മണിക്കടവുകാരൻ Download Androrid App

ബഹുമാന്യ മണിക്കടവ് പള്ളി വികാരിക്ക് ഒരു തുറന്ന കത്ത്.

Date : 17/10/2021

ബഹുമാന്യ മണിക്കടവ് പള്ളി വികാരിക്ക് ഒരു തുറന്ന കത്ത്.ബഹുമാന്യ എന്ന വാക്ക് അങ്ങയെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ ഉപയോഗിച്ചെങ്കിലും അങ്ങ് അതിന് അർഹൻ ആണോ എന്ന് സ്വയം ഒന്ന് ചോദിക്കുന്നത് നല്ലതാണ്. ഇങ്ങനെ പറയേണ്ടിവന്നത് എന്ത് കൊണ്ടാണെന്ന് ഒന്ന് പരിശോധിക്കാം. 

 മണിക്കടവ് ഇടവകയുടെ വികാരി ആയിട്ട് അങ്ങ് ചാർജ് എടുത്ത അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ അങ്ങ് ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു പ്രവർത്തി ബഹുമാനം അർഹിക്കുന്നതായിട്ട് ഉണ്ടെന്ന് ഞങ്ങൾ ഇടവകക്കാരുടെ ഓർമയിൽ ഇല്ല. അങ്ങേക്ക് ഓശാന പാടുന്ന കുറച്ച് ആളുകൾ ഇപ്പോൾ ഞങ്ങൾ ഈ പറഞ്ഞതിനെ എതിർക്കുമെങ്കിലും അങ്ങ് ഈ ഇടവകയിൽ നിന്ന് മാറി പുതിയ ഒരു സ്ഥലത്തു എത്തിച്ചേരുന്ന അന്നുവരെ മാത്രമേ അവർ എതിർക്കുക ഉള്ളു. അത് കഴിഞ്ഞാൽ അവരായിരിക്കും അങ്ങയെക്കുറിച്ച് ഏറ്റവും മോശമായി പറയുക. മുൻ അനുഭവങ്ങൾ അങ്ങനെ ആയതു കൊണ്ടാണ് കൃത്യമായി ഞങ്ങൾ ഇത് പറയുന്നത് ( മുൻ വികാരിമാരെക്കുറിച്ച് പോസ്റ്റർ വരെ എഴുതി നാട്ടിൽ ഇരുളിന്റെ മറവിൽ ഒട്ടിച്ച ആളുകളാണ് അങ്ങയോടൊപ്പം ഇപ്പോൾ നില്കുന്നത് എന്ന് അങ്ങേക്ക് അറിയില്ലായിരിക്കാം, അങ്ങയെ മുൻനിർത്തി അവരുടെ വ്യക്തിഗത നേട്ടത്തിന് വേണ്ടിയാണ് നിൽക്കുന്നത് എന്നും അങ്ങേക്ക് അറിവുണ്ടാകില്ല ).

 സ്കൂളുകളുടെ അറ്റകുറ്റ പണികൾക്കു സർക്കാർ നൽകുന്ന ധന സഹായം കൃത്യമായി അങ്ങ് കൈപ്പറ്റിയതായി അറിയാം (കള്ള ബില്ലുകൾ ആണ് സമർപ്പിച്ചത് എന്നും അറിയാം ). എന്നാൽ നാളിതുവരെ സമയാസമയം നടത്തേണ്ട അറ്റകുറ്റ പണികൾ നടത്തിയിട്ടില്ല എന്നതല്ലേ വസ്തുത. ഇത് നമ്മുടെ സഭാ വിശ്വാസപ്രമാണങ്ങൾക് നിരക്കുന്നതാണോ? അങ്ങയുടെ പദവിക്ക് ചേരുന്നതാണോ? ഇത് കാരണമാണ് ഹൈസ്കൂളിന് ഫിറ്റ്നസ് ഈ നിമിഷം വരെ കിട്ടാത്തത് എന്ന് പറഞ്ഞാൽ അങ്ങേക്ക് അത് നിഷേധിക്കാൻ പറ്റുമോ? P T A യും പ്രിൻസിപ്പളും അടക്കം പല പ്രാവശ്യം അഭ്യർത്ഥിച്ചിട്ടും അങ്ങ് അവരെ ധിക്കാരപരവും ധാർഷ്ട്യവും നിറഞ്ഞ മറുപടികൾ പറഞ്ഞാണ് ഓരോ പ്രാവശ്യവും നേരിട്ടത് എന്നതല്ലേ വസ്തുത. 1976 മുതൽ നിലവിലുള്ള നമ്മുടെ ഹൈസ്കൂൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ഇത് അങ്ങ് മനപ്പൂർവം ചെയ്തതാണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ?ഒരു മാനേജർ മാത്രമല്ല ഒരു പുരോഹിതൻ കൂടി ആയ അങ്ങ് ഈ കാണിച്ചതിനെ മലയാള ഭാഷയിൽ എങ്ങനെ ആണ് സംബോധന ചെയ്യേണ്ടത്?

 ഞങ്ങൾ മണിക്കടവ്കാർ കുടിയേറ്റത്തിന്റെ ആദ്യകാലം മുതൽ ഇതുവരെ പല രാഷ്ട്രീയ വിശ്വാസങ്ങളിൽ വിശ്വസിക്കുന്നവർ ആണെങ്കിൽ കൂടി, ഞങ്ങളുടെ നാടിന്റെ പൊതുവായ കാര്യങ്ങൾക്കു ഒരു മനസ്സോടെ കൈമെയ്യ് മറന്ന് പോരാടിയവർ ആണ്. അതിന്റെ ഫലമാണ് ഇന്ന് മണിക്കടവിൽ കാണുന്ന റോഡുകളും പാലങ്ങളും സ്കൂളും പള്ളിയും സഹകരണ ബാങ്കും സ്കൂൾ ഗ്രൗണ്ടുകളും സിമിത്തെരിയും പള്ളിയുടെ ഷോപ്പിംഗ് കോംപ്ലക്സ്കളും എന്ന് വേണ്ട എല്ലാം. അതാത് കാലഘട്ടങ്ങളിൽ ഇരുന്ന വികാരി അച്ഛൻമാരെ വിസ്മരിച്ചുകൊണ്ടല്ല ഇങ്ങനെ പറയുന്നത് എന്ന് പ്രതേകം ഓർമിപ്പിക്കുന്നു.

 ഞങ്ങളുടെ പൂർവികരും ഞങ്ങളും ധാനമായി നൽകിയതല്ലാതെ എന്തെങ്കിലും ഒരു രൂപയുടെ സ്വത്ത്‌ ഇന്ന് മണിക്കടവ് ഇടവകയിൽ അങ്ങേക്ക് കാണിച്ചു തരാൻ പറ്റുമോ?ഞങ്ങൾ അങ്ങയെ ഈ കാര്യത്തിൽ വെല്ലുവിളിക്കുകയാണ്. 

 ചുരുക്കി പറഞ്ഞാൽ അങ്ങ് ഇന്ന് അനുഭവിച്ച്, ആസ്വദിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ഞങ്ങൾ നാട്ടുകാരുടെ രക്തത്തിന്റെയും വിയർപ്പിന്റെയും വിലയാണ് എന്ന് അങ്ങയെ വിനീതമായി ഒന്ന് കൂടി ഓർമിപ്പിക്കാനാണ് (നെടുമ്പള്ളി അച്ഛനെ പോലെയുള്ള പുണ്യ പുരോഹിതരെ ഓർക്കാതെ അല്ല അങ്ങയോട് ഇത്‌ പറയുന്നത് ).

 ഞങ്ങളെ സേവിക്കാനും ആൽമിയതയിൽ വളർത്തുവാനും വന്ന അങ്ങ് എന്താണ് ഇതുവരെ കാണിച്ചു കൂട്ടിയത് എന്ന് നോക്കുക 

 മണിക്കടവ് ഹൈസ്കൂളിന് പ്രത്യേകമായി സ്ഥലം ഇല്ല എന്ന അങ്ങയുടെ കള്ള പ്രസ്താവനയിൽ തുടങ്ങിയ നാറിയതും നാണംകെട്ടതുമായ കള്ളക്കളികൾ അല്ലെ ഇന്നത്തെ മണിക്കടവിലെ പ്രശ്ങ്ങളുടെ എല്ലാം തുടക്കം? അങ്ങ് പറയണം. ഹൈ സ്കൂളിന്റെ സ്ഥലം ഒഴിപ്പിച്ചെടുക്കാൻ തമിഴ് തിരുട്ടു ഗ്രാമങ്ങളിലെ കൊള്ള സംഗങ്ങൾ ചെയ്യുന്നതിലും വൃത്തി കെട്ട രീതിയിൽ അല്ലെ അങ്ങ് പൊതുയോഗ തീരുമാനമായി അങ്ങയുടെ തീരുമാനം പൊതുയോഗ മിനിട്സ് ബുക്കിൽ എഴുതി ചേർത്തത്? എന്നിട്ട് അടുത്ത പോതുയോഗത്തിൽ ഇടവക ജനം ഒന്നാകെ അങ്ങയോട് അതിനെകുറിച് സംസാരിച്ചപ്പോൾ അങ്ങ് നിഷേധിക്കുക പോലും ചെയ്യാതെ, പിതാവിന്റെ കത്തില്ലാതെ അത് തിരുത്താൻ പറ്റില്ല എന്ന മുടന്തൻ ന്യായമല്ലേ പറഞ്ഞത്? ഇത് ക്രിസ്തീയതക്ക് യോജിച്ച പ്രവർത്തികൾ ആയിരുന്നോ? 

 അതുപോലെ u p സ്കൂളിന്റെ മുൻപിലുള്ള ഷോപ്പിംഗ് കോംപ്ലക്ക്സിന്റെ പാർക്കിംഗ് ഗ്രൗണ്ട്, u p സ്കൂൾ ഗ്രൗണ്ടിന്റ ഒരു ഭാഗം ആണെന്നും, അത് രേഖാമൂലം എഴുതി മാറിയത് ആണെന്നും അറിഞ്ഞുകൊണ്ട്, അവിടെ ആവശ്യത്തിന് സ്ഥലം ഗ്രൗണ്ടിന് ഉണ്ടെന്ന നുണ പറഞ്ഞ് ഞങ്ങളെ കപിളിപ്പിക്കാൻ നോക്കുക അല്ലെ ചെയ്തത്? 

അതു പോലെ കുഴൽ കിണറിന്റെ കാര്യവും.അത് പോലെ എത്രാ ഡ്രോയിങ്കുകൾ ആണ് അങ്ങ് പുതിയ ഹൈസ്കൂൾ കെട്ടിടത്തിനു വേണ്ടി തയ്യാറാക്കി ഞങ്ങളെ പറ്റിക്കാൻ ശ്രമിച്ചത് ? അങ്ങയുടെ ഡ്രോയിങ്ങുകൾ പ്രകാരം സർക്കാർ അപ്പ്രൂവൽ കിട്ടില്ല എന്ന് അങ്ങേക്ക് അറിയാവുന്നത് കൊണ്ടല്ലേ, നാട്ടുകാരെ കാണിക്കാൻ ഒരുതരവും അപ്പ്രൂവൽ കിട്ടാൻ വേറൊരു തരവും എന്ന് എഞ്ചിനീറോട് പറഞ്ഞത്? 

 പ്രശനങ്ങൾ പിതാക്കന്മാരുടെ മധ്യസ്ഥതയിൽ ചർച്ച ചെയ്തപ്പോൾ പറഞ്ഞത് പോതുയോഗം കൂടി തീരുമാനം ആയിട്ടേ സ്കൂൾ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോകു എന്നല്ലേ? എന്നാൽ അങ്ങ് വളഞ്ഞ വഴിയിൽ പാരിഷ് കൗൺസിൽ കുറച്ച് ആളുകളെ വച്ച് ഘട്ടം ഘട്ടമായി നടത്തി സ്കൂൾ കെട്ടിടം പണിയുമായി മുന്നോട്ട് പോകാനല്ലേ ശ്രമിച്ചത്? പട്ടം കിട്ടുന്നതിന്റെ ഭാഗമായുള്ള അനുസരണ എന്ന വൃതം, പിതാക്കന്മാരുടെ തീരുമാനം മാനിക്കാത്തതിലൂടെ അങ്ങ് ലംഗിക്കുക അല്ലെ ചെയ്തത്? അതുകൊണ്ടല്ലേ ഞങ്ങൾക്ക് അന്ന് പള്ളിയിൽ നടത്തിയ യോഗത്തിൽ വരേണ്ടി വന്നത്?

 ഇതിന്റെ ഭാഗമായി പോലീസിന്റെയും ഫോറോനാ വികാരിയുടെയും തീരുമാനവും അങ്ങ് മാനിക്കാത്തത് അനുസരണക്കേട് അല്ലെ? ഇതിനെ എങ്ങനെ ക്രിസ്തീയത എന്ന് വിളിക്കും? 

 ഇടവക ജനത്തേക്കുറിച്ച് ഇടവക ജനത്തോട് നുണകൾ പറഞ്ഞ് ഭിന്നിപ്പിക്കാൻ അങ്ങ് ആദ്യം രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കാൻ നോക്കി. നടക്കാതെ ആയപ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും ഗ്രൂപ്പുകളിൽ ഇടവകയിലെ മുതിർന്ന ജനത്തെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തി, ഞങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും മുതിർന്നവർക്ക് എതിരാക്കി ഞങ്ങളുടെ കുടുംബങ്ങളിൽ പ്രശനം ഉണ്ടാക്കാൻ നോക്കിയത് ശരിയാണോ?ഇതും ഫലിക്കാതെ വന്നപ്പോൾ ഇടവക ബുള്ളറ്റിൻ എന്നപേരിൽ അപവാദ പ്രചരണം നടത്തി. ഇതൊക്കെ ഒരു ആൽമീയ പിതാവിന് ചേർന്ന പണിയാണോ? ഇങ്ങനെ ചിന്തിക്കാൻ അങ്ങേക്ക് കഴിയില്ലെങ്കിലും അങ്ങയെ ഇങ്ങോട്ട് വിട്ടവർ എങ്കിലും ഓർക്കേണ്ടതാണ്. 

 മണിപ്പാറ, ശാന്തിനഗർ, ആനറാ മുതലായ ഇടവകകൾ മണിക്കടവ് ഇടവക വിഭജിച് ഉണ്ടായതാണന്ന് അങ്ങേക്ക് അറിവില്ലാത്തതാണോ?ഞങ്ങൾക്ക് അവർ ഇപ്പോഴും ഞങ്ങളുടെ സഹോദരങ്ങൾ തന്നെയാണ് അല്ലാതെ അങ്ങ് കരുതുന്നത് പോലെ ശത്രുക്കൾ അല്ല. അവരുടെയും കൂടി അധ്വാന ഫലങ്ങൾ ആണ് അങ്ങ് ഇന്ന് അനുഭവിക്കുന്നതൊക്കെയും എന്ന് ഓർക്കാതെ ആണോ അങ്ങ് കള്ളക്കേസുമായി നടക്കുന്നത്? 



 പിന്നെ അങ്ങേക്ക് വളരെ മാന്യമായി ഹൈസ്കൂൾ നിർമാണത്തിലെ ഭിന്നതകൾ പരിഹരിക്കാൻ എത്ര അവസരം ഞങ്ങൾ തന്നു? പിതാക്കന്മാരുടെ മുൻപിൽ ഞങ്ങൾ എത്ര തവണ എത്തി? എന്നിട്ടും അങ്ങ് ഒരു മേലധികാരിയുടെയും വാക്ക് കേൾക്കാതെ, അങ്ങ് അങ്ങയുടെ പ്ലാനും പദ്ധതിയും അനുസരിച്ചു മുന്നോട്ട് പോയപ്പഴാണ് ഞങ്ങൾ പള്ളിയിൽ വന്ന് അങ്ങയോട് സംസാരിക്കേണ്ടി വന്നത്. അങ്ങ് അത് കൈയേറ്റമായും കൈയങ്കാളിയുമായി വാക്രീകരിക്കാൻ മാത്രമല്ലെ ശ്രമിക്കുന്നത്? അതുപോലെ ഞങ്ങളെ സാമൂഹ്യ ദ്രോഹികൾ എന്ന് മുദ്ര കുത്താനും. പക്ഷെ യാഥാർഥ്യം അതാണോ? അങ്ങ് വിളിച്ചുവരുത്തിയ പോലീസ്, മറ്റു ഇടവകയിലെ അച്ഛന്മാർ ആരെങ്കിലും അങ്ങയുടെ നിലപാട് ശരിയാണ് എന്ന് അവിടെയുണ്ടായിരുന്ന ഞങ്ങളോട് പറയാതിരുന്നത് എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? 

 അങ്ങ് പോലീസിനോട് ഞങ്ങൾക്ക് എതിരെ കേസെടുക്കാൻ പറഞ്ഞിട്ട് കേസെടുക്കാതിരുന്നത് എന്ത് കൊണ്ടാണ്? അതിന് ശേഷം അങ്ങ് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തിട്ടും കേസെടുക്കാൻ അവർ തയ്യാറാകാതിരുന്നത്, അങ്ങ് കൊടുക്കുന്നത് കള്ള പരാതി ആണെന്ന ഉറച്ച ബോധ്യത്തിൽ ആണെന്നും അവർക്ക് വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ടല്ലേ?ക്രിസ്തു ശിഷ്യനായ അങ്ങേക്ക് ഇല്ലാത്ത നീതിബോധം പോലീസിനുണ്ടെന്നല്ലേ അതിനർത്ഥം?അങ്ങ് ഒഴിച്ച് ബാക്കിയെല്ലാവർക്കും സത്യം എന്താണെന്ന് ബോധ്യം ഉണ്ട്. അങ്ങേക്ക് അത് മനസ്സിലാകാത്തത് എന്ത് കൊണ്ടാണെന്നാണ് അങ്ങ് ആദ്യം കണ്ടുപിടിക്കേണ്ടത്. 

 അങ്ങയുടെ പക്ഷം ജയിക്കാൻ, നാളെ അങ്ങ് ബഹുമാനപ്പെട്ട കന്യസ്ത്രീകളെ വരെ ഉപയോഗിച്ച് കള്ളക്കേസ് കൊടുക്കാൻ മടിക്കില്ല എന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുണ്ട്. 

 അങ്ങ് സ്വാധിനം ഉപയോഗിച്ച് ഞങ്ങളിൽ മുന്ന് പേരുടെയും കണ്ടാൽ അറിയാവുന്ന 100 ഓളം പേരുടെ പേരിലും കേസ് കൊടുത്താൽ ഞങ്ങൾ പേടിച് പിന്മാറുമെന്ന് അങ്ങ് കരുതുന്നുണ്ട് എങ്കിൽ അങ്ങേക്ക് തെറ്റി. കാടിനോടും കാട്ടു മൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പടപൊരുതി ജയിച്ചവരും അവരുടെ രക്തം സിരകളിൽ വഹിക്കുന്നവരുമാണ് ഞങൾ. അങ്ങയുടെ കുതന്ത്രങ്ങളെ നേരായ മാർഗത്തിൽ നേരിടാൻ ഒരുങ്ങി തന്നെയാണ് ഞങ്ങൾ ഇറങ്ങി തിരിച്ചിരിക്കുന്നത്. കള്ളക്കേസ് നേരിടുന്നതിലും നല്ലത് ശരിക്കുള്ള കേസ് നേരിടുന്നതാണെന്നും ഞങൾക്കറിയാം(അങ്ങ് അത് ഓർക്കുന്നത്, അങ്ങേക്ക് നല്ലതായിരിക്കും )

 പിന്നെ അങ്ങ് മാത്രമല്ല ഞങ്ങൾക്കും കേസ് കൊടുക്കാൻ അറിയാമെന്ന് ഓർമയുള്ളത് നല്ലതായിരിക്കും. വിശുദ്ധ വസ്ത്രം ഒക്കെ ഇട്ട് ഒരാളെ, പോലീസും കോടതിയുമൊക്ക കയറ്റുന്നതിലുള്ള ഞങളുടെ വിഷമം കൊണ്ടാണ് ഇതുവരെ ഞങ്ങൾ അതിന് പോകാത്തതെന്ന് വിനീതമായി ഓർമിപ്പിക്കുന്നു. 

 ഞങ്ങൾ ഇത്രയും മര്യാദയിലും മാന്യമായും ഈ പ്രശ്നത്തിൽ ഇതുവരെ ഇടപെട്ടത്, മുൻപിരുന്ന ആൽമിയ പിതാക്കന്മാർ ഞങ്ങളെ പഠിപ്പിച്ച ക്രിസ്തു മാർഗം കാരണമാണ്. ഇനിയങ്ങോട്ട് ഞങ്ങളെ വഴിമാറി നടത്താൻ ദയവായി നിർബന്ധിക്കരുതേ എന്നൊരപേക്ഷയുണ്ട് അങ്ങയോട്. താങ്കൾ ഞങ്ങളെ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അനുരഞ്ജനത്തിന്റെ ഈ പുതിയ ക്രിസ്തു മാർഗം മണിക്കടവിലെ വരും തലമുറകളുടെ വിശ്വാസം ഏത് തലത്തിൽ എത്തിക്കുമെന്ന് ഇപ്പോൾ യൂറോപ്പ് അമേരിക്ക മുതലായ സ്ഥലങ്ങളിലെ അവസ്ഥ ഞങ്ങൾക്ക് കാണിച്ചുതരുന്നുണ്ട്. അന്ന് അങ്ങയുടെ പിൻമുറക്കാർ പരിതപിക്കുന്നത് ഞങ്ങളുടെ ഭാവി തലമുറ കാണുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 

 ഇതിന് എന്തെങ്കിലും ഒരു മറുപടി അങ്ങ് പറയുമോ എന്നറിയാൻ ഞങ്ങൾ കാത്തിരിക്കുന്നു.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com