നു. ഞങ്ങളുടെ കൈയ്യിൽ ഉണ്ടായിരുന്ന പൈസ യാത്രയിൽ ആവശ്യമായി വരുമെന്നുപറഞ്ഞു. വലിയ ആവേശത്തോടും ജിജ്ഞാസയോടും കൂട്ടുകാർക്കൊപ്പം വാഹനത്തിൽക്കയറി. രണ്ടു ബസ്സുനിറയെ കുട്ടികളും അധ്യാപകരും. ഇരിക്കാൻ സീറ്റു കിട്ടിയവർ പകുതി ദൂരം കഴിയുമ്പോൾ, അധ്യാപകർ പറയുമ്പോൾ നിൽക്കുന്നവർക്ക് സീറ്റ് കൊടുക്കണം. ആദ്യം തന്നെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരനോടൊപ്പം ഇരിക്കാൻ ഭാഗ്യം കിട്ടി. പുറത്തെകാഴ്ചകൾ കണ്ട്, ഒരുപാടുവർത്തമാനം പറഞ്ഞ്, ആർത്തുചിരിച്ച് ബസ്സിലിരുന്ന രംഗം ഇപ്പോഴും മനസ്സിൽ മങ്ങാതെനിൽക്കുന്നു. ആദ്യമായി കണ്ണൂർപ്പട്ടണം കണ്ടപ്പോൾ ഉണ്ടായ അതിശയവും അമ്പരപ്പും സന്തോഷവും അവർണ്ണനീയം! ആദ്യംതന്നെ ഒരു ഹോട്ടലിൽ കയറി പ്രഭാതഭക്ഷണം. അതിനുശേഷം ട്രെയിൻ കാണാൻ റെയിൽവേസ്റ്റേഷനിൽ എല്ലാവരും രണ്ടുവരികളായി നഗരത്തിലൂടെ നടന്നുപോയി. പോകുംവഴി പട്ടണത്തിന്റെ വലുപ്പത്തെക്കുറിച്ചും കെട്ടിടങ്ങളുടെ ഉയരങ്ങളെക്കുറിച്ചുമായിരുന്നു പ്രധാനചർച്ച. ഇതിനിടയിൽ ഇതൊന്നുമല്ല കാണേണ്ട പട്ടണമെന്ന് കോഴിക്കോടു കാണാൻ ഭാഗ്യം ലഭിച്ച ഒരു വിരുതൻ തട്ടിവിടുന്നുണ്ടായിരുന്നു. ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ള തീവണ്ടി ആദ്യം കണ്ടപ്പോൾ അതിശയിച്ചമ്പരന്നുപോയ്! എന്തൊരു നീളം! പിന്നെ തീവണ്ടികേറാൻ ഭാഗ്യംകിട്ടിയ ഒരുവന്റെ വക യാത്രാവിവരണം. ആദ്യം കൗതുകം തോന്നിയെങ്കിലും ആളാവാനുള്ള അവന്റെ ത്വര മനസ്സിലാക്കിയ കൂട്ടുകാർ വിഷയംമാറ്റി അപകടമൊഴിവാക്കി. ട്രെയിൽ കണ്ടുമടങ്ങുമ്പോൾ എന്നെങ്കിലും അതിലൊന്നു കേറുവാൻ ഭാഗ്യം തരണമെന്നീശ്വരനോടു പ്രാർത്ഥിച്ചു. കൂട്ടത്തിൽ പറയട്ടെ, ഈ ആഗ്രഹം സഫലമാകാൻ വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. പട്ടണം കാണാൻ പത്താം ക്ലാസ്സുവരെ കാത്തിരിക്കേണ്ടി വന്നവന് പട്ടണത്തിൽത്തന്നെ ഡിഗ്രിക്ക് പഠിക്കാൻ അവസരം കിട്ടി. തലശ്ശേരിയിലെ ധർമ്മടത്തെ ഗവ: ബ്രണ്ണൻ കോളേജിൽ. ഏതാണ്ടു കണ്ണൂരുപോലെ വലിയ പട്ടണമാണ് തലശ്ശേരിയും. കോളേജിനടുത്ത് തന്നെ ഒരു വീട് വാടകയ്ക്കെടുത്ത് മൂന്നു സഹപാഠികളോടൊപ്പം താമസം. കണ്ണൂർ തലശ്ശേരി റൂട്ടിൽ ഒരുപാടു ബസ്സ് യാത്രകൾ. എന്നിട്ടും ഒരിക്കൽപ്പോലും ട്രയിനിൽ കയറാൻ അവസരം കിട്ടിയില്ല. കൂടെ താമസ്സിച്ചിരുന്നവർ ട്രയിൻ യാത്ര നടത്തിയിട്ടുണ്ട്. ട്രയിനിൽ കയറിയിട്ടില്ലെന്ന് അവരോടു ഒരിക്കലും പറഞ്ഞില്ല. അവർ കളിയാക്കിയെങ്കിലോ. കണ്ണൂരിൽ നിന്നും ടിക്കറ്റെടുത്ത് ട്രയിനിൽ കയറി തലശ്ശേരിയിൽ ഇറങ്ങിയാൽ മതി. പക്ഷെ എങ്ങനെ ടിക്കറ്റെടുക്കും, എങ്ങനെ കയറും, എങ്ങനെ ഇറങ്ങും? ഓർക്കുമ്പോൾ വല്ലാത്ത ഭയം. തത്ക്കാലം ആഗ്രഹം മാറ്റിവച്ചു. അങ്ങനെയിരിക്കെ ഡൽഹിയിൽ നിന്നും അവധിക്കു വന്ന ഒരു കസിൻ ബ്രദർ തിരികെപ്പോകാൻ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ വരുന്നതറിഞ്ഞു. എന്റെ ഗ്രാമത്തിലുള്ള എന്റെ രണ്ടു കൂട്ടുകാർ അന്ന് കമ്പ്യൂട്ടർ കോഴ്സ് തലശ്ശേരിയിൽ ചെയ്യുന്നുണ്ടായിരുന്നു. അവരും മേൽപ്പറഞ്ഞ കസിന്റെ സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ കസിനെ see off ചെയ്യാൻ കണ്ണൂരിലെത്തി. അന്ന് മംഗള എക്സപ്രസ് ഇല്ല. മംഗലാപുരത്തുനിന്നും വരുന്ന ഒരു ട്രയിനിലെ രണ്ടോ മൂന്നോ ബോഗികളിൽ അന്ന് ഡൽഹിക്കും മറ്റും പോകുന്ന യാത്രക്കാർ കയറും. ഈ ബോഗികൾ പാലക്കാടുവച്ച് തിരുവനന്തപുരത്തുനിന്നും വരുന്ന കേരളാ എക്സ്പ്രസ്സിൽ ചേരും. എന്നേപ്പോലെ തന്നെ ട്രയിനിൽ ഒരിക്കൽപ്പോലും കയറാത്തവരായിരുന്നു എന്നോടൊപ്പം വന്ന ആ രണ്ടുകൂട്ടുകാരും. ഇക്കാര്യം ഞങ്ങൾ കസിനോടു പറഞ്ഞപ്പോൾ ആദ്ദേഹം പോയി മൂന്നു ഓർഡിനറി ടിക്കറ്റ് തലശ്ശേരിക്കെടുത്തു. എന്നിട്ട് അദ്ദേഹത്തോടൊപ്പം ഞങ്ങൾ റിസർവേഷൻ കംപാർട്ടുമെന്റിൽ കയറി. ഞങ്ങൾക്ക് പേടിയായിരുന്നു. ടി.ടി.ആർ വന്നു പിടിച്ചെങ്കിലോ. കസിൻ പറഞ്ഞു കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ എത്തുന്നവരെ checking ഉണ്ടാകില്ലെന്ന്. ഏതാനും മിനിട്ടുകൾക്കുള്ളിൽ ട്രെയിൻ തലശ്ശേരിയിലെത്തി. താളത്തിലുള്ള ചലനം ആസ്വദിച്ചു തുടങ്ങിയപ്പോളേക്കും യാത്രതീർന്നതിൽ അല്പം നിരാശതോന്നിയെങ്കിലും ട്രെയിനിൽ കയറാൻ സാധിച്ചതിൽ സന്തുഷ്ടരായി ഞങ്ങൾ മടങ്ങി. എന്റെ രണ്ടാമത്തെ ട്രെയിൻ യാത്ര ആദ്യത്തേതിന്റെ കുറവുതീർത്തു. ഡൽഹിക്ക്. ഒരു പൂചോദിച്ചപ്പോൾ പൂക്കാലം കിട്ടിയതുപോലെ. ഇന്ന് ട്രെയിൻ യാത്ര മടുപ്പായി. കഴിവതും ഒഴിവാക്കുന്നു. കൂട്ടുകാർക്കും കിട്ടി ഒരുപാടവസരങ്ങൾ. രണ്ടുപേരും ഇന്ന് വിദേശത്ത്. ട്രെയിൻ കണ്ടശേഷം ഞങ്ങൾപ്പോയത് കടലുകാണാൻ. പയ്യാമ്പലം ബീച്ചിൽ. മറുകരകാണാനാകാത്ത കടലിന്റെ വിസ്തൃതിയിൽ വിസ്മയിച്ചുനിന്ന നിമിഷങ്ങൾ ! ആർത്തലച്ചുവരുന്ന തിരകൾ കരയോടുകലഹിച്ചു പിൻവലിയുന്നത് കൗതുകത്തോടെ നോക്കിനിന്നു. മണൽപ്പരപ്പിലെത്തുന്ന തിരകളോടൊപ്പം കളിക്കാൻ മോഹിച്ചെങ്കിലും അധ്യാപകർ സമ്മതിച്ചില്ല. കടൽക്കണ്ട് മടങ്ങുമ്പോൾ ആ ദുഃഖം ബാക്കിയായി. ആ ദുഃഖം മാറാൻ അവസരം കിട്ടിയത് ബ്രണ്ണനിൽ പഠിക്കുമ്പോൾ ധർമ്മടത്തെ ബീച്ചിൽ. ബീച്ചിൽ കളിയും കടലിൽക്കുളിയും പതിവായിരുന്നു. ‌പിന്നീട് സാമാന്യം നല്ലൊരു ഹോട്ടലിൽ കയറി ഉച്ചഭക്ഷണം. പിന്നീട് പോയത് ജംബോ സർക്കസ്സ് കാണാൻ. അന്ന് ജംബോ സർക്കസ്സ് കണ്ണൂരിൽ നടക്കുന്നുണ്ടായിരുന്നു. സർക്കസ്സ് കൂടാരത്തിനുള്ളിൽ കയറിയപ്പോൾ ഉണ്ടായ അനുഭവം ഒന്നുവേറെ തന്നെയായിരുന്നു. ഏതോ ഒരു പുതിയലോകത്ത് എത്തിയതുപോലെ. താരങ്ങളുടെ മാസ്മരപ്രകടനങ്ങൾ ശ്വാസമടക്കിപ്പിടിച്ചു കണ്ടു. ആക്രോബാറ്റ്സിന്റെയും ട്രംപീസ്സുകളുടെയും പ്രകടനങ്ങൾകണ്ട് വണ്ടറിച്ച നിമിഷങ്ങൾ! നാമമത്രമായ വസ്ത്രം ധരിച്ച് സ്ത്രീകളായ കലാകാരികൾ രംഗത്തെത്തിയപ്പോൾ പെൺകുട്ടികൾ തലതാഴ്ത്തിയിരുന്നു. പിന്നീട് മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങൾ. ഇയ്ക്കിടയ്ക്ക് കോമാളികളുടെ തകർപ്പൻ കോമഡി. രണ്ടുമണിക്കൂർ കന്നുപോയതറിഞ്ഞില്ല. പിന്നിട് പല ട്രൂപ്പുകളുടെ സർക്കസ്സ് കാണാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും ജംബോ സർക്കസ്സിനോടൊപ്പം വരില്ല. സർക്കസ്സ് ഷോ കഴിഞ്ഞ് മടക്കയാത്ര. ഉപരിപഠനകാലത്ത് ഒന്നിലധികം ദിവസം നീളുന്ന വിനോദയാത്രകൾ പോയിട്ടുണ്ടെങ്കിലും ആദ്യത്ത വിനോദയാത്രയാണു മനസ്സിൽ കൂടുതൽ മായാതെ നിൽക്കുന്നത്. ജോസ് അഗസ്റ്റിൻPlease login to add comments.


Share in whatsapp