മണിക്കടവുകാരൻ Download Androrid App

കുടക് മലയാളി കുടിയേറ്റക്കാരുടെ തലവർ വർഗീസ് കീച്ചപ്പള്ളി നിര്യാതനായി

Date : 16/01/2022

കുടക് മലയാളി കുടിയേറ്റക്കാരുടെ തലവർ വർഗീസ് കീച്ചപ്പള്ളി നിര്യാതനായി. ഗർഭിണിയായ ഭാര്യയേയും പറക്കമുറ്റാത്ത മൂന്ന് മക്കളുടെയും കൈപിടിച്ച് മീനച്ചലാറിന്റെ തീരത്ത് നിന്ന് 1950 ൽ കർണ്ണാടകയിലെ കുടകിൽ എത്തി വന്യമൃഗങ്ങളുടെ ആക്രമണങ്ങളെയും പ്രതികൂല കാലാവസ്ഥയെയും കുടകരുടെ വെല്ലുവിളികളെയും അതിജീവിച്ച് കുടകിലെ കാർഷിക രംഗത്തും രാഷ്ട്രീയസാമൂഹിക മേഖലയിലും വെന്നിക്കൊടി നാട്ടിയ വർഗ്ഗീസ് കീച്ചപ്പള്ളി നാട്ടുകാരുടെ പ്രിയപ്പെട്ട കുടകൻ വർഗ്ഗീസ് നൂറ്റിനാലാം വയസ്സിൽ ഉളിക്കല്ലിലെ സ്വവസതിയിൽ ഇന്നു പുലർച്ചേ അന്തരിച്ചു. എഴുപത്തിരണ്ട് വർഷം മുൻ്പ് മൂവാറ്റ്പുഴയിൽ നിന്ന് കുടകിലേയ്ക്കുള്ള കൂടിയേറ്റ യാത്രയിൽ " "എവിടെ പോകും എങ്ങനെ ജീവിക്കും എന്നൊന്നും ചിന്തിച്ചില്ല ഇത്രയും ആളുകൾക്ക് കിടക്കാൻ ഇടമുണ്ടെങ്കിൽ എനിക്കും ഇടം കിട്ടും" എന്ന വിശ്വാസത്തിൽ 1950ൽ മൂവാറ്റുപുഴയിൽ നിന്ന് കുടകിലേയ്ക്ക് ജീവിതം പറിച്ച് നടാൻ ഇറങ്ങിതിരിച്ച വർഗ്ഗീസ് കീച്ചപ്പള്ളി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുടകൻ വർഗ്ഗീസിന്റെ, കുടിയേറ്റ കർഷകന്റെ അതിജീവനത്തിന്റെയും ചെറുത്ത്നില്പുകളുടെയും പോരാട്ടങ്ങളുടെയും ജീവിതപർവ്വം ഇനി ചരിത്രസ്മൃതി. 1919 ആഗസ്റ്റ് 19 ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മാറാടി എന്ന സ്ഥലത്ത് കീച്ചപ്പള്ളിൽ വർക്കിയുടെയും അന്നാമ്മയുടെയും മകനായി ജനിച്ചു.മാറാടി സ്കൂളിൽ നാലാം തരം വരെ പഠിച്ചു.ഇരുപത് പറ കണ്ടം സ്വന്തമായി ഉണ്ടായിരുന്ന മാതാപിതാക്കളെ കൗമാരകാലത്ത് കൃഷിപണിയിൽ സഹായിച്ച് കഴിയുന്നതിനിടയിൽ നെയ്ത് പണി പഠിച്ച് തോർത്തും മുണ്ടും ഒക്കെ നെയ്ത് മൂവാറ്റുപുയിലും എറണാകുളത്തിന്റെ വിവിധ സ്ഥലങ്ങളിലും സൈക്കിളിലും തലച്ചുമടായും കെണ്ട് പോയി വില്പന നടത്തി വരേവ 1940ൽ ഞാറക്കാട്ടിൽ അന്നമ്മയെ വിവാഹം കഴിച്ചു.കൃഷിപണിയും നെയ്ത്തും ഒക്കെയായി കഴിഞ്ഞിരുന്നപ്പോഴും അക്കാലത്ത് നാട്ടിൽ കടുത്ത ദാരിദ്രവും ക്ഷാമവും അനുഭവപ്പെട്ട കാലവും കൂടിയായിരുന്നു.അന്നന്നത്തെ കാര്യങ്ങൾ കഷ്ടി നടന്ന് പോയാലായി.ഇതിനിടയിൽ സ്വന്തമായി ഒരു തറി നടത്തിയെങ്കിലും അത് നഷ്ടത്തിലായി കടം പെരുകി .ജേഷ്ഠൻ വിവാഹം കഴിക്കുമ്പോൾ കിട്ടിയ നുറ്റിയൻപത് രൂപകൊടുത്ത് കുറെ കടം വീട്ടി. ആ സമയത്താണ് നാട്ട്കാരനും സൂഹൃത്തുമായ പൈലി സ്കറിയാ കുടകിലേയ്ക്കുള്ള യാത്രയ്ക്ക് ക്ഷണിച്ചത്.അപ്പൻ ഓഹരിയായി കൊടുത്ത അഞ്ച്പറ പുരയിടം വിറ്റ് കടം വീട്ടിയതിൽ ബാക്കിവന്ന 1429 രൂപ 19 ചക്രവുമായി ഡിസംബറിലെ മരം കോച്ചുന്ന തണുപ്പത്ത് കുടക് മലനിരകളിലേയ്ക് യാത്ര തിരിക്കുമ്പോൾ കരളുറപ്പിന്റെ ബലത്തിൽ മനസ്സിന് കൈവന്ന ആത്മബലവും ചങ്കുറ്റവും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. 1950 ഡിസംബറിൽ കുടകിലെത്തി സൂഹൃർത്തായാ പൈലി സ്കറിയായുടെ സഹായത്താൽ ഒരു ചെറിയ പുല്ല്മേഞ്ഞ വീട് തരപ്പെടുത്തി താമസം തുടങ്ങി.അവിടുന്ന് പിന്നെ തിരിഞ്ഞ് നോക്കാതെയുള്ള ഒരു പാച്ചിലായിരുന്നു ജീവിതപാച്ചിൽ . ഹെഗ്ളെ സായാപ്പിന്റെ കൈവശമുണ്ടായിരുന്ന 70ഏക്കർ അടയ്ക്കാ തോട്ടവും ഡയറി ഫാം അടക്കമുള സ്ഥലവും ഒരു കുടകന്റെ കൈയ്യിലായിരുന്നു ആ സമയത്ത്.അതിൽ നിന്ന് 22 ഏക്ര സ്ഥലം 1200 രൂപയ്ക്ക് വാങ്ങി.85 രൂപയ്ക്ക് അടയ്ക്കാപാട്ടവും. കൃഷിപ്പണിയും നെയ്ത്തും സൈക്കിളിൽ നെയ്ത് സാധനങ്ങൾ കൊണ്ട് നടന്ന് വില്പനയും കഴിഞ്ഞ് അവശതയോടെ എത്തുമ്പോൾ മീനച്ചലാറിലെ നീന്തി കുളി നല്കിയ മനോബലത്തിൽ കുടകിലെത്തിയപ്പോൾ നഷ്ടബോധം തോന്നിയില്ല മറിച്ച് പൊരുതാനും നേടാനുമുള്ള ഉൾവിളിയാണുണ്ടായത്. നിബിഡമായ വനമേഘലയിലെ മൊട്ടകുന്നുകളും അവയ്ക്ക് നടുവിലെ ഹരിതാഭമായ പാടശേഖരങ്ങളും കൊണ്ട് സമ്പന്നമായ മനോഹാരിണിയായ കുടക് മലനിരകളുടെ വശ്യതയിൽ കാട്ട്മണ്ണിനോടും കാട്ട്മൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ച് പടപൊരുതി മണ്ണിൽ കനകം വിളയിച്ചതിന്റെ ചാരിതാർത്ഥ്യം അവസാനകാലം വരെ ആ മുഖത്ത് തെളിഞ്ഞ്കാണാമായിരുന്നു , പൊരുതി നേടിയവന്റെ വിജയാഹ്ളദത്തിന്റെ ആത്മനിർവൃതി. കുടിയേറ്റത്തിന്റെ ആദ്യകാലത്ത് കാട്ടിൽ നിന്ന് വിറക കൊത്തി ഒരുവണ്ടിയ്ക്ക് കേറ്റിവിട്ടാൽ നാല് രൂപ കിട്ടും.പണിക്കാരെ സംഘടിപ്പിച്ച് പതിനാറ് വണ്ടി വിറക് വരെ കേറ്റിവിട്ട് പൈസ ഉണ്ടാക്കാൻ തുടങ്ങി.പണിക്കാർക്ക് ചിലവും മാസം മുപ്പത് രൂപ കൂലിയും കൊടുത്തു.ആദ്യകാലത്ത് തെരുവപുല്ല് വാറ്റി പുൽത്തൈലമാക്കി തലശ്ശേരിയിലും ആലുവയിലും ഒക്കെ എത്തിക്കുമായിരുന്നു.തെരുവ പുല്ല് വാറ്റി പുൽതൈലമാക്കുന്ന ജോലി വളരെ അധികം അദ്ധ്വാനമുള്ളതും ശ്രമകരവും ആരോശ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ആണ്.അക്കാലത്ത് വാറ്റിയ പുൽതൈലവും കാപ്പിയും ഒക്കെ മലബാറിലും എറണാകുളത്തും എത്തിച്ച് വില്പന നടത്തലും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.ഒന്ന് ഗതാഗത പ്രശ്നം തന്നെ കഷ്ടി വലിയ വാഹനം കടന്ന് പോകാൻ മാത്രം വീതിയുള്ള വനപാതയിൽ കാട്ട്മൃഗങ്ങളുടെ ശല്യവും പ്രതികുല കാലാവസ്ഥയും അതിജീവിച്ച് വേണമായിരുന്നു അവ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ.1962കാവേരി കരകവിഞ്ഞു ഒഴുകിയ പെരുമഴക്കാലത്ത് സാഹസികമായി പുൽതൈലവും കാപ്പിയും നിറച്ച് ചങ്ങാടത്തിലൂടെ പുഴ കടന്ന് തലച്ചുമടായി അവ കുടകിൽ നിന്ന് തലശ്ശേരി എത്തിച്ചതിൻെ കഥ നൂറാം പിറന്നാൾ ആഘോഷവേളയിൽ തെളിച്ചമുള്ള മനസ്സോടെ ദൃഡസ്വരത്തിൽ പറഞ്ഞപ്പോൾ ഇനിയും പൊരുതാനുള്ള ശക്തി ബാക്കിയുണ്ട് എന്ന ദൃഡഭാവം ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. പുത്തൻതലമുറയ്ക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകരുന്ന ജീവിതാനുഭവങ്ങളുടെ ഊർജ്ജസ്രോതസ്സായിരുന്നു വർഗ്ഗീസ് കീച്ചപ്പള്ളി. കുടക് മരനിരകളുടെ വശ്യതയും സൗന്ദര്യവും സംരക്ഷിച്ച് കൊണ്ട് തന്നെ ആ മലനിരകളിൽ കാപ്പിയും ഏലവും കുരുമുളകും ഇഞ്ചിയും അവസാനമായി റബ്ബറും കൃഷി നടത്തുകയും വന്യമൃഗങ്ങളോടും കലിതുള്ളുന്ന പ്രതികൂലകാലാവസ്ഥയോടും പടവെട്ടി മണ്ണിൽ കനകം വിളയിച്ച ഉത്തമനായ അത്യദ്ധ്വാനിയായ കർഷകപുത്രൻ മാത്രമായിരുന്നില്ല വർഗ്ഗീസ് കീച്ചപ്പള്ളി എന്ന കുടകൻ വർഗ്ഗീസ്.മലയാള മണ്ണിൽനിന്ന് കുടകിലെത്തി അവിടുത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമായിരുന്നപ്പോഴും കുടിയേറ്റ കർഷകരുടെ സംഘബലത്തിന്റെ ഉൾകരുത്തിനെ അവരുടെ ആത്മാവിൽ ചേർത്ത് നിർത്തി വിജയ ഗാഥകൾ തീർക്കാൻ കർമ്മധീരതയോടെ നേതൃത്വം നല്കിയ പോരാളി കൂടിയായിരുന്നു ഇദ്ദേഹം. കുടിയേറ്റ മലയാളികളോടുള്ള കുടക് വംശജരുടെ അക്രമങ്ങളെയും അതിക്രമങ്ങളെയും അവഹേളനങ്ങളെയും ചെറുക്കുന്നതിനും പ്രതിരോധിക്കുന്നതിനും അതിജീവനത്തിനുമായി കുടിയേറ്റക്കാരെ സംഘടിപ്പിച്ച് ഡോ.പ്രസാദിന്റെ ഒപ്പം കമ്മ്യൂണിസ്റ്റ് പാർടി കുടകിൽ രൂപികരിച്ച് കുടകരുടെ അതിക്രമങ്ങളെ നേരിട്ടു.അക്കാലത്ത് കുടകരും മലയാളികളുമായി സംഘർഷമുണ്ടായി മലയാളികളെ കൃഷി ഇറക്കാൻ കുടകർ സമ്മതിക്കാതായി.മൈലമറ്റം രാമന്റെയും കീച്ചപ്പള്ളി വർഗ്ഗീസിന്റെയും ഡേ.പ്രസാദിന്റെയും നേതൃത്വത്തിൽ മലയാളി കൃഷിക്കാർ സംഘടിച്ചു.വെടിവെയ്ക്കാൻ തോക്കുമായി വരുന്ന കുടകനെ പിടിക്കാനും ആ തോക്ക്കൊണ്ട് അവരെ തിരിച്ച് തല്ലാനും തിരുമാനിച്ചു.സംഘർഷത്തിൽ പോലീസ് മലയാളികളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ചു. ജാമ്യം എടുക്കാൻ എത്തിയവരെ പോലും പോലീസ് ലോക്കപ്പിലടച്ച് നിഷ്ഠുരമായി മർദ്ദിച്ചു.ഇതിനെയെല്ലാം അതിജീവിച്ചതിന്റെ കനലെരിയുന്ന ഓർമ്മകൾ അവസാനകാലത്തും ആ മനസ്സിൽ കനലടങ്ങാതെ എരിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു. പിന്നിടെരിക്കൽ കുടക് ജനജാഗ്രതാ സമതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുണ്ട് ഉടുത്ത് വന്ന വർഗ്ഗീസിനെ ഹാളിൽ കയറാൻ കുടകർ സമ്മതിച്ചില്ല.പാന്റ് ധരിച്ചാലെ ഹാളിൽ കയറാൻ പറ്റു എന്നായി കുടകർ." "ബ്രീട്ടിഷ്കാരൻ പോയപ്പോൾ ഊരി റോഡിലെറിഞ്ഞ പാന്റും ധരിച്ച് നടക്കുന്ന നീയാണോ അതോ ഇന്ത്യാക്കാരന്റെ മുണ്ട് ധരിച്ച് വന്ന ഞാനാണോ യഥാർത്ഥ ഇന്ത്യാക്കാരൻ " എന്ന് തിരിച്ച് ചോദിക്കുകയും തർക്കത്തിനൊടുവിൽ പരിപാടിയിൽ മുണ്ട് ഉടുത്ത്തന്നെ പങ്കെടുത്താണ് വർഗീസ് കീച്ചപ്പള്ളി മടങ്ങിയത്. ഇതിനിടയിൽ കുടകിലെ യാക്കോബായ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്ക് ആരാധനയ്ക്കോ ഒത്ത്ചേരലിനോ ഒരു തരത്തിലുള്ള സംവിധാനവും ഇല്ലാതിരുന്ന സമയത്ത് 1953 ഹെഗ്ഗളയിൽ ഏഴോളം സുഹൃത്തുക്കളെയും കൂട്ടി ആരാധനയ്ക്കായി ഒരു ചെറിയ പള്ളി പണിതു.അതിന് ശേഷം മലങ്കര ഓർത്തഡോക്സ് സഭയുടെ ഉന്നമനത്തിനായി കുടക് നാട്ടിലാകെ ഊർജ്ജ്വസ്വലതയോടെയും സേവന തല്പരതയോടെയും സഭാവിശ്വാസങ്ങളെ സംരക്ഷിക്കുന്നതിന് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച സമുദായ പ്രവർത്തകൻ കൂടിയായിരുന്നു വർഗ്ഗീസ് കീച്ചപ്പള്ളി. ഏഴ് മക്കളും 16 കൊച്ച്മക്കളും 23 പേരക്കുട്ടികളും ആയി അൻപത്തിഎട്ട് വർഷത്തെ കുടക് കുടിയേറ്റ ജീവിതം അവസാനിപ്പിച്ച് 2008 ൽ കണ്ണൂർ ജില്ലയിലെ ഉളിക്കല്ലിൽ സ്ഥീര താമസമാക്കി. സമാനതകൾ ഇല്ലാത്ത വ്യക്തിപ്രഭാവവും അതുല്യമായ നേതൃഗുണവും ലളിതജീവിതചര്യയും പുലർത്തി കുടുംബാംഗങ്ങളുടെയും സമുദായത്തിന്റെയും കുടക് വംശജരുടെയും മലയാളികളുടെയും സ്നേഹാദരങ്ങളും അംഗീകാരവും നേടാൻ കഴിഞ്ഞ വർഗ്ഗീസ് കീച്ചപ്പള്ളി ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട ആത്മനിർവൃതിയുടെ നിറവിൽ നിന്നാണ് നൂറ്റിനാലാം വയസ്സിൽ ദൈവസന്നിധിയിൽ നിദ്രപ്രാപിച്ചത്. 2019ആഗസ്റ്റ് 18ന് ഉളിക്കൽ പൗരാവലിയുടെ നേതൃത്വത്തിൽ നൂറാം ജൻമദിനം ആഘോഷിച്ചപ്പോൾ അത് ചരിത്രത്തിലേയ്ക്ക്, കുടിയേറ്റ കർഷകരുടെ അതിജീവനത്തിലേയ്ക്ക്, കുടകരുടെയും മലയാളികളുടെയും സഹവർത്തിത്വത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും ഒത്ത്ചേരലിനും വേദിയായി എന്നത് ഒരപൂർവ്വതയായിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായി കുട്ടികൾക്ക് വരെ കൂട്ട്കാരനായി എല്ലാവരേയും സ്നേഹപൂർവ്വം ആശ്ളേഷിക്കുന്ന എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റ് വാങ്ങിയ , തന്റെ കർമ്മ മണ്ഡലത്തിൽ നിശ്ചയദാർഢ്യവും ഇശ്ഛാശക്തിയും ലാളിത്യവും ജീവിതചര്യ ആക്കി വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലുടെ എല്ലാവരെയും സ്നേഹചരടിൽ ചേർത്ത് നിർത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട വല്ല്യപ്പച്ചൻ വർഗ്ഗീസ് കീച്ചപ്പള്ളിയ്ക്ക് സ്നേഹപ്പൂക്കളാൽ ആദരാഞ്ജലികൾ. വിശ്വംഭരൻ. കെ.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com