മണിക്കടവുകാരൻ Download Androrid App

യൂപി സ്കൂൾ ഗ്രൗണ്ട് സംരക്ഷണ സമിതി

Date : 17/04/2021

പ്രിയമുള്ളവരെ, നാളിതുവരെ നമ്മുടെ നാടിൻ്റെ പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള ഒന്നാണല്ലോ നമ്മുടെ യു പി സ്കൂളും അതിന്റെ തിലകക്കുറിയായി നിൽക്കുന്ന ഗ്രൗണ്ടും. ഒരു കുന്നോളം ഓർമ്മകൾ നമുക്കെല്ലാവർക്കും ആ ഗ്രൗണ്ടിനെ ചുറ്റി പറ്റി ഉണ്ട്. ദീർഘ ദർശികളായ നമ്മുടെ മാതാ പിതാക്കന്മാരുടെയും, മുൻവികാരിമാരുടെയും പ്രയത്നഫലമായി പട്ടിണി കിടന്നും കഠിനാധ്വാനം ചെയ്തും നമ്മൾ നിർമ്മിച്ച് സംരക്ഷിച്ചുപോന്ന സ്കൂൾ ഗ്രൗണ്ട് നമ്മുടെ കുട്ടികളുടെ കലാ കായിക വളർച്ചക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മണിക്കടവ് ഇടവകയുടെ ആദ്യ വികാരിയായിരുന്ന ഫാദർ ജേക്കബ് നെടുമ്പള്ളി അച്ചൻ അടക്കമുള്ള ഇടവക വികാരിമാരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും അർപ്പണ മനോഭാവവുo ഇതോടൊപ്പം തന്നെ  എടുത്ത് പറയേണ്ടതുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ കുട്ടികൾ ദേശീയ- അന്തർദേശീയ കായിക മേളകളിൽ വരെ ശ്രദ്ധിക്കപ്പെടുന്നതും, കിരീടങ്ങൾ നേടുന്നതും വഴി കൂടുതൽ കുട്ടികൾക്ക് സ്പോർട്സ് ക്വാട്ട വഴി ശോഭനമായ ഭാവിക്കാണ് വഴി തെളിയുന്നത്. മാത്രമല്ല കൂടുതൽ കുട്ടികളെ നമ്മുടെ സ്കൂളിലേക്ക് ആകർഷിക്കാനും ഇതുവഴി നമുക്ക് കഴിഞ്ഞിട്ടുണ്ട് . എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ; പൊതുയോഗ തീരുമാനം വരെ അട്ടിമറിച്ചുകൊണ്ട്, പൊതുവികാരത്തെ തീർത്തും നിരാകരിച്ചു കൊണ്ട് , ചില തന്നിഷ്ടക്കാരുടെയും, സ്ഥാപിതതാൽപര്യക്കാരുടെയും നേതൃത്വത്തിൽ നമ്മുടെ നാടിൻറെ പൊതു സ്വത്തായ യു പി സ്കൂൾ ഗ്രൗണ്ടിനെ കച്ചവട താല്പര്യങ്ങൾ മാത്രം മുൻനിർത്തിക്കൊണ്ട്  വെട്ടിമുറിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം തന്നെ ഒരു നാടിന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നാണ് മനോഹരവും വിസ്തൃതവും ആയ  മൈതാനങ്ങൾ . ഇന്ന് മണിക്കടവിന്റെ ഏറ്റവും മഹത്തായ ഒരു നേട്ടമാണ്, നമ്മുടെ സ്വകാര്യ അഹങ്കാരം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന വിസ്തൃതിയുള്ള നമ്മുടെ ഗ്രൗണ്ട്. ഉളിക്കൽ പഞ്ചായത്തിൽ മറ്റൊരിടത്തും ഇത്തരത്തിലുള്ള ഒരു ഗ്രൗണ്ട് ഇല്ലഎന്നതും വസ്തുതയാണ്.നമ്മുടെ സമീപ പ്രദേശമായ ചന്ദനക്കാംപാറയിൽ നിന്ന്  കായികരംഗത്തിലൂടെ മാത്രം ഏകദേശം 242  ഓളം കുട്ടികൾ വിവിധ സർക്കാർ സർവ്വീസുകളിൽ എത്തിപ്പെട്ടു. നമ്മുടെ കുട്ടികൾക്കും അതിന് കഴിയും, കഴിയണം.പുതുതലമുറ വഴി തെറ്റിപ്പോകാതിരിക്കാൻ അവരുടെ വ്യക്തിത്വവികസനവും സാമൂഹിക സഹകരണവും ഉറപ്പാക്കി അവരെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാൻ കായികരംഗം അത്യാവശ്യമാണ്. അതിന് നമുക്ക് ഇപ്പോൾ ഏറ്റവും അനിവാര്യമായ കാര്യം നമ്മുടെ ഇപ്പോഴുള്ള ഗ്രൗണ്ട് അതേപോലെ തന്നെ സംരക്ഷിക്കുക എന്നതാണ്. കാര്യങ്ങൾ തിരിച്ചറിയുക എന്തുകൊണ്ടാണ്  യുപി സ്കൂൾ ഗ്രൗണ്ട് കൈയ്യേറി ഹൈസ്കൂൾ പണിയാൻ പദ്ധതി ഇടുന്നത് ? പള്ളിയുടെ സ്ഥലങ്ങൾ എല്ലാം രൂപതയുടെ ഉടമസ്ഥതയിൽ ആയപ്പോൾ, ഇപ്പോൾ ഹൈസ്കൂൾ ഇരിക്കുന്ന സ്ഥലം ഒഴിപ്പിച്ചെടുത്തു അത് മറ്റു  ആവശ്യങ്ങൾക്കായി ഉപയോഗിക്കുക എന്ന ഒരു സ്വാർത്ഥ സാമ്പത്തിക ലക്‌ഷ്യം മാത്രമാണ് ഈ നീക്കത്തിന് പിന്നിൽ. എന്തുകൊണ്ട് ഈ നീക്കത്തെ നാം എതിർക്കണം  1️⃣ നിലവിലെ കരിങ്കൽ കെട്ടിടം പൊളിച്ച് പുതിയ മാനദണ്ഡങ്ങൾ പാലിച്ചു  അനിവാര്യമായ ഒരു കെട്ടിടം അവിടെ പണിയുമ്പോൾ, ഏകദേശം നമ്മുടെ ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്തോളം - ബസ് വെയ്റ്റിംഗ് ഷെഡിന്റെ അടുത്ത് വരെ എത്തും. അത് കൂടാതെ റോഡിൽ നിന്ന് പത്ത്‌  അടി വിട്ടു  മുപ്പത്തി മൂന്നു  അടി വീതിയുള്ള കെട്ടിടം വരുമ്പോൾ  ഗ്രൗണ്ടിൻ്റെ കാൽ ഭാഗം നഷ്ടപ്പെടുന്നു.2️⃣ ഭാവിയിൽ  ഒന്നു മുതൽ അഞ്ചു വരെ എൽപി സെക്ഷനും, ആറു മുതൽ എട്ടു വരെ യുപി സെക്ഷനും, ഒൻപതു  മുതൽ പന്ത്രണ്ടു  വരെ ഹയർ സെക്കൻ്ററി സെക്ഷനുമാകുന്ന സാഹചര്യത്തിൽ, നിലവിലെ യുപി സ്കൂളിന് പുതിയ ക്ലാസ്സ് റൂമുകൾ ആവശ്യമായി വരും. നിലവിൽ കോൺഫറൻസ് ഹാളടക്കം പിടിഎ ഫണ്ട് സമാഹരിച്ച് ഷട്ടറുകൾ പിടിപ്പിച്ച് എക്സ്ട്രാ ക്ലാസ്സ് റൂമുകൾ ഉണ്ടാക്കിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.  മേല്പറഞ്ഞ റൂമുകൾ ഭാവിയിൽ ഗ്രൗണ്ടിൻ്റെ കിഴക്കേത്തലയിൽ  അംഗൻവാടിയുടെ ഭാഗത്ത് പണിയേണ്ടി വരും. അപ്പോൾ കിഴക്ക് ഭാഗത്തും ഗ്രൗണ്ടിന്റെ കാൽ ഭാഗം നഷ്ടപ്പെടും.3️⃣ യുപി,  ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകൾ  ഒരു കോംപൗണ്ടിൽ വരുമ്പോൾ, ഇവ മൂന്നും വ്യത്യസ്ത സമയങ്ങളും , സമയ ക്രമങ്ങളും വ്യത്യസ്തത പ്രവർത്തന  രീതികളും ഉള്ളവ ആണ് .  ഇങ്ങനെ കൂടി കുഴഞ്ഞ ഒരു അന്തരീക്ഷം കുട്ടികളുടെ പഠന - സ്വഭാവരീതികളെ ബാധിക്കുകയും കാര്യങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സാഹചര്യം  കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. 4️⃣ ഹയർ സെക്കൻ്ററിയിൽ കുട്ടികൾ വരുന്നത് പല  പ്രദേശങ്ങളിൽ നിന്നുമാണ് , മാത്രമല്ല നമ്മുടെ മുതിർന്ന സ്കൂൾ കുട്ടികളിൽ  ലഹരി വസ്തുക്കളുടെ  ഉപയോഗമുണ്ടന്ന് സർക്കാർ വകുപ്പുകൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചെറിയ ക്ലാസ്സിലെ കുട്ടികളെ പോലും ഇത്തരം ദുശീലങ്ങളിലേക്ക് നയിക്കുന്നതിനുള്ള സാഹചര്യമൊരുക്കലാണ് ഇത്. മുകളിൽ പറഞ്ഞവ മറികടക്കാനുള്ള മാർഗ്ഗങ്ങൾ. ? പുതുതായി പണിയുന്ന ഹൈസ്കൂൾ നിലവിലുള്ള ഹൈ സ്കൂളിൽ കെട്ടിടത്തിന്റെ  പുറകിൽ പണിയുക? നിലവിലെ സ്കൂൾ പൊളിക്കാൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ , ഹൈസ്കൂൾ ഗ്രൗണ്ടിൻ്റെ  മഠത്തിൻ്റെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് പണിയുക. അനുമതി ലഭിച്ചു കഴിയുമ്പോൾ നിലവിലെ കെട്ടിടം പൊളിച്ച് നല്ല ഒരു ഗ്രൗണ്ട് നമ്മുക്ക് ലഭ്യമാക്കുകയും ചെയ്യാം.? ഭാവിയിൽ യുപി, ഹയർ സെക്കൻ്ററി സെക്ഷനുകൾക്ക് നിലവിലുള്ള സാഹചര്യത്തിൽ നിന്ന് മാറ്റം ആവശ്യമായി വരുന്ന പക്ഷം യുപി സ്കൂൾ ഹൈസ്കൂളിനായി കൊടുത്തുകൊണ്ട് ഹൈസ്കൂളിനായി പണിത കെട്ടിടം യുപി യ്ക്ക് കൈമാറാം. ഒരു മാനേജ്മെൻ്റായതിനാൽ ഇതിനു തടസമുണ്ടാവില്ല.? ഏറ്റവും ഉചിതമായ മാർഗ്ഗം നിലവിൽ പണിയുന്ന കെട്ടിടം യുപി സ്കൂളിനായി പണിയുക എന്നതാണ്. അത് ഹൈസ്കൂൾ - ഹയർ സെക്കൻററി കോംപൗണ്ടിൽ നിന്ന് മാറി പണിയുന്നതാണ് കുട്ടികൾക്കും നാടിനും യോജിച്ചത് . ഇല്ലെങ്കിൽ ഒരു തലമുറ ചെറുപ്പത്തിൽ തന്നെ നശിക്കുന്നത് നമുക്ക് കാണേണ്ടി വരും. നിലവിലെ യുപിയിൽ പതിനെട്ടു  ക്ലാസ് മുറികളാണ് ഉള്ളത് . കോൺഫറൻസ് ഹാളിൽ 6 ക്ലാസുകൾ പ്രവർത്തിക്കുന്നതടക്കം 24 ക്ലാസ്സുകളുണ്ട്.  മറ്റു അനുബന്ധ സൗകര്യങ്ങൾക്കായി എട്ടു റൂമുകൾ വേറെയും ഉണ്ട്. നിലവിലെ ഹൈസ്കൂളിനും ഇതേ രീതിയിലുള്ള റൂമുകൾ തന്നെയാണ് വേണ്ടതും. കോൺഫറൻസ് ഹാൾ അങ്ങെനെ നിലനിർത്തുകയോ ഭാവിയിൽ അധിക പ്ലസ് വൺ പ്ലസ് ടു ബാച്ച് അനുവദിച്ചാൽ ഉപയോഗിക്കുകയോ ചെയ്യാം.കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക, വഞ്ചിക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധാലുക്കളായിത്തീരുക. ഏത് സാഹചര്യത്തിലും കള്ളം   പറയുന്നതിനും പ്രവർത്തിക്കുന്നതിനും മടിയില്ലാത്തവരും, അതിന് സ്തുതി പാടുന്നവരുമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ. നമുക്ക് ലഭിച്ച വിവരാവകാശ  രേഖകൾ  പ്രകാരം  ഹൈ സ്കൂളിനും യൂപി സ്കൂളിനും മൂന്ന് ഏക്കർ വെവ്വേറെ സ്ഥലങ്ങൾ ഉള്ളപ്പോൾ   ഹൈ സ്കൂളിന് സ്വന്തമായി സ്ഥലം ഇല്ല എന്നാണ് ഉത്തരവാദിത്വപ്പെട്ടവർ കള്ളം പറഞ്ഞത്.പൊതുയോഗ തീരുമാനം അല്ലാത്ത ഒരു കാര്യത്തെ പൊതുയോഗ തീരുമാനമായി അവതരിപ്പിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് .  തിരഞ്ഞെടുക്കപ്പെട്ട യോഗങ്ങളിൽ ധിക്കാരപരമായി സംസാരിക്കുകയും , മര്യാദക്കാണങ്കിൽ കുറച്ചെങ്കിലും ഗ്രൗണ്ട് ഉണ്ടാകും ഇല്ലാ എങ്കിൽ ഒന്നും ഉണ്ടാകില്ല എന്ന ധാർഷ്ട്യം നിറഞ്ഞ വാക്കുകൾ ആണ് ഉത്തരവാദിത്വപ്പെട്ടവരുടെഭാഗത്തു നിന്ന് ഉണ്ടായത്.ആരോടാണ് നമ്മെ നയിക്കേണ്ടവരും നാമമാത്രമായ സ്തുതിപാടകരും മത്സരിക്കുന്നത് ? നമ്മുടെ മാതാ പിതാക്കളും നമ്മളോരോരുത്തരും  ചേർന്ന് കെട്ടി പടുത്ത നമ്മുടെ തന്നെ പാരമ്പര്യ സ്വത്താണ് ഇക്കാണുന്നതെല്ലാം. തന്ത്രപ്പെടുത്തിയും  തെറ്റിദ്ധരിപ്പിച്ചും കാര്യക്കാരായപ്പോൾ നമ്മൾ സാധാരണക്കാർ  പുറത്തായിരിക്കുന്നു. സാധാരണക്കാരായ  ഇടവകക്കാരെ കൂടി ബോധ്യപെടുത്തിയും  വിശ്വാസത്തിൽ എടുത്തും ആയിരിക്കണം  ഇത്തരം സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത് ,അതിനു പകരം എതിരഭിപ്രായം പറയുന്നവരെ സഭാവിരുദ്ധരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ഥാപിത  താല്പര്യക്കാരുടെ ദീർഘ വീക്ഷണമില്ലാത്ത പ്രവർത്തനങ്ങൾ ദോഷകരമായി ബാധിക്കുന്നത്  നമ്മളെ മാത്രമല്ല വരും  തലമുറയെയും കൂടിയാണ്പൊതുസമൂഹത്തെ മുഖവിലക്കെടുക്കാതെ ഒപ്പം നിൽക്കുമെന്ന് ഉറപ്പുള്ള ആളുകളെ കൂട്ടി സമാന്തര ആലോചനായോഗങ്ങളും മറ്റും നടക്കുന്നുഅഭിപ്രായങ്ങളിലെ നല്ലതിനെ സ്വാംശീകരിക്കാനും അല്ലാത്തവ തിരുത്തി കൊടുക്കാനുമാണ് പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. അല്ലാതെ വിരുദ്ധരാക്കി മുദ്രകുത്തി ഒതുക്കാം എന്ന് ആരും വ്യാമോഹിക്കേണ്ട.നിലവിലുള്ള ഗ്രൗണ്ടുകൾ ഒരു തുണ്ടു പോലും നഷ്ടപ്പെടുത്തി പുതിയ സ്കൂൾ പണിയുന്നതിനെതിരെ ഏതറ്റം വരെയും പോകാൻ നമ്മൾ  തയാറാവണം. സ്ഥാനമോഹികളും, കുതികാൽ വെട്ടുകാരും എല്ലായിടത്തും  ഉണ്ട്. അത്തരക്കാർ പല ന്യായങ്ങളും പറഞ്ഞു നിങ്ങളെ സമീപിച്ചേക്കാം. അവരെ അർഹിക്കുന്ന അവജ്ഞയോടെ അകറ്റി നിർത്തുക.കുപ്രചാരണങ്ങളിൽ വഞ്ചിതരായാൽ നമ്മുക്ക് നമ്മുടെ ഭാവി തലമുറയെ എന്നേക്കുമായി നഷ്ടപ്പെടും അതുകൊണ്ട് അഭിപ്രായങ്ങൾ പറയാനും പിന്തുണ നൽകാനും എല്ലാവരുടെയും സഹായങ്ങൾ അഭ്യർത്ഥിക്കുന്നു, പൊതുയോഗങ്ങളിലും  തീരുമാനങ്ങൾ ചർച്ച ചെയ്യുന്ന മറ്റ് വേദികളിലും ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകാൻ അഭ്യർത്ഥിക്കുന്നുഎന്ന് യൂപി  സ്കൂൾ ഗ്രൗണ്ട് സംരക്ഷണ സമിതിക്കുവേണ്ടി.. കൺവീനർhttps://chat.whatsapp.com/BsUFEGUeK26JNBPn16ppNd




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com